ശ്രീനഗര്‍: ഈ കണ്ണീരിൽ പിടയുകയാണ് സോഷ്യൽ മീഡിയ. ജമ്മു കശ്മീരിലെ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ റാഷിദിന്റെ അഞ്ചു വയസ്സുള്ള മകള്‍ സോറയുടേതാണ് ആ ചിത്രം. അച്ഛന്റെ മൃതദേഹത്തിന് മുന്നില്‍ നിന്ന് പൊട്ടിക്കരയുന്ന മകളുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ വേദനയായി പടരുകയാണ്. തീവ്രവാദി ആക്രണത്തില്‍ കൊല്ലപ്പെട്ട അബ്ദുള്‍ റാഷിദിന് അന്ത്യോമപചാരമര്‍പ്പിക്കുന്ന ചടങ്ങിലാണ് സോറ പൊട്ടിക്കരഞ്ഞത്. ജമ്മു കശ്മീര്‍ പൊലീസാണ് ചിത്രം ട്വീറ്റ് ചെയ്തത്.

‘നിന്റെ കണ്ണുനീര്‍ ഞങ്ങളുടെയെല്ലാം ഹൃദയത്തെ പിടിച്ചു കുലുക്കിയിരിക്കുന്നു. എന്തുകൊണ്ട് ഇത് സംഭവിച്ചുവെന്ന് മനസ്സിലാക്കാനുള്ള പ്രായം നിനക്കായിട്ടില്ല മകളെ’ ചിത്രത്തിനൊപ്പം ജമ്മു പൊലീസ് കുറിച്ചു.

‘ഞങ്ങളെല്ലാവരെയും പോലെ ജമ്മു കശ്മീര്‍ പൊലീസിനെ പ്രതിനിധീകരിക്കുന്ന നിന്റെ അച്ഛന്‍ ധൈര്യത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകമാണ്. സമൂഹത്തിനും രാജ്യത്തിനുമെതിരെ അക്രമം അഴിച്ചുവിടുന്നവര്‍ മനുഷ്യകുലത്തിന്റെ തന്നെ ശത്രുവാണ്’ കശ്മീര്‍ പോലീസ് ഡിഐജി ട്വിറ്ററില്‍ കുറിച്ച പോസ്റ്റില്‍ പറയുന്നു.

തീവ്രവാദികളെന്ന് സംശയിക്കുന്നവർ കഴിഞ്ഞ ദിവസമാണ് അബ്ദുൽ റാഷിദിനെ വെടിവെച്ചത്. ആശുപത്രിയിൽ വെച്ചായിരുന്നു റാഷിദ് മരിച്ചത്. മരിച്ച അന്നു തന്നെയാണ് ചിത്രങ്ങൾക്ക് അടിസ്ഥാനമായ അന്ത്യോപചാരമർപ്പിക്കുന്ന ചടങ്ങ് നടത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ