ലോകത്തിനെന്നും മാതൃകയാണ് കേരളം-വളര്‍ച്ചയിലും തുല്യതയിലും പുരോഗമനവാദത്തിലുമെല്ലാം. ലോകശ്രദ്ധ കേരളത്തിലേക്ക് കൊണ്ട് വന്നിട്ടുള്ളതും ഇവയൊക്കെത്തന്നെ. എന്നാല്‍ കഴിഞ്ഞ വര്‍ഷം, കൃത്യമായി പറഞ്ഞാല്‍ ഫെബ്രുവരി 19ന്, എറണാകുളത്തെ നിരത്തിലോടിയ ഒരു കാറില്‍ തട്ടി കേരളത്തിന്‍റെ ആത്മാഭിമാനങ്ങളെല്ലാം തെറിച്ചു പോയി. അവിടം മുതല്‍ ഇവിടം വരെയുള്ള ഒരു വര്‍ഷത്തില്‍ ലോകം കേരളത്തെ കണ്ടത്, ഇത് വരെ കണ്ടതില്‍ കൂടുതല്‍ അറിഞ്ഞത്, അഞ്ചു പെണ്‍കുട്ടികളിലൂടെയാണ്. സ്വാതന്ത്ര്യത്തിനും അവകാശത്തിനും അതിജീവനത്തിനും വേണ്ടി അവര്‍ ഉയര്‍ത്തിയ ശബ്ദങ്ങളിലൂടെയാണ്.

ഇത് വരെ കേട്ടിട്ടില്ല അങ്ങനെയൊന്നിവിടെ. ആണ്‍ ആധിപത്യത്തിന്‍റെയും അധികാരത്തിന്‍റെയും  കോട്ടകളെ തെല്ലൊന്നുമല്ല ആ ശബ്ദങ്ങള്‍ ഉലച്ചത്‌. അവര്‍ തിരിച്ചടിക്കുകയും ചെയ്തു. അപ്പോള്‍ തെളിഞ്ഞ ബോധ്യത്തോടെ, കുറെയും കൂടി ഉറച്ച ശബ്ദത്തില്‍ ആ പെണ്‍കുട്ടികള്‍ വിളിച്ചു പറഞ്ഞു, ‘കണ്ടോളൂ, ഇതാണ് കേരളം’ എന്ന്.

ഒരടി മുന്നിലേക്ക്‌ വയ്ക്കുമ്പോള്‍ മൂന്നടി പിന്നിലേക്ക്‌ വരുന്ന കേരളത്തിന്‍റെ സ്ത്രീ ചരിത്രത്തിലേക്ക് ഇവര്‍ വച്ച കാല്‍വയ്പ്പുകള്‍ ഇന്നിന്‍റെ പുസ്തകത്തില്‍ എങ്ങനെ വായിക്കപ്പെട്ടാലും, കാലമേറുമ്പോള്‍ അവ പതിഞ്ഞമരുമെന്ന്‌ തീര്‍ച്ച.

ഹാദിയ, റിമ, പാര്‍വ്വതി, പ്രിയ, ജിലു – അണഞ്ഞു കിടന്ന വഴി വിളക്കുകള്‍ തെളിച്ചവര്‍.

ഹാദിയ

‘സ്വാതന്ത്ര്യം എന്‍റെ ജന്മാവകാശമാണ്,’ എന്ന് ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തിനു നേരെ വിളിച്ചു പറഞ്ഞ ബാലഗംഗാധര തിലകിന്‍റെ സ്വതന്ത്ര ഇന്ത്യയില്‍ ‘എനിക്കു സ്വാതന്ത്ര്യം വേണം.’ എന്നൊരു പെണ്‍ശബ്ദം ഉയര്‍ന്നു. അതും രാജ്യത്തെ പരമോന്നത നീതിപീഠത്തിനു മുന്നില്‍. വീട്ടുതടങ്കലിലാക്കപ്പെട്ട ഹാദിയ എന്ന യുവതിയാണ് തന്‍റെ ഉറച്ച നിലപാട് ഉറക്കെ വിളിച്ചു പറഞ്ഞത്. ‘എന്‍റെ വിശ്വാസമനുസരിച്ച് ജീവിക്കാനും, പഠനം തുടരാനും അനുവദിക്കണം. എനിക്ക് നല്ലൊരു ഡോക്ടറാകണം, നല്ലൊരു പൗരയാകണം, വീട്ടുകാരുടെ പീഡനങ്ങള്‍ സഹിക്കാന്‍ ഇനി വയ്യ, എന്നെ എന്‍റെ ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ അനുവദിക്കണം,’ ഹാദിയയുടെ ഈ വാക്കുകളാണ് രാജ്യം അടുത്ത കാലത്ത് കേട്ട ഏറ്റവും ശക്തമായ വാക്കുകള്‍.

സ്വന്തം ഇഷ്ടം പ്രകാരം ഇസ്ലാം മതം സ്വീകരിച്ച ഹാദിയയാകുകയും പിന്നീട് മാട്രിമോണിയല്‍ സൈറ്റിലൂടെ ഷെഫിന്‍ ജഹാന്‍ എന്ന യുവാവിനെ വിവാഹം കഴിക്കുയും ചെയ്ത യുവതി ഉയര്‍ത്തിയ വിഷയത്തെ ‘ലൗ ജിഹാദ്’ എന്നാരോപിച്ചാണ് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തത്.

കോട്ടയം ജില്ലയിലെ വൈക്കത്ത് ഹിന്ദു കുടുംബത്തില്‍ ജനിച്ച അഖില എന്ന വൈദ്യശാസ്ത്ര വിദ്യാര്‍ത്ഥി ഹാദിയയായി മാറിയതാണ് തുടക്കം. സേലത്ത് ഹോമിയോ ഡോക്ടറാകാന്‍ പഠിക്കുകയായിരുന്നു അഖില. അവിടെ വച്ച് ഇസ്ലാംമതത്തെക്കുറിച്ച് കൂടുതല്‍ അറിയുകയും അതില്‍ ആകൃഷ്ടയാകുകയും ചെയ്ത അഖില മതം മാറി ഹാദിയയായി.

Read More: അഖിലയിൽ നിന്നും ഹാദിയയിലേയ്ക്കുളള യാത്ര

ഇത് അംഗീകരിക്കാന്‍ കഴിയാത്ത മാതാപിതാക്കള്‍ കോടതിയെ സമീപിച്ചു, എന്നാല്‍ സ്വന്തം ഇഷ്ടപ്രകാരമാണ് താന്‍ മതം മാറിയതെന്ന് ഹാദിയ കോടതിയെ അറിയിച്ചു. അതിനിടെ 2016 ഡിസംബര്‍ 19ന് ഷെഫിന്‍ ജഹാനുമായുള്ള വിവാഹം നടന്നു. വിവാഹം അംഗീകരിക്കാത്ത ഹൈക്കോടതി ഹാദിയയെ തിരിച്ച് ഹോസ്റ്റലിലേക്കയച്ചു, പിന്നീട് ഷെഫിനുമായുള്ള വിവാഹം കോടതി റദ്ദാക്കി, ഹാദിയയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. ഇതിനെതിരെ ഷെഫിന്‍ സുപ്രീംകോടതിയെ സമീപിച്ചു. ഷെഫിന് ഐസിസുമായി ബന്ധമുണ്ടെന്നും, ഹാദിയയെ സിറിയയിലേക്കു കടത്താന്‍ ശ്രമിക്കുന്നുവെന്നും വീട്ടുകാര്‍ ആരോപണങ്ങള്‍ ഉന്നയിച്ചു. എന്നാല്‍ എന്‍റെ വിശ്വാസം എന്‍റെ സ്വാതന്ത്ര്യമാണെന്ന് ആ പെണ്‍ശബ്ദം ഉറക്കെ പ്രഖ്യാപിച്ചു. പ്രായപൂര്‍ത്തിയായ ആ പെണ്‍കുട്ടി സുപ്രീംകോടതിയില്‍ പറഞ്ഞ വാക്കുകളാണ്, ‘എനിക്കു സ്വാതന്ത്ര്യം വേണം,’ പൗരന് ഭരണകൂടം ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ അപ്പാടെ ലംഘിക്കപ്പെട്ട ഒരു സ്ത്രീയുടെ ഏറ്റവും ശക്തമായ വാക്കുകള്‍.

സ്വാതന്ത്ര്യം, സമത്വം, മതനിരപേക്ഷത എന്നിവയെ ഉയര്‍ത്തിപ്പിടിക്കുന്നുവെന്ന് അവകാശപ്പെടുന്ന രാജ്യത്തിന് മുന്നില്‍ ഹാദിയ ഒരു ചോദ്യച്ചിഹ്ന്‌നമായിരുന്നു. ഇഷ്ടമുള്ള മതം സ്വീകരിക്കാനുള്ള എന്‍റെ സ്വാതന്ത്ര്യമെവിടെ?, ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാനുള്ള എന്‍റെ സ്വാതന്ത്ര്യമെവിടെ?

ഇതര മതരവിവാഹങ്ങള്‍ കോടതി കയറുന്ന കാലത്തുതന്നെയാണ് തൃപ്പൂണിത്തുറ യോഗാകേന്ദ്രത്തില്‍, അഹിന്ദുക്കളായ പുരുഷന്മാരെ വിവാഹം ചെയ്ത സ്ത്രീകളെ നിര്‍ബന്ധിച്ച് ബന്ധം അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം ഉയര്‍ന്നത്.

റിന്റോ എന്ന ക്രിസ്ത്യന്‍ യുവാവിനെ വിവാഹം ചെയ്ത ശ്വേത എന്ന ഹിന്ദുമതവിഭാഗത്തില്‍ ജനിച്ചു വളര്‍ന്ന പെണ്‍കുട്ടിയെ യോഗാകേന്ദ്രത്തിലെത്തിച്ച പരാതിക്കു ശേഷം സമാനരീതിയിലുള്ള പീഡനങ്ങള്‍ നേരിട്ടതായി ആരോപിച്ച് നാലു സ്ത്രീകള്‍ കൂടി രംഗത്തെത്തി. ഇതും ദേശീയമാധ്യമങ്ങളില്‍ വാര്‍ത്തായായി.

പാര്‍വ്വതി

ഏറിയും കുറഞ്ഞും മലയാള സിനിമ എല്ലാകാലത്തും സ്ത്രീവിരുദ്ധതയ്ക്കു കൈയ്യടിച്ചിട്ടുണ്ട് എന്നതില്‍ സംശയമില്ല. മലയാള സിനിമാ മേഖലയിലെ പുരുഷാധിപത്യ മനോഭാവം പ്രതിക്കൂട്ടില്‍ ചോദ്യം ചെയ്യപ്പെട്ടതിനു കൂടി പോയകാലം സാക്ഷ്യം വഹിച്ചു. അതിന്‍റെ അലകള്‍ ഇപ്പോളും ഉയര്‍ന്നു കേള്‍ക്കാം. തിരുവനന്തപുരത്തു നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ഓപ്പണ്‍ ഫോറത്തില്‍ മമ്മൂട്ടി ചിത്രം ‘കസബ’യിലെ സ്ത്രീവിരുദ്ധത ചൂണ്ടിക്കാട്ടി നടി പാര്‍വ്വതി പറഞ്ഞത് ‘ഇത്തരം നായകത്വം നമുക്ക് വേണ്ട,’ എന്നായിരുന്നു. മുന്‍കാലങ്ങളില്‍ ആരും പറയാതിരുന്ന, മലയാള സിനിമാ ചരിത്രം വരും കാലങ്ങളില്‍ ഓര്‍ത്തുവയ്‌ക്കേണ്ട ഒരു പ്രസ്താവനയായിരുന്നു പാര്‍വ്വതിയുടേത്.

Read More: മീശ താഴ്ന്നു പോകാതിരിക്കാന്‍ പിരിച്ചു പിരിച്ചു കയറ്റുന്നവര്‍

എന്നാല്‍ സൂപ്പര്‍സ്റ്റാറിനെ വിമര്‍ശിച്ചുവെന്ന പേരില്‍ പിന്നീടങ്ങോട്ട് പാര്‍വ്വതി നേരിടേണ്ടവന്നത് അതിക്രൂരമായ സൈബര്‍ ആക്രമണമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ‘ആരാധകര്‍’ കൂട്ടം ചേര്‍ന്ന് പാര്‍വ്വതിയെ ആക്രമിച്ചു. പാര്‍വ്വതി വിമര്‍ശിച്ചത് മമ്മൂട്ടിയെ ആയിരുന്നില്ല.

ഒരു സന്ദര്‍ഭത്തെ സിനിമയില്‍ ന്യായീകരിച്ചും മഹത്വവല്‍ക്കരിച്ചും ആണോ ചിത്രീകരിച്ചിരിക്കുന്നത്, അതോ സാമൂഹ്യ യാഥാര്‍ത്ഥ്യം എന്ന വസ്തുനിഷ്ടമായ നിലയില്‍ മാത്രമാണോ എന്നും കൂടി നാം നോക്കേണ്ടതുണ്ട് എന്നാണവര്‍ ചൂണ്ടിക്കാണിച്ചത്.

തങ്ങളുടെ സൃഷ്ടികളെ സംബന്ധിച്ച് സംവിധായകരും എഴുത്തുകാരും അഭിനേതാക്കളും എല്ലാം, ഉത്തരവാദിത്തം ഉള്ളവരായിരിക്കണം എന്നാണ് അവര്‍ ഓര്‍മ്മിപ്പിച്ചത്. ഇതിന്‍റെ പേരില്‍ സിനിമയില്‍ നിന്നുള്‍പ്പെടെ പാര്‍വ്വതി വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു. അവരുടെ സിനിമകള്‍ കാണില്ലെന്നു ചിലര്‍ പറഞ്ഞു. അതിനെ പരാജയപ്പെടുത്താന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് ആരാധകര്‍ എന്നു വിളിക്കുന്ന കൂപമണ്ഡൂകങ്ങള്‍ പ്രഖ്യാപിച്ചു. പാര്‍വ്വതിക്കെതിരെ ബലാത്സംഗ ഭീഷണികള്‍ വരെ ഇക്കൂട്ടര്‍ മുഴക്കി. ഇതിനെ നിയമപരമായി നേരിട്ട പാര്‍വ്വതി ഈ ഉമ്മാക്കിയിലൊന്നും താന്‍ പേടിക്കില്ലെന്നും പറയാനുള്ള കാര്യങ്ങള്‍ ആരെയും ഭയക്കാതെ തലയുയര്‍ത്തിപ്പിടിച്ച് ഇനിയും പറയുമെന്നും പ്രതികരിച്ചു. കേരളത്തിനകത്തും പുറത്തും പാര്‍വ്വതി വാര്‍ത്താ തലക്കെട്ടുകളില്‍ നിറഞ്ഞു.

റിമാ കല്ലിങ്കല്‍

ദൈനംദിന ജീവിതത്തിലെ ഏറ്റവും നിസാരമെന്നു കരുതുന്ന ഒരു ഉദാഹരണത്തിലൂടെയാണ് പെണ്‍കുട്ടികള്‍ സ്വന്തം വീടുകളില്‍ ചെറുപ്പം മുതല്‍ അനുഭവിക്കുന്ന വിവേചനത്തെക്കുറിച്ച് നടി റിമാ കല്ലിങ്കലിന്‍റെ തുറന്നുപറച്ചില്‍. താന്‍ എങ്ങനെയൊരു ഫെമിനിസ്റ്റായി എന്നത്   ടെഡ് ടോക്ക് വേദിയില്‍ വച്ച് റിമ പറഞ്ഞത് കുഞ്ഞായിരിക്കുമ്പോള്‍ തനിക്കു നിഷേധിക്കപ്പെട്ട, തന്‍റെ സഹോദരന്‍റെ പാത്രത്തിലേക്കു വിളമ്പിയ ഒരു കഷ്ണം മീന്‍ വറുത്തതിലൂടെയാണ്.

തീന്‍ മേശയില്‍ പോലും പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന മാറ്റിനിര്‍ത്തലുകളെക്കുറിച്ചാണ് റിമ പറഞ്ഞതെന്ന് കേട്ടവര്‍ക്കെല്ലാം മനസ്സിലായെങ്കിലും ചര്‍ച്ചകള്‍ പോയത് മറ്റൊരു വഴിക്കായിരുന്നു. പൊരിച്ച മീന്‍ കിട്ടാതെ ഫെമിനിസ്റ്റായ റിമാ കല്ലിങ്കല്‍ എന്നു പരിഹസിച്ച് റിമയ്‌ക്കെതിരെ ട്രോളുകളുടെ പെരുമഴയായിരുന്നു.

പണ്ടു കഴിച്ച, കഴിച്ചുകൊണ്ടിരിക്കുന്ന മീനിന്‍റെയെല്ലാം മുള്ള് കൃത്യമായി കൊള്ളേണ്ടിടത്തു തന്നെ കൊണ്ടു എന്നതിന്‍റെ തെളിവായിരുന്നു റിമയ്‌ക്കെതിരെയുള്ള ഓരോ പരിഹാസങ്ങളും. ചുരുക്കത്തില്‍ പറഞ്ഞാല്‍ ‘മുള്ളുകൊള്ളാത്തവരില്ല പുരുക്കളില്‍’ എന്ന് കവിവാക്യം മാറ്റിയെഴുതേണ്ട അവസ്ഥയിലായി.

ഇത്രയും കാലം തങ്ങള്‍ അനുഭവിച്ചു പോന്നിരുന്ന, ആസ്വദിച്ചുകൊണ്ടിരുന്ന പ്രിവിലേജുകള്‍ ചോദ്യം ചെയ്യപ്പെടുമ്പോള്‍, ആ പ്രിവിലേജുകളെ വിട്ടുകൊടുക്കേണ്ടി വരുമോ എന്ന പേടിയില്‍ മലയാളി പേറുന്ന പുരുഷാധിപത്യ ബോധം വിറളി പിടിക്കുന്ന കാഴ്ചയായിരുന്നു സോഷ്യല്‍ മീഡിയയിലാകമാനം.

പ്രിയാ വാര്യര്‍

ഒന്നു കണ്ണടച്ചു തുറക്കുന്നതിനിടെയാണ് പ്രിയ പ്രകാശ് വാര്യര്‍ എന്ന പെണ്‍കുട്ടിയുടെ ജീവിതം മാറി മറിഞ്ഞതും, പ്രിയയെ ലോകം താരമാക്കിയതും. ഒമര്‍ ലുലു സംവിധാനം ചെയ്ത ‘ഒരു അഡാര്‍ ലവ്’ എന്ന ചിത്രത്തിലെ ‘മാണിക്യ മലരായ പൂവി’ എന്ന ഗാനരംഗത്തെ പ്രിയയുടെ കണ്ണിറുക്കലാണ് ഈ പുതുമുഖനായികയെ താരമാക്കിയത്. ലോകം മുഴുവന്‍ പ്രിയയുടെ ഈ കണ്ണിറുക്കല്‍ ഏറ്റെടുത്തു. ഒടുവില്‍ ഓസ്‌കാറിന്‍റെ ബാക്ക്‌സ്‌റ്റേജ് വരെ ഇതെത്തി.

ഇന്ത്യന്‍ സിനിമയിലെ എണ്ണം പറഞ്ഞ പല പ്രതിഭകളും പ്രിയയെ അഭിനന്ദിച്ച് രംഗത്തെത്തി. സോഷ്യല്‍ മീഡിയയിലും പ്രിയ താരമായി. ദേശീയ മാധ്യമങ്ങള്‍ പ്രിയയുടെ അഭിമുഖത്തിന് കാത്തു നിന്നു.

Read More: പ്രണയിച്ചിട്ടില്ല, ഇഷ്ടം ദുൽഖറിനോട്; മനസ്സു തുറന്ന് പ്രിയ വാര്യർ

എന്നാല്‍ ചിത്രത്തിലെ ഗാനരംഗം ഇസ്ലാമിനെ അപമാനിക്കുന്നതാണെന്നു പറഞ്ഞുകൊണ്ട് ഹൈദരാബാദിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍ ചിത്രത്തിനെതിരെയും പ്രിയയ്‌ക്കെതിരെയും കോടതിയെ സമീപിച്ചു. അതേസമയം, തങ്ങളുടെ ആവിഷ്‌കാരസ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നതാണ് ഈ കേസ് എന്നാരോപിച്ച് പ്രിയ സുപ്രീംകോടതിയെ സമീപിച്ചു. ഇത് വീണ്ടും പ്രിയാ വാര്യരെ വാര്‍ത്തകളില്‍ നിറച്ചു. പ്രിയ പാടുന്നതും ആടുന്നതും ഹോളി ആഘോഷിക്കുന്നതും വരെ വാര്‍ത്തകളായി.

സൂപ്പര്‍താരങ്ങള്‍ അരങ്ങുവാഴുന്ന മലയാള സിനിമാ മേഖലയില്‍, ഒരു കൊച്ചുപെണ്‍കുട്ടി വന്ന് കൂളായി കണ്ണിറുക്കി കാണിച്ച് ലക്ഷക്കണക്കിന് ആരാധകരെ സമ്പാദിച്ചു.

യങ് സൂപ്പര്‍സ്റ്റാര്‍ ദുല്‍ഖറിനെയും കടത്തിവെട്ടി ഇന്‍സ്റ്റാഗ്രാമിലും ട്വിറ്ററിലും പ്രിയയ്ക്ക് ഫോളോവേഴ്‌സിന്‍റെ എണ്ണം നിറഞ്ഞു. അഭിനയത്തിന്‍റെ ഒരു നിമിഷമാണ് പ്രിയയെ താരമാക്കിയത്.

ജിലു ജോസഫ്

തൊഴില്‍, മൊറാലിറ്റി, മെറിറ്റ്, മാര്‍ക്കറ്റിങ് എന്നിവയെ കൂട്ടിവായിച്ചുകൊണ്ടൊരു ചര്‍ച്ചയ്ക്കാണ് പോയവാരം ജിലു ജോസഫ് എന്ന മോഡല്‍ മുലയൂട്ടിയത്. ‘കേരളത്തോട് അമ്മമാര്‍, തുറിച്ചു നോക്കരുത് ഞങ്ങള്‍ക്കു മുലയൂട്ടണം’ എന്ന തലക്കെട്ടോടെ പുറത്തിറങ്ങിയ ‘ഗൃഹലക്ഷ്മി’യുടെ കവര്‍ ചിത്രത്തിലായിരുന്നു ജിലു ജോസഫ് എന്ന കുമളിക്കാരി മോഡല്‍ ആയത്. തുടക്കത്തിലെ മുറുമുറുപ്പുകള്‍ പിന്നീട് വലിയ ചര്‍ച്ചകളും വിവാദങ്ങളുമായി മാറി ജിലു ജോസഫിന്‍റെ ഒറ്റ പ്രസ്താവനയോടെ, ‘ഞാന്‍ വിവാഹിതയല്ല, അമ്മയുമല്ല’ എന്നു ജിലു പറഞ്ഞതോടെ അടക്കിപ്പിടിച്ചതൊക്കെ പൊട്ടിച്ച് മല്ലൂസ് ഉണര്‍ന്നു. മാറിടം തുറന്നുകാട്ടരുതായിരുന്നു എന്ന് നേരിട്ടു പറയാനുള്ള ചമ്മലുകൊണ്ടാകാം, ഇങ്ങനെയല്ല കുഞ്ഞിനെ മുലയൂട്ടുക, കുഞ്ഞിന്‍റെ അവകാശത്തെ ലംഘിച്ചു തുടങ്ങി നിരവധി ആരോപണങ്ങളായിരുന്നു പിന്നീടങ്ങോട്ട്. മാസികയ്ക്കും മോഡലിനുമെതിരെ കേസ് കൊടുക്കാന്‍ വരെ ആളുണ്ടായി.

1970ല്‍ പുറത്തിറങ്ങിയ സെക്ഷ്വല്‍ പൊളിറ്റിക്‌സ് എന്ന പുസ്തകത്തിലൂടെ ‘എന്‍റെ ശരീരം എന്‍റെ സ്വാതന്ത്ര്യമാണ്’ എന്ന കേറ്റ് മിലെറ്റിന്‍റെ സൈദ്ധാന്തികയെയാണ് ജിലു തന്‍റെ പ്രായോഗികതയുമായി കൂട്ടിച്ചേര്‍ത്തത്. ഞാനെന്‍റെ ശരീരത്തെക്കുറിച്ച് അഭിമാനിക്കുന്നുവെന്നും എന്‍റെ ശരീരത്തിനു മേല്‍ എനിക്കുമാത്രമാണ് അവകാശമെന്നുമായിരുന്നു വിമര്‍ശകര്‍ക്ക് ജിലു നല്‍കിയ മറുപടി. മോഡലിംഗ് എന്ന തൊഴിലിലൂടെ തന്‍റെ ശരീരത്തെയാണ് ജിലു ഈ ക്യാംപെയിനിന്‍റെ ആയുധമാക്കിയത്.

Read More: കുനിയുമ്പോള്‍ മാറത്ത് കൈവച്ചില്ലെങ്കില്‍ കുലസ്ത്രീയല്ലെന്നു പറയുന്ന നാടാണ് നമ്മുടേത്: ജിലു ജോസഫ്‌

ഇവിടെ ഏറ്റവും വലിയ തമാശയെന്തെന്നാല്‍, മുലയൂട്ടലിനെക്കുറിച്ച് ഏറ്റവും ആധികാരികമായി സംസാരിച്ചതും, പൊതു ഇടങ്ങളില്‍ വച്ച് മുലയൂട്ടുന്ന സ്ത്രീകള്‍ യാതൊരുവിധ തുറിച്ചുനോട്ടങ്ങളെയും നേരിടാറില്ലെന്നു പറഞ്ഞതും ഭൂരിഭാഗവും പുരുഷന്മാരായിരുന്നു എന്നതാണ്. അല്ലെങ്കിലും സ്ത്രീകളുടെ പ്രശ്‌നങ്ങളില്‍ എക്കാലവും ആധികാരികത ഇവിടുത്തെ പുരുഷ സമൂഹത്തിനു തന്നെയാണല്ലോ. കേരളവും കടന്ന് ദേശീയ മാധ്യമങ്ങളും ലോകമാധ്യമങ്ങളും ജിലു ഉന്നയിച്ച വാദങ്ങള്‍ ചര്‍ച്ച ചെയ്തു.

മുലയൂട്ടല്‍: – അറിഞ്ഞിരിക്കേണ്ട വസ്തുതകള്‍ എന്ന തലക്കെട്ടോടെ എ.ബി ബിജു ഫെയ്‌സ്ബുക്കില്‍ കുറിച്ച പോസ്റ്റും ഒപ്പം തന്‍റെ പങ്കാളി കുഞ്ഞിനു മുലയൂട്ടുന്ന ചിത്രവുമാണ് ഈ ചര്‍ച്ചകള്‍ക്കെല്ലാം തുടക്കമിട്ടത്. ഈ ചിത്രത്തിനു നേരെയും സദാചാര ആക്രമണങ്ങള്‍ നടന്നിരുന്നു.

ജിലുവിനെതിരായ ആരോപണങ്ങള്‍ ഭൂരിപക്ഷവും തുറന്നു കാണിച്ചത് ഉള്ളു പൊള്ളയായ മലയാളിയെയാണ്. സ്ത്രീയുടെ സ്വകാര്യതയേയും, അവകാശത്തേയും കുറിച്ചുള്ള ചര്‍ച്ചകള്‍ ഉരുത്തിരിയുമ്പോഴെല്ലാം, സംഭവിക്കുന്ന അസ്വസ്ഥകള്‍ തന്നെയാണ് ഇവിടെയും മലയാളി പൊതുബോധം പ്രകടിപ്പിച്ചത്. ചര്‍ച്ച വഴിതിരിഞ്ഞു പോയെങ്കിലും മധ്യവര്‍ഗ മലയാളിയുടെ, ജാതി മലയാളിയുടെ ഉള്ളിലെവിടെയോ ചിന്തയുടെ ഒരു കനലിടാന്‍ ഈ ചിത്രത്തിനായി.

‘Each time a woman stands up for herself, without knowing it possibly, without claiming it, she stands up for all women’ എന്ന മായ എയ്ഞ്ചലോയുടെ ഈ വാക്കുകളുടെ പ്രസക്തി ഇവിടെയാണ്. ആണധികാരങ്ങളുടെ പ്രഭവ കേന്ദ്രങ്ങളില്‍ ഈ പെണ്‍ശബ്ദങ്ങള്‍ സൃഷ്ടിച്ചത് അവസാനിക്കാത്ത തുടര്‍ ചലനങ്ങളാണ്.

#PressforProgress
#InternationalWomensDay
#IWD2018

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook