മധ്യപ്രദേശിലെ ജമ്പൽപൂരിലൂടെ ഒഴുകുന്ന നർമദ നദിയ്ക്കു മുകളിലൂടെ നടന്നു നീങ്ങുന്ന സ്ത്രീയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഈ ദൃശ്യങ്ങൾ കണ്ടതും പരിസരവാസികൾ കൂട്ടത്തോടെ നദി തീരത്തെത്തി യുവതിയെ നർമദ ദേവി എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. പുഴ കടന്ന് അവർ തീരത്തെത്തിയപ്പോഴും വസ്ത്രത്തിൽ നനവുണ്ടായിരുന്നില്ല എന്നാണ് ദൃക് സാക്ഷികൾ പറയുന്നത്.
@Lucknowkibaat32 എന്ന ട്വിറ്റർ പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ആളുകൾ തമ്മിൽ സംസാരിക്കുന്നതിന്റെ ശബ്ദം പശ്ചാത്തലത്തിൽ കേൾക്കാം. പുഴലിലെ വെള്ളത്തിന്റെ അളവ് സ്ത്രീയുടെ മുട്ടിന്റെ അളവിൽ പോലും എത്തുന്നില്ല.
പത്തു മാസങ്ങൾക്കു മുൻപ് വീടുവിട്ടിറങ്ങിയ നർമദാപുരം സ്വദേശി ജ്യോതി രഘുവൻഷി ആണ് വീഡിയോയിലുള്ളതെന്നാണ് റിപ്പോർട്ടുകൾ. ഇവരെ കാണാതായതിനു പിന്നാലെ കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് ഇതേ തുടർന്ന് ലുക്കൗട്ട് നോട്ടീസും പുറത്തിറക്കി. പൊലീസ് ഇവരെ കണ്ടെത്തി വീട്ടിൽ തിരിച്ചെത്തിയ്ക്കാനുള്ള നടപടികൾ സ്വീകരിക്കുകയാണ്.
വെള്ളം കുറവുള്ള ഭാഗത്തു കൂടിയാണ് താൻ നടന്നതെന്ന് ജ്യോതി പറഞ്ഞതായി ടൈംസ് ഓഫ് ഇൻഡ്യ റിപ്പോർട്ട് ചെയ്യുന്നു. തനിക്ക് തീർത്ഥാടനത്തിന് പോകാനാണ് താത്പര്യമെന്നും വീട്ടിൽ ഉത്തരവാദിത്വങ്ങൾ ഒന്നുമില്ലെന്നും അവർ പറഞ്ഞു. തീരത്തെത്തി 20 മിനിറ്റ് പ്രാർത്ഥിച്ച ശേഷമാണ് തന്റെ വസ്ത്രങ്ങൾ ഉണങ്ങിയതെന്നും അവർ കൂട്ടിച്ചേർത്തു.