രാജ്യത്ത് ദിനം പ്രതി കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന വാർത്തകൾ ആശങ്ക സൃഷ്ടിക്കുമ്പോഴും, ഇടയ്ക്ക് മനസിന് ആശ്വാസം നൽകുന്ന ചില കാഴ്ചകളും വാർത്തകളുമുണ്ട്. അങ്ങനെയൊന്നാണ് ഇന്ന് കാസർഗോട്ടു നിന്നും കാണാനാകുന്നത്.

കോവിഡ്-19 ബാധിച്ച തളങ്കര സ്വദേശി 15 ദിവസം കൊണ്ട് സുഖപ്പെട്ട് വീട്ടിലേക്ക് തിരിച്ചു പോകുന്നത് ആശുപത്രി അധികൃതരും നാട്ടുകാരുമെല്ലാം ആഘോഷിക്കുകയാണ്. ഒരു യുദ്ധം ജയിച്ചു വരുന്ന സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് ആ യുവാവ് ആശുപത്രിയുടെ ഇടനാഴിയിലൂടെ നടന്നു വരുന്നത്. ചുറ്റുമുള്ളവർ സന്തോഷത്തോടെ ചിരിച്ചുകൊണ്ട് കൈയടിക്കുന്നു. ആശാൻ എല്ലാവരേയും നോക്കി കൈവീശി കാണിക്കുന്നുണ്ട്. കഴിഞ്ഞില്ല, ക്ലൈമാക്സിലൊരു മാസ് ഡയലോഗ് കൂടിയുണ്ട്. “അപ്പോ സിസ്റ്ററെ, താങ്ക്സ് ഫോർ എവരിതിങ്,” എന്ന്.

ഇന്നലെ സംസ്ഥാനത്ത് 14 പേർക്ക് രോഗം ഭേദമായെന്ന് മുഖ്യമന്ത്രി അറിയിച്ചു. കണ്ണൂരിൽ അഞ്ച് പേരും കാസർഗോഡ് മൂന്ന് പേരും ഇടുക്കി, കോഴിക്കോട് ജില്ലകളിൽ രണ്ട് പേർക്കു വീതവും പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഓരോരുത്തർക്കുമായിരുന്നു ഇന്നലെ രോഗം ഭേദമായത്.

Read More: ഒടുവിൽ അവർ തന്നെ ജയിച്ചു; വൃദ്ധ ദമ്പതികളും ചികിത്സിച്ച നഴ്സും ആശുപത്രി വിട്ടു

റാന്നിയിലെ വൃദ്ധ ദമ്പതികളും അവരെ ശുശ്രൂഷിച്ച നഴ്സും രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങിയതും ഏറെ സന്തോഷം നൽകുന്ന കാഴ്ചയായിരുന്നു. ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ കോവിഡ് രോഗികൾ രോഗം ഭേദമായി ആശുപത്രി വിട്ടത് ആരോഗ്യമേഖലയ്ക്കും അഭിമാനമായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പത്തനംതിട്ട റാന്നി സ്വദേശികളായ തോമസ് ഏബ്രഹാം (93), മറിയാമ തോമസ് (88) എന്നിവരാണ് ആശുപത്രിവിട്ടത്. വെള്ളിയാഴ്ച വൈകുന്നേരമാണ് ഇവര്‍ വീട്ടിലേക്ക് മടങ്ങിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook