ലോകം ചുറ്റിക്കറങ്ങുന്നതിനിടയിലാണ് സഞ്ചാരി ഡ്ര്യൂ ബിന്‍സ്കി ഇങ്ങ് കൊച്ചിയില്‍ എത്തുന്നത്. തന്റെ പ്രിയപ്പെട്ട ഇന്ത്യന്‍ ചായ കുടിക്കാന്‍ വേണ്ടിയാണ് ഡ്ര്യൂ ശ്രീ ബാലാജി കോഫീ ഹൗസില്‍ എത്തുന്നത്. അവിടെ ഡ്ര്യൂവിനെ കാത്തിരുന്നത് മറ്റാരുമല്ല, ചായവിറ്റു കിട്ടുന്ന പണം കൊണ്ട് ലോക സഞ്ചാരം നടത്തുന്ന വിജയന് ചേട്ടനും ഭാര്യ മോഹനയുമായിരുന്നു.
എഴുപതിനു മുകളില്‍ പ്രായമുള്ള ഈ ദമ്പതികളുടെ യാത്രയോടുള്ള അടങ്ങാത്ത പ്രണയം ഡ്ര്യൂവിനെ അത്ഭുതപ്പെടുത്തി. വരുമാനത്തില്‍ നിന്നും ഒരു ദിവസം 300 രൂപ എന്ന തോതില്‍ പണം പിടിച്ചുവച്ച് വിജയനും ഭാര്യയും ഇതുവരെ കണ്ടു തീര്‍ത്തത് 23 രാജ്യങ്ങളാണ്.
27 വയസിനുള്ളില്‍ 153 രാജ്യങ്ങള്‍ സഞ്ചരിച്ചു തീര്‍ത്ത ഡ്ര്യൂ ബിന്‍സ്കി എന്ന യുവാവിനെ ഈ ദമ്പതികള്‍ ശരിക്കും ഞെട്ടിച്ചു എന്ന് അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് കണ്ടാല്‍ അറിയാം. ഉടന്‍ തന്നെ വിജയന്റെയും മോഹനയുടേയും യാത്രകളെക്കുറിച്ചുള്ള വീഡിയോയും ഡ്ര്യൂ റെക്കോര്‍ഡ് ചെയ്തു. 50 ലക്ഷത്തിലധികം ആളുകളാണ് ഇതോടകം ആ വീഡിയോ കണ്ടു കഴിഞ്ഞിരിക്കുന്നത്.