ഡബ്ല്യു.ഡബ്ല്യു.ഇ എന്ന മൂന്നക്ഷരം സ്കൂള്‍ ജീവിതത്തില്‍ കൊണ്ടു നടന്നവരെല്ലാം അണ്ടര്‍ടേക്കറെ അറിയാതിരിക്കില്ല. റെസല്‍മാനിയ 33-ല്‍ റോമന്‍ റെയ്ന്‍സിനോട് തോറ്റതോടെ ‘ഡെഡ്മാന്’ അണ്ടര്‍ടേക്കര്‍ ഇടി മതിയാക്കിയിരുന്നു.
റെസല്മാനിയയിലെ അദ്ദേഹത്തിന്റെ രണ്ടാമത്തെ മാത്രം തോല്‍വിയായിരുന്നു അത്. മുന്‍പ് റെസല്‍മാനിയ 30-ാം പതിപ്പില്‍ ബ്രോക് ലെസ്നറിനോടാണ് അണ്ടര്‍ടേക്കര്‍ തോറ്റിട്ടുള്ളത്. 28 വര്‍ഷം നീണ്ടു നിന്ന റെസ്ലിങ് കരിയറാണ് അണ്ടര്ടേക്കറുടെത്. തുടര്‍ന്ന് 2017ല്‍ അദ്ദേഹം വിരമിച്ചെങ്കിലും വീണ്ടും തിരികെ എത്തി. റെസല്‍മാനിയ 34ല്‍ ജോണ്‍ സിനയോട് മത്സരിച്ചായിരുന്നു അദ്ദേഹത്തിന്റെ തിരിച്ചു വരവ്. പിന്നീട് ഒരുപാട് മത്സരങ്ങളില്‍ അദ്ദേഹം പങ്കെടുത്തു.
1990ല്‍ അരങ്ങേറ്റം കുറിച്ചത് മുതല്‍ റെസ്ലിംഗ് വേദിക്ക് പുറത്തെ പൊതുപരിപാടികളില്‍ അദ്ദേഹം വളരെ വിരളമായി മാത്രമാണ് പങ്കെടുക്കാറുളളത്. എന്നാല്‍ പതിവ് തെറ്റിച്ച് അദ്ദേഹം കഴിഞ്ഞ ദിവസം ഫ്രാങ്ക് ആന്റ് സണ്‍സ് കളക്റ്റിബിള്‍ സമ്മേളനത്തില്‍ പങ്കെടുത്ത് ആരാധകരോട് സംവദിച്ചു.
റിങ്ങിലെ പ്രത്യേകതരം പെരുമാറ്റരീതി സംരക്ഷിക്കാന്‍ വേണ്ടിയാണ് അദ്ദേഹം പൊതുപരിപാടികളില്‍ നിന്ന് മാറി നില്‍ക്കാറുളളത്. മരിച്ച് പോയതിന് ശേഷം തിരികെ വന്ന പോരാളിയായാണ് അദ്ദേഹം റെസ്ലിംഗ് റിങ്ങുകളില്‍ പ്രത്യക്ഷപ്പെടാറുളളത്. ഈയൊരു പ്രത്യേകത നിലനിര്‍ത്താനാണ് അദ്ദേഹം പൊതുപരിപാടികളില്‍ നിന്നും വിട്ടു നില്‍ക്കുന്നത്.
ഫ്രാങ്ക് ആന്റ് സണ്‍സ് സമ്മേളനത്തില്‍ പങ്കെടുത്ത അദ്ദേഹത്തോട് ആരാധകര്‍ കുശലാന്വേഷണവുമായി എത്തി. ഒരു വേള ഒരു ആരാധിക അദ്ദേഹത്തിന് ചുംബനവും നല്കി. പുഞ്ചിരിയാണ് അണ്ടര്‍ടേക്കര്‍ ആരാധികയ്ക്ക് തിരികെ നല്‍കിയത്.