റോഡിലെ നിയമ ലംഘനങ്ങൾക്ക് ഒരു പഞ്ഞവുമില്ലാത്ത നാടാണ് നമ്മുടേത്. ഒന്നോ രണ്ടോ പേർ നിയമം ലംഘിക്കുന്നത് വഴി നൂറു കണക്കിനാളുകൾ റോഡിൽ കുടുങ്ങിക്കിടക്കുന്നത് ഇന്ന് സാധാരണ കഴ്ചയാണ്. അധികമാളുകളും ഇതിനോടൊന്നും പ്രതികരിക്കാതെ പോകാറാണ് പതിവ്. എന്നാൽ ഈ യുവാവിന്റെ പ്രതികരണം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നു.
മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. റോങ് സൈഡിൽ വൺവേ തെറ്റിച്ചു വന്ന ജീപ്പിന്റെ മുന്നിലാണ് യുവാവ് തന്റെ ബൈക്കുമായി ബ്ലോക്കിട്ടത്. ബൈക്ക് മാറ്റുന്നതിനായി ജീപ്പ് മുന്നിലേക്കെടുത്ത് ഭയപ്പെടുത്താനും ശ്രമം നടക്കുന്നുണ്ട്. എന്നാൽ അനങ്ങാതെ പാറ പോലെ ഉറച്ചുനിൽക്കുകയാണ് ഈ യുവാവ്.
സമീപത്തെ വ്യാപാര സമുച്ചയത്തിലെ സിസിടിവി ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. അവിടെയുണ്ടായിരുന്ന മറ്റാരും കാണിക്കാത്ത ധൈര്യമാണ് യുവാവ് കാണിച്ചത്. ജീപ്പിൽ വന്നയാൾ യുവാവിനെ കൈയേറ്റം ചെയ്യുന്നതും മർദ്ദിക്കുന്നതുമെല്ലാം വിഡിയോയിൽ കാണാം. തല്ലിച്ചതക്കപ്പെട്ടിട്ടും മാറാതെ നിന്ന യുവാവിന് മുന്നിൽ ജീപ്പ് ഡ്രൈവർ തോൽക്കുകയായിരുന്നു. അവസാനം ജീപ്പ് പുറകോട്ട് എടുത്താണ് അയാൾ പോയത്. നിയമലംഘകർക്കെതിരെ ഈ യുവാവ് കാണിച്ച മനഃസ്ഥൈര്യം മാതൃകാപരമാണ്.