പലപ്പോഴും അതിക്രൂരമായ ആക്രമണങ്ങളെ വിശേഷിപ്പിക്കാനുപയോഗിക്കുന്ന വാക്കാണത്, മൃഗീയം. എന്നാൽ അപ്പോഴെല്ലാം നമ്മളിലാരെങ്കിലും ഓർത്തുകാണും യഥാർത്ഥത്തിൽ മൃഗങ്ങൾ നമ്മളെക്കാൾ എത്രയോ സ്നേഹമുളളവരെന്ന്.

എത്രയെത്ര മൃഗശാലകൾ നമ്മൾ കണ്ടുകാണും? പാമ്പ് മുതൽ സിംഹം വരെ എത്രയെത്ര മൃഗങ്ങളാണ് അവിടെ അവരുടെ ആവാസ വ്യവസ്ഥകളിൽ നിന്ന് മാറി തടവിലാക്കപ്പെട്ടിരിക്കുന്നത്. അതും ആരുടെ സന്തോഷത്തിന് വേണ്ടി? മനുഷ്യരുടെ അല്ലെ?

അത്തരത്തിൽ വന്യമൃഗങ്ങളെ കാണാൻ പോയവർക്കെല്ലാം അറിയാവുന്ന ഒരു കാര്യമുണ്ട്. അവയുടെ കൂട്ടിനടുത്തേക്ക് പോലും പോകരുത് എന്നത്. ചിലപ്പോൾ ആക്രമിക്കപ്പെട്ടേക്കാം എന്നും. അത്തത്തിൽ അപകടം സംഭവിച്ച സന്ദർഭങ്ങളും ഇല്ലെന്നല്ല.

എന്നാൽ ഇംഗ്ലണ്ടിലെ ഒരു മൃഗശാലയിൽ സംഭവിച്ചത് മറ്റൊന്നാണ്. ഗൊറില്ലകൾക്കായി നിർമ്മിച്ച കൂട്ടിലേക്ക് വീണ കുട്ടിയോട് ആ മൃഗങ്ങൾ കാട്ടിയ സ്നേഹവും കരുതലും കണ്ട് കണ്ണുമിഴിച്ചുപോയി കണ്ടുനിന്നവർ. പെർഫെക്ട് ഫോട്ടോസ് എന്ന ഫെയ്സ്ബുക് പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

അബദ്ധത്തിൽ കൂട്ടിലേക്ക് വീണ കുട്ടിയുടെ അടുത്തേക്ക് ഓടിയെത്തിയ ഗൊറില്ല, അവനെ തൊട്ടുനോക്കുന്നു. എന്നാൽ ഭയന്ന് വിറച്ച് അനങ്ങാതെ കിടന്ന കുട്ടിയ്ക്ക് ജീവനുണ്ടെന്ന് ഗൊറില്ല തിരിച്ചറിയുന്നു. അവന്റെ സമീപത്ത് നിന്നും അൽപ്പം മാറിയിരുന്ന ഗൊറില്ല, കുട്ടിയുടെ ചലനങ്ങൾ നോക്കുന്നു. ഭയം കൊണ്ടാണ് അവൻ എഴുന്നേൽക്കാത്തത് എന്ന് തിരിച്ചറിഞ്ഞ ഉടൻ അത് തന്റെ ഇണയെയും കുട്ടിയെയും കൂട്ടി കൂടിന്റെ മറുഭാഗത്തേക്ക് നീങ്ങുന്നു.

രണ്ടുപേർ കൂട്ടിലേക്ക് ഇറങ്ങി കുട്ടിയെ രക്ഷിക്കുന്ന സമയത്ത് ഗൊറില്ലകൾ ആ പരിസരത്ത് എവിടെയും ഉണ്ടായിരുന്നില്ല. എന്നിട്ടും കുട്ടിയെ രക്ഷിക്കാൻ താഴെയിറങ്ങിയ ഒരാൾ കൈയ്യിലൊരു ചുളളിക്കമ്പ് കരുതിയിരുന്നു. അതും അനുകമ്പയും സ്നേഹവും മാത്രം അറിയുന്ന ആ മൃഗത്തെ ചെറുക്കാൻ!

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook