scorecardresearch

ഞങ്ങളുടേത് കൂടിയാണ്, ഈ ഭൂമിയും ആകാശവും; തരംഗമായി "സ്ത്രീകളുടെ സ്വന്തം കേരളം"

അടിച്ചമർത്തപ്പെടുകയും അക്രമത്തിനിരയാവുകയും ചെയ്യുന്ന സ്ത്രീകളുടെ അവകാശങ്ങൾക്കായി സമൂഹത്തെ ബോധവൽക്കരിക്കുന്നിതനാണ് ഈ ക്യാംപെയിൻ ശ്രദ്ധ നൽകുന്നത്

അടിച്ചമർത്തപ്പെടുകയും അക്രമത്തിനിരയാവുകയും ചെയ്യുന്ന സ്ത്രീകളുടെ അവകാശങ്ങൾക്കായി സമൂഹത്തെ ബോധവൽക്കരിക്കുന്നിതനാണ് ഈ ക്യാംപെയിൻ ശ്രദ്ധ നൽകുന്നത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
womens on kerala, facebook

ആചാരാഘോഷങ്ങളോടെ ഒരു വനിതാ ദിനം കൂടി ലോകമെന്പാടും ആഘോഷിച്ചു കടന്നുപോയി, സ്ത്രീകളോടുളള സമീപനത്തിൽ കാര്യമായ മാറ്റമൊന്നുമില്ലാതെ തന്നെ. സ്ത്രീകൾക്കു നേരെയുളള അക്രമങ്ങളുടെ കാര്യത്തിൽ വ്യത്യാസമുണ്ടായില്ല​. സ്ത്രീകൾക്കെതിരായ വിവേചനത്തിന്റെ ആക്കം കൂട്ടുന്ന പ്രവർത്തനങ്ങൾ ഓരോ നിമിഷവും വർധിക്കുന്നു എന്നല്ലാതെ കുറയുന്നില്ല.  കുട്ടികൾ മുതൽ വാർദ്ധക്യത്തിലെത്തിയവർ വരെ അക്രമത്തിനിരയാകുന്ന കാലത്തിന് മാറ്റം വരാതെ കഴിയുന്നു. ഇവയെല്ലാം അതിജീവിച്ച് സ്ത്രീകൾ തങ്ങളുടെ ലോകം കണ്ടെത്താൻ ശ്രമിക്കുന്നു. അതിനായി രൂപം കൊണ്ട  സോഷ്യൽ മീഡിയാ മൂവ്മെന്റ്  ചെറിയ കാലം കൊണ്ട് സജീവ ചർച്ചയാകുന്നു.

Advertisment

വനിതാ ദിനത്തിലും അടിച്ചമർത്തപ്പെടുകയും സദാചാര ഗുണ്ടായിസത്തിന് വിധേയരായും സ്ത്രീജീവിതങ്ങൾ കടന്നുപോയ കേരളത്തിൽ പുതിയ കാലം സ്വപ്നം കണ്ട് ഒരു ക്യാപെയിൻ രൂപം കൊണ്ടു. ഭൂമിയും ആകാശവും നക്ഷത്രവും യാത്രയുമെല്ലാം ഞങ്ങളുടേത് കൂടെയാണ് എന്നു പ്രഖ്യാപിക്കുന്ന ആ ക്യാംപെയിൻ ചെറിയ കാലം കൊണ്ട് തന്നെ സോഷ്യൽ മീഡിയായിൽ ശ്രദ്ധേയമായി കഴിഞ്ഞു. സ്ത്രീകളുടെ നേതൃത്വത്തിൽ ആരംഭിച്ച ക്യാംപെയിന് ലിംഗഭേദമില്ലാതെ പിന്തുണ കിട്ടുകയാണ്.

womens on kerala, facebook

സ്വപ്നം കാണലും യാത്ര ചെയ്യലും രാത്രിയും എല്ലാം സ്ത്രീകളിൽ നിന്നും പിടിച്ചെടുക്കപ്പെട്ട സമൂഹമാണ് കേരളമെന്ന യാഥാർത്ഥ്യത്തെ നേരിടുകയാണ് ഈ ക്യാംപെയിൻ. കഴിഞ്ഞ കുറച്ചു കാലമായി കേരളത്തിലെ ഗൗരവതരമായ വിഷയങ്ങളിലേയ്ക്ക് വെളിച്ചം വീശിയത് നവമാധ്യമങ്ങളുടെ ഇടപെടലാണ്. പ്രത്യേകിച്ച് സ്ത്രീകൾക്കു നേരെ നടക്കുന്ന അതിക്രമങ്ങളെ വെളിച്ചത്തു കൊണ്ടുവരികയും ഭരണകൂടങ്ങളെ കൊണ്ട് ആ വിഷയങ്ങളിൽ നടപടിയെടുപ്പിക്കാനും മുഖ്യധാരാമാധ്യമങ്ങളെ വിഷയം ഏറ്റെടുക്കാൻ പ്രേരിപ്പിച്ചതും ഇത്തരം സോഷ്യൽ മീഡിയാ ക്യാംപെയിനുകളായിരുന്നു. സദാചാര ഗുണ്ടായിസത്തിനെതിരായ സമരം മുതൽ ജിഷ മുതൽ മിഷേൽ വരെയുളള​ പെൺകുട്ടികളുമായി ബന്ധപ്പെട്ട സംഭവങ്ങൾ ഇതിന് ഉദാഹരണമാണ്.

womens on kerala, facebook

കൊച്ചി കായലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മിഷേല്‍ എന്ന പെണ്‍കുട്ടിയുടെ മരണം ആത്മഹത്യയാക്കി എഴുതിത്തള്ളാന്‍ ശ്രമിക്കുന്നതിനിടെ നവ മാധ്യമ ഇടപെടലാണ് ഈ കേസില്‍ വീണ്ടും ജീവൻ വയ്പ്പിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ സോഷ്യല്‍ മീഡിയയുമായി ബന്ധപ്പെട്ടു നടത്തുന്ന മുന്നേറ്റങ്ങള്‍ക്കെല്ലാം പ്രധാന്യം വര്‍ധിച്ചുവരികയാണ്.

Advertisment

ഈ മാര്‍ച്ച് എട്ടിന് കൊച്ചിയിലുള്ള ഒരുകൂട്ടമാളുകളുടെ നേതൃത്വത്തില്‍ തുടക്കമിട്ട വിമൻസ് ഓണ്‍ കേരള ( സ്ത്രീകളുടെ സ്വന്തം കേരളം) എന്ന ക്യാംപെയിന്‍ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാവുകയാണ്. എല്ലാ മേഖലകളിലും അദൃശ്യ സാന്നിധ്യമായ സ്ത്രീകള്‍ നേരിടേണ്ടി വരുന്ന വിലക്കുകളും വെല്ലുവിളികളും നേരിടാനുള്ള ഒരു സാമൂഹിക മാറ്റത്തിനു തുടക്കമിടാനുള്ള ആഹ്വാനമാണ് വിമൻസ് ഓണ്‍ കേരള മുന്നോട്ടുവയ്ക്കുന്നത്. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളും പുരുഷന്മാരുമടങ്ങിയ ഒരു കൂട്ടം യുവജനങ്ങളുടെ സാമൂഹിക മാറ്റത്തിനുള്ള ആഹ്വാനമാണ് വിമൻസ് ഓണ്‍ കേരള.

publive-image

വിമൻസ് ഓണ്‍ കേരള എന്ന പേരില്‍ മാര്‍ച്ച് എട്ടിനു തുടങ്ങിയ ഫേസ് ബൂക്ക് പേജ് ഇതിനോടകം തന്നെ ഏറെ ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു. 'ഞങ്ങളുടേത് കൂടിയാണ് ഈ ഭൂമി, ആകാശം, രാത്രികള്‍, നക്ഷത്രങ്ങള്‍ എന്ന മുദ്രാവാക്യവുമായി സ്ത്രീകളും അവരുടേതുകൂടിയാണ് ഈ ഭൂമി, ആകാശം, രാത്രികള്‍, നക്ഷത്രങ്ങള്‍, യാത്രകള്‍ എന്ന പേരില്‍ പുരുഷന്മാരും തങ്ങളുടെ ഫേസ് ബൂക്ക് പേജുകളില്‍ ക്യാംപെയിനെ വരവേറ്റു കഴിഞ്ഞിരിക്കുന്നു. വിമൻസ് ഓണ്‍ കേരള മുന്നേറ്റത്തില്‍ പങ്കാളിയാകാനാഗ്രഹിക്കുന്നവര്‍ തങ്ങളുടെ ചിത്രം വിമൻസ് ഓണ്‍ കേരളയ്ക്ക് ഇ-മെയില്‍ വഴിയോ ഫേസ് ബുക്ക് മെസേജായോ നല്‍കണം. വിമൻസ് ഓണ്‍ കേരള പ്രവര്‍ത്തകര്‍ വിമൻസ് ഓണ്‍ കേരളയുടെ മുദ്രാവാക്യം ആലേഖനം ചെയ്ത പ്രൊഫൈല്‍ പിക്‌ചർ തിരികെ നല്‍കും. ചലച്ചിത്ര താരങ്ങള്‍ ഉൾപ്പെടെ നൂറുകണക്കിന് പേരാണ് തുടക്കമിട്ടു ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ വിമൻസ് ഓണ്‍ കേരള ക്യാംപെയിനെ പിന്തുണച്ച് ഇതിനോടകം തന്നെ രംഗത്തെത്തിയിട്ടുള്ളത്.

womens on kerala, facebook

അനുമോൾ, അഭിജ, വൈഗ, ദീദി ദാമോദരൻ, സിതാര, ശ്രീപാർവതി,​ ഐറിസ്‌മജു എന്നിങ്ങനെ ചലച്ചിത്ര, സാഹിത്യ സാംസ്കാരിക രംഗങ്ങളിലെ സജീവമുഖങ്ങളായവർ ഈ​ ക്യാംപെയിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് സംഘാടകർ പറയുന്നു.

ദൈവത്തിന്റെ സ്വന്തം നാട് എന്ന പേരില്‍ അറിയപ്പെടുന്ന കേരളത്തില്‍ കാലം പുരോഗമിക്കുമ്പോഴും സ്ത്രീകളെ സംബന്ധിച്ചിടത്തോളം വെല്ലുവിളികള്‍ വര്‍ധിച്ചുവരികയാണ്. സ്വതന്ത്രമായി യാത്ര ചെയ്യാനോ പുറത്തിറങ്ങാനോ പോലും പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഇത്തരം കാര്യങ്ങള്‍ക്കെതിരേ പ്രതികരിക്കുന്ന സ്ത്രീകളെ പലപ്പോഴും അവഹേളിക്കുന്നതും മോശം കണ്ണോടെ സമൂഹം വീക്ഷിക്കുന്നതും നിത്യസംഭവമാണ്. ഇതില്‍ നിന്നുള്ള മാറ്റമാണ് വിമൻസ് ഓണ്‍ കേരള മുന്നോട്ടുവയ്ക്കുന്നത്. അവരുടേതു കൂടിയാണ് ലോകമെന്ന് ഓരോ പുരുഷനും പറയുമ്പോള്‍ അതു വരും നാളുകളില്‍ വലിയ സാമൂഹിക മാറ്റത്തിനുള്ള വഴി തുറക്കുമെന്നു വിമൻസ്  ഓണ്‍ കേരള സംഘാടകര്‍ പ്രതീക്ഷിക്കുന്നു.

ബോധവല്‍ക്കരണത്തിലൂന്നിയ ചര്‍ച്ചകളാണ് ഇവര്‍ സമൂഹത്തിനുമുന്നില്‍ ഉയര്‍ത്തുന്നത്. ഇതില്‍ പങ്കാളിയാകുന്ന ഓരോരുത്തരും ഒരു സ്ത്രീയെ എവിടെ വച്ചെങ്കിലും കാണുമ്പോള്‍ ഇവരെന്തിന് ഇവിടെ വന്നു എന്നതിനു പകരം ഇവരുടേതു കൂടിയാണല്ലോ നമ്മുടെ നാട് എന്ന തരത്തില്‍ ചിന്തിക്കാന്‍ തുടങ്ങിയാല്‍ കേരളത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന പല പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്നും വിമൻസ് ഓണ്‍ കേരള സംഘാടകര്‍ തങ്ങളുടെ പ്രതീക്ഷ പങ്കുവെയ്ക്കുന്നു.

womens on kerala, facebook

വിമൻസ് ഓണ്‍ കേരള ക്യാംപെയിന്‍ സാമൂഹിക മാറ്റത്തിനുള്ള ചുവടുവയ്പുകളിലൊന്നാണെന്ന് വിമണ്‍സ് ഓണ്‍ കേരള കൂട്ടായ്മയ്ക്കു നേതൃത്വം നല്‍കുന്നവരിലൊരാളായ ഇന്ദുകൃഷ്ണ പറയുന്നു. ഇതൊരിക്കലും ഒരു പ്രക്ഷോഭമോ സമരത്തിനുള്ള ആഹ്വാനമോ അല്ല. മറിച്ച് സ്ത്രീകളെയും സഹവര്‍ത്തിത്വത്തോടെയും തുല്യതയോടെയും കാണണമെന്നാഗ്രഹിക്കുന്ന ഒരുകൂട്ടം ആളുകളുടെ പരസ്പര ബഹുമാനത്തോടെയുള്ള പ്രവര്‍ത്തനമാണിത്. പുരുഷന്‍മാർക്ക് എപ്പോള്‍ വേണമെങ്കിലും എന്തുവേണമെങ്കിലും ചെയ്യാനാവും. എന്നാല്‍ അദൃശ്യമായ ചില വിലക്കുകളുടെ കെട്ടുപാടുകള്‍ സ്ത്രീകളുടെ ആഗ്രഹങ്ങള്‍ക്കു ചിലപ്പോഴെങ്കിലും അതിര്‍വരമ്പുകള്‍ സൃഷ്ടിക്കുന്നു. വരുംകാലങ്ങളില്‍ ഈ അതിര്‍വരമ്പുകള്‍ ഇല്ലാതാകണമെങ്കില്‍ കൂട്ടായ പരിശ്രമങ്ങള്‍ ആവശ്യമാണ്. ഇതിലേക്കുള്ള വിശാലമായ ചര്‍ച്ചകള്‍ക്കുള്ള വേദി തുറന്നിടുകയാണ് ഞങ്ങള്‍. ചലച്ചിത്ര പ്രവര്‍ത്തകരും എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പടെയുള്ളവര്‍ പിന്തുണയുമായി എത്തുന്നത് വിമൻസ് ഓണ്‍ കേരള എന്ന വിഷയത്തിന് സമകാലിക കേരളത്തില്‍ പ്രധാന്യമുണ്ടെന്നും സ്വാധീനം ചെലുത്താനാവുമെന്നതിനുമുള്ള തെളിവാണ്. ക്യാംപെയിന്റെ അടുത്ത ഘട്ടമായി ഈ വിഷയത്തില്‍ വിശാലമായ ചര്‍ച്ചകള്‍ ഉയര്‍ത്തിക്കൊണ്ടുവരാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്, ഇന്ദുകൃഷ്ണ  പറയുന്നു

publive-image ഇന്ദുകൃഷ്ണ

വിമൻസ് ഓൺ കേരള രചിക്കുന്നത് പുതിയൊരു ഭാഷയാണെന്ന് ഫൊട്ടോഗ്രാഫറും വിമൻസ് ഓണ്‍ കേരളയെ സംഘാടകരിലൊരാളായ അനീഷ് ആൻസ് പറയുന്നു. പുതിയൊരു സംസ്‌കാരത്തിന്റെ ഭാഷയാണ് ഇതു പകര്‍ന്നു നല്‍കുന്നത്. അതുകൊണ്ടുതന്നെയാണ്, ഓരോ പോസ്റ്ററുകളിലും, ഓരോരുത്തരിലൂടെയും ഇത് ആവര്‍ത്തിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നത്. പുതിയ ഈ സംസ്‌കാരത്തിന്റെ ഭാഷയിലെ അക്ഷരങ്ങള്‍ ആവര്‍ത്തിച്ച് ആവര്‍ത്തിച്ചു മനസുകളില്‍ ഉറപ്പിക്കപ്പെടുന്നു. സ്ത്രീകള്‍ക്കു വേണ്ടി, അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പുരുഷന്മാരും കൂടി പങ്കെടുക്കുന്ന ഇത്തരത്തിലുള്ള ഒരു സോഷ്യല്‍ മീഡിയ ക്യാംപെയിന്‍ ഒരു പക്ഷേ ഇത് ആദ്യമായിരിക്കും' അനീഷ് അഭിപ്രായപ്പെടുന്നു.

womens on kerala, facebook

സോഷ്യല്‍ മീഡിയയ്ക്കു സമൂഹത്തില്‍ ഏറെ സ്വാധീനം ചെലുത്താന്‍ കഴിയുന്ന സാഹചര്യത്തില്‍ വിമൻസ് ഓണ്‍ കേരള ക്യാംപെയിന്‍ സമകാലീന മലയാളി സമൂഹത്തില്‍ പുതിയ ചര്‍ച്ചകള്‍ക്കു വഴി തുറക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ലിംഗ നീതിയെന്നത് സമകാലിക സമൂഹത്തില്‍ ഏറെ വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തില്‍ ഇത്തരം ചര്‍ച്ചകള്‍ക്ക് ഏറെ സജീവവും സംവാദാത്മകവുമാകുമെന്ന പ്രതീക്ഷയിലാണ് ഇതിന്റെ പിന്നണി പ്രവർത്തകർ.

Facebook

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: