മലയാളികൾക്ക് ഒരിക്കലും മറക്കാനാകാത്ത ചിത്രവും കഥാപാത്രവുമാണ് മണിച്ചിത്രത്താഴും അതിലെ നാഗവല്ലിയും. ചിത്രം പുറത്തിറങ്ങി നാളുകൾ കഴിഞ്ഞെങ്കിലും ഇന്നും സിനിമാസ്വാദകരുടെ മനസ്സിൽ മണിച്ചിത്രത്താഴും അതിലെ കഥാപാത്രങ്ങളും നിലനിൽക്കുന്നു. ചിത്രത്തിലെ പല കഥാപാത്രങ്ങളുടെയും പേരുകളും യഥാർത്ഥ ജീവിത്തിൽ പലരും പരസ്‌പരം വിളിക്കാറുണ്ട്. ഉദാഹരണത്തിന് മുടി അഴിച്ചിട്ട് നടന്നാൽ, നീയാര് നാഗവല്ലിയാണോ എന്ന ചോദ്യമായിരിക്കും ഉയരുന്നത്. എന്തിന് കുട്ടികളുടെ ഫാൻസി ഡ്രെസ് മത്സരത്തിൽ വരെ പലരും നാഗവല്ലിയായി തിളങ്ങാറുണ്ട്.
ഇത്തരത്തിൽ നാഗവല്ലിയായി വേഷം ധരിച്ചെത്തിയ സ്ത്രീയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നൊയ്‌ഡയിലെ മെട്രൊ ട്രെയിനിൽ യാത്രക്കാരെ പ്രാങ്ക് ചെയ്യാനായെത്തിയാണ് ഈ നാഗവല്ലി. പേടിപ്പെടുത്തുന്ന രീതിയിലുള്ള ആക്ഷനുകളും ഒച്ചയുമെടുത്ത് ആളുകൾക്കിടയിലേക്ക് നടന്നു നീങ്ങുന്ന സ്ത്രീയെ വീഡിയോയിൽ കാണാം.
ചിലർ പേടിച്ചിരിക്കുമ്പോൾ മറ്റു ചിലർ ഇത് തങ്ങളെ ബാധിക്കുന്നേയില്ലെന്ന ഭാവത്തിലിരിക്കുകയാണ്. മെട്രോയിൽ പാട്ട് കേട്ടിരുന്ന ഒരു യുവാവിന്റെ അടുത്തേക്ക് ചെന്ന് അയാളുടെ തോളത്ത് ഈ സ്ത്രീ അടിക്കുന്നത് വീഡിയോയിൽ കാണാനാകും.
എന്തായാലും യാത്രക്കാർ പോലീസിൽ ഇതിനെതിരെ പരാതി കൊടുത്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങൾ ഉയരുന്നു. ഫാസിലിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രമാണ് മണിച്ചിത്രത്താഴ്. ശോഭന, മോഹൻലാൽ, സുരേഷ് ഗോപി എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം വിവിധ ഭാഷകളിലേക്ക് റീമേക്ക് ചെയ്‌തിട്ടുണ്ട്.