പുറത്തിറങ്ങി രണ്ടു മാസത്തിലേറെയായിട്ടും പസൂരി ഗാനം തീർത്ത ഓളം ഇതുവരെ കുറഞ്ഞിട്ടില്ല. നിരവധി പേർ ഗാനത്തിന്റെ കവർ വേർഷൻ പാടിയും ചുവടുവച്ചും സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവക്കുന്നുണ്ട്.
അക്കൂട്ടത്തിൽ വൈറലായിരിക്കുകയാണ് ഒരു യുവതിയുടെ അടുക്കളയിൽ പാചകത്തിനിടയിലെ പസൂരി ഗാനം. ജാർഖണ്ഡ് സ്വദേശിയായ ശാലിനി ദുബെ എന്ന യുവതി കഴിഞ്ഞ മാസം പങ്കുവച്ച വിഡിയോയാണ് സംഗീത പ്രേമികൾ ഏറ്റെടുത്തിരിക്കുന്നത്. ശാലിനി തന്റെ ഇൻസ്റ്റാഗ്രാം, യൂട്യൂബ് അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്ത വീഡിയോ രണ്ടാഴ്ചക്കുള്ളിൽ മുപ്പത് ലക്ഷത്തിൽ അധികം പേരാണ് കണ്ടത്.
ഗായികയായ ശാലിനി, വീട്ടിലെ വിവിധ ജോലികൾ ചെയ്യുന്നതിനിടയിൽ പാട്ടുപാടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവക്കാറുണ്ട്. അതിലൊന്നാണ് പസൂരി. അടിച്ചു വാരുന്നതിനിടയില്‍, പാത്രം കഴുകുന്നതിനിടയില്‍, ഉള്ളി അരിയുന്നതിനിടയില്‍, ചപ്പാത്തി പരത്തുന്നതിനിടയില്‍, കറി വെക്കുന്നതിനിടയിൽ എല്ലാം പാട്ട് പാടുന്ന ശാലിനിയുടെ വീഡിയോ പ്രൊഫൈലിൽ കാണാം.
ഇൻസ്റ്റാഗ്രാമിൽ 68,000 ഫോളോവേഴ്‌സുള്ള ശാലിനി റിയാലിറ്റി ഷോകളിൽ ഉൾപ്പെടെ പങ്കെടുത്തിട്ടുണ്ട്. സുർ സംഗ്രാമിന്റെ സീസൺ മൂന്നിൽ ഫൈനലിസ്റ്റായിരുന്ന ശാലിനി, സാ രേ ഗ മാ പാ രംഗ് പൂർവയ്യയിൽ രണ്ടാം റണ്ണറപ്പുമായിരുന്നു.
അലി സേത്തിയും ഷെയ് ഗില്ലും ചേർന്ന് ആലപിച്ച പസൂരി ഗാനം, കോക്ക് സ്റ്റുഡിയോ പാകിസ്ഥാൻ സീസൺ 14 ലൂടെയാണ് പുറത്തെത്തിയത്, അധികം വൈകാതെ ഗാനം വൈറലായി. പസൂരിയുടെ നിരവധി കവറുകളും ഇതിനോടകം വൈറലായിട്ടുണ്ട്.
Also Read: ‘കറുപ്പ് താൻ എനക്ക് പുടിച്ച കളറ്’; കറുപ്പിൽ മുങ്ങി സോഷ്യൽ മീഡിയ, ട്രോളുകൾ കാണാം