വീട്ടിൽ സ്നേഹനിധികളായ മനുഷ്യർ പോലും വണ്ടിയുമായി റോഡിലിറങ്ങിയാൽ അങ്ങേയറ്റം സ്വാർത്ഥരാകുന്ന കാഴ്ച കേരളത്തിൽ സുപരിചിതമാണ്. മോട്ടോർ വാഹന നിയമങ്ങൾ കാറ്റിൽ പറത്തി നിരത്തിലൂടെ ചീറിപ്പാഞ്ഞ് പോകുന്ന വാഹനങ്ങൾ നിത്യേന നാം കാണാറുണ്ട്. ഇങ്ങനെ നിയമം തെറ്റിച്ച വാഹനത്തിന് എട്ടിന്റെ പണി കൊടുത്ത ഒരു യുവതിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം.
റോങ് സൈഡ് കയറി വന്ന കെഎസ്ആർടിസി ബസിന് വഴി മാറിക്കൊടുക്കാതെ സ്കൂട്ടർ നിർത്തിയിട്ടായിരുന്നു യുവതിയുടെ പ്രതിഷേധം. വലതുവശത്തു കൂടി പോകേണ്ടിയിരുന്ന ബസ് ഇടതു വശം ചേർന്നാണ് വന്നത്. എന്നാൽ യുവതി സ്കൂട്ടർ മാറ്റാൻ തയ്യാറായില്ല. ഒടുവിൽ ഡ്രൈവർ വാഹനം ശരിയായ ദിശയിലേക്ക് എടുത്ത് പോകുകയായിരുന്നു.
Read Here: ഞാന്‍ പെട്ടുപോയതാണ്; ‘തടഞ്ഞ’സംഭവത്തിൽ വീണ്ടും ട്വിസ്റ്റ്
ഇതിന്റെ വീഡിയോ നടൻ ഉണ്ണി മുകുന്ദൻ തന്റെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ചിട്ടുണ്ട്. ‘കയ്യടിക്കെടാ’ എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പങ്കുവച്ചത്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ ലൈക്കുകളും കമന്റുകളുമായി എത്തിയിട്ടുള്ളത്. ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഗതാഗതക്കുരുക്കിൽ വലയുന്ന നിരവധി പേരാണ് പെൺകുട്ടിക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുള്ളത്. അതേസമയം യുവതി ചെയ്തത് ശരിയായില്ല, വഴി മാറ്റിക്കൊടുക്കണമായിരുന്നു എന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്.