തെക്കൻ കശ്മീരിലെ ഷോപ്പിയാനിൽ ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടർന്നാണ് രാഷ്ട്രീയ റൈഫിൾസ് യൂണിറ്റിലെ ലാൻസ് നായിക് നാസിർ അഹമ്മദ് വാനിയും സംഘവും എത്തിയത്. ഗ്രാമത്തിലെ ഒരു വീട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു ഭീകരർ. അവരുടെ പക്കൽ ആയുധങ്ങളും ഉണ്ടായിരുന്നു.

ആറു മണിക്കൂർ നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവിൽ ആറുപേരടങ്ങിയ ഭീകര സംഘത്തെ സൈന്യം കൊലപ്പെടുത്തി. ഏറ്റുമുട്ടലിൽ ലാൻസ് നായിക് അഹമ്മദിന് വെടിയേറ്റു. ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. 38 കാരനായ ലാൻസ് നായിക് അഹമ്മദിന് ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. മകന്റെ മരണവിവരം അറിഞ്ഞ് കരയുന്ന പിതാവിനെ ആശ്വസിപ്പിക്കുന്ന സൈനിക ഓഫിസറുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

‘നിങ്ങൾ ഒറ്റയ്ക്കല്ല’ എന്ന അടിക്കുറിപ്പോടെയാണ് ഇന്ത്യൻ സൈന്യമാണ് ഫോട്ടോ ഷെയർ ചെയ്തിരിക്കുന്നത്. നിരവധി പേരാണ് ചിത്രം റീ ട്വീറ്റ് ചെയ്തിരിക്കുന്നത്.

തിങ്കളാഴ്ച ലാൻസ് നായിക് അഹമ്മദിന് അദ്ദേഹത്തിന്റെ ജന്മനാട്ടിൽ ഗ്രാമവാസികൾ കണ്ണീരിൽ കുതിർന്ന യാത്രയയപ്പ് നൽകിയിരുന്നു. ഔദ്യോഗിക ബഹുമതികളോടെയാണ് അദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിച്ചത്. നൂറിലധികം ഗ്രാമവാസികൾ സംസ്കാര ചടങ്ങുകൾക്കെത്തി.

മുൻപ് ഭീകരസംഘടനയിൽ പ്രവർത്തിച്ചിരുന്നയാളാണ് ലാൻസ് നായിക് അഹമ്മദ്. ഭീകര സംഘടനയിൽ ചേർന്ന് കശ്മീരിന്റെ മോചനത്തിനായി പ്രവർത്തിച്ച അഹമ്മദിന് പിന്നീട് ഈ പ്രവർത്തനത്തിൽ യാതൊരു അർത്ഥവുമില്ലെന്ന് ബോധ്യം വന്നു. അദ്ദേഹം ഭീകരവാദ പ്രവർത്തനം അവസാനിപ്പിച്ചു. പൊലീസിന് മുൻപാകെ കീഴടങ്ങിയ നസീർ അഹമ്മദ് വാനി പിന്നീട് ജമ്മു കശ്മീരിൽ സർക്കാരിന്റെ ഭാഗമായ ഇഖ്‌വാൻ ഫോഴ്സിന്റെ ഭാഗമായി.

കശ്മീരിൽ സംഘർഷം നിറഞ്ഞ് നിൽക്കുന്ന കുൽഗാം പ്രവിശ്യയിലെ ചേകി അഷ്‌മുജി ഗ്രാമവാസിയായിരുന്നു നസീർ. 2004 ലാണ് ഇദ്ദേഹം ടെറിട്ടോറിയൽ ആർമിയിൽ 162 ബറ്റാലിയനിൽ ചേരുന്നത്. മികച്ച സേവനത്തിന് 2007 ഓഗസ്റ്റിൽ ധീരതയ്ക്കുളള മെഡൽ സ്വന്തമാക്കിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook