വളരെ പെട്ടെന്നാണ് സ്വിഗിയും ഊബർ ഈറ്റ്സും പോലുള്ള ഓൺലൈൻ ഭക്ഷണ വിതരണ വെബ്സൈറ്റുകൾ മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായി മാറിയത്. വീട്ടിലിരുന്ന് ഒരു ക്ലിക്കിൽ ഭക്ഷണം മുന്നിലെത്തുന്നു. എന്നാൽ ഇവിടെ സ്വിഗി വഴി താൻ ഭക്ഷണം ഓർഡർ ചെയ്ത് പറ്റിക്കപ്പെട്ടു എന്ന പരാതിയുമായി ഒരു യുവതി രംഗത്തെത്തിയിരിക്കുകയാണ്. എന്നാല്‍, യുവതിയുടെ ആരോപണങ്ങളെ തള്ളി ഹോട്ടല്‍ ഉടമ രംഗത്തെത്തി. ഫെയ്‌സ്‌ബുക്ക് വീഡിയോയിലൂടെയായിരുന്നു ഇരുവരുടെയും പ്രതികരണം.
ഇരുന്നൂറ് രൂപ കൊടുത്ത് സ്വിഗി വഴി തിരുവനന്തപുരത്തെ പങ്കായം എന്ന ഹോട്ടലിൽ നിന്ന് താൻ കല്ലുമ്മക്കായ ഓർഡർ ചെയ്തെന്നും എന്നാൽ ഭക്ഷണത്തിന്റെ അളവ് തീർത്തും കുറവാണെന്നും ആരോപിച്ച് ഹയറുന്നീസ എന്ന യുവതിയാണ് രംഗത്തെത്തിയിരിക്കുന്നത്. പൈസ നഷ്ടപ്പെട്ടതിനെക്കാൾ ഈ അപമാനമാണ് തന്നെ ചൊടിപ്പിച്ചതെന്നും ഹയറുന്നീസ പറയുന്നു.
ഇക്കാര്യങ്ങൾ വ്യക്തമാക്കിക്കൊണ്ട് ഹയറുന്നീസ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ലൈവ് വീഡിയോ വളരെയധികം ചർച്ച ചെയ്യപ്പെടുകയാണ്. ഹോട്ടലിന് മുന്നിൽ നിന്നാണ് ഹയറുന്നീസയുടെ ലൈവ് തുടങ്ങിയത്. ഒടുവിൽ ഹോട്ടലിന് അകത്ത് കയറി താൻ വാങ്ങിച്ച ഭക്ഷണം അവർക്ക് തിരിച്ച് നൽകി അഞ്ച് രൂപ ടിപ്പും കൊടുത്താണ് ഹയറുന്നീസ തിരിച്ചിറങ്ങിയത്. ഇത് തന്റെ പ്രതിഷേധം പോലുമല്ല എന്നും ഹയറുന്നീസ പറയുന്നു.
അതേസമയം, യുവതി തിരിച്ചുകൊണ്ടുവന്ന ഭക്ഷണത്തിൽ തങ്ങൾ നൽകിയതിനേക്കാൾ എണ്ണം കുറവായിരുന്നുവെന്ന് ഹോട്ടൽ അധികൃതർ ഇന്ത്യൻ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു.
യുവതി ഹോട്ടലിലെത്തി പരാതിപ്പെട്ടപ്പോള്‍ തന്നെ റസ്റ്റോറന്റ് മാനേജരും ജീവനക്കാരുമായി താന്‍ ബന്ധപ്പെട്ടെന്ന് റസ്റ്റോറന്റ് ഉടമ ജ്യോതിഷ് ഫെയ്‌സ്ബുക്ക് ലെെവിൽ പറയുന്നു. റസ്റ്റോറന്റിലെത്തുന്നവർക്കും ഭക്ഷണ വിതരണ ആപ്പുകളായ സ്വിഗിയിലൂടെയും സൊമാറ്റോയിലൂടെയും ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്കും ഒരേ അളവാണ് നല്‍കാറുള്ളതെന്ന് ജ്യോതിഷ് പറയുന്നു.
തങ്ങളുടെ ഭാഗത്തു തെറ്റ് പറ്റിയിട്ടില്ലെന്നും റസ്റ്റോറന്റ് ഉടമ പറയുന്നുണ്ട്. 200 രൂപയ്ക്കുള്ള കല്ലുമ്മക്കായയില്‍ 13 മുതല്‍ 15 വരെ പീസുകളാണ് ഉണ്ടാകാറുള്ളതെന്നും ജ്യോതിഷ് ഫെയ്‌സ്ബുക്ക് വീഡിയോയില്‍ പറഞ്ഞു. വിഷയത്തിൽ സ്വിഗിയുടെ പ്രതികരണം തേടിയിട്ടുണ്ട്. കിട്ടുന്ന മുറയ്ക്ക് ഇക്കാര്യം നൽകുന്നതാണ്.