രസകരമായ പലതരം പരസ്യങ്ങൾ സോഷ്യൽ മീഡിയയിൽ മുൻപും വൈറലായിട്ടുണ്ട്. ഇംഗ്ലണ്ടുകാരിയായ ലോറ യങ് നൽകിയ പരസ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയെ അമ്പരപ്പിക്കുന്നത്. വീട്ടുജോലികളിൽ അഗ്രഗണ്യനായ ഭർത്താവ് ജെയിംസിനെ വാടകയ്ക്കു നൽകുമെന്നാണ് ലോറ യങ് പരസ്യത്തിൽ പറയുന്നത്.
ഒരു വീട്ടിലേക്ക് ആവശ്യമായ വസ്തുക്കളെല്ലാം തുച്ഛമായ വസ്തുക്കൾ ഉപയോഗിച്ച് ജെയിംസ് നിർമ്മിക്കും. പോരാത്തതിന് പെയിന്റിംഗ്, ടൈലിംഗ് തുടങ്ങിയ ജോലികളിലും ജെയിംസ് മിടുക്കനാണ്. ഭർത്താവിന്റെ ഇത്തരം കഴിവുകൾ പ്രയോജനപ്പെടുത്താനാണ് ഇത്തരമൊരു പരസ്യം നൽകിയതെന്ന് ലോറ പറയുന്നു. പരസ്യം കണ്ട് ചിലരൊക്കെ തെറ്റിദ്ധരിച്ചെന്നും എന്നാൽ വീട്ടുജോലികൾക്കു മാത്രമാണ് ഭർത്താവിനെ വാടകയ്ക്ക് നൽകുന്നതെന്നും ലോറ വ്യക്തമാക്കുന്നു. റെന്റ് മൈ ഹാൻഡി ഹസ്ബന്റ് എന്ന പേരിൽ വെബ്സൈറ്റ് തുടങ്ങി ഫെയ്സ്ബുക്കിലും നെക്സ്റ്റ് ഡോർ ആപ്പുകളിലുമൊക്കെ പരസ്യം ചെയ്യുകയായിരുന്നു ലോറ.
“ഒരു വീടിന് 35 പൗണ്ട് (3,370 രൂപ) ആണ് വാടകയായി ഈടാക്കുന്നത്. ഭിത്തിയിൽ ടിവി ഘടിപ്പിക്കുന്നതോ, വേലിക്ക് പെയിന്റ് ചെയ്യുന്നതു പോലുള്ള ചെറിയ ജോലികൾ മുതൽ എന്തുമാവാം. നിരക്കുകൾ പരമാവധി കുറയ്ക്കാനും സത്യസന്ധത പുലർത്താനും ഞങ്ങൾ ആഗ്രഹിക്കുന്നു. അതിനാൽ വികലാംഗർക്കും 65 വയസ്സിനു മുകളിലുള്ളവർക്കും പ്രത്യേക ഡിസ്കൗണ്ട് നൽകും,” ലോറ വ്യക്തമാക്കുന്നു.
ജെയിംസിനും മൂന്നു മക്കൾക്കുമൊപ്പം ഇംഗ്ലണ്ടിലെ ബക്കിംഗ്ഹാംഷെയറിലെ ബ്ലെച്ച്ലിയിലാണ് ലോറ താമസിക്കുന്നത്. കുട്ടികളിൽ രണ്ടുപേർ ഓട്ടിസം ബാധിച്ചവരാണ്. കുട്ടികളുമായി കഷ്ടപ്പെടുന്ന ലോറയെ സഹായിക്കാനാണ് ഒരു ഗോഡൗണിലെ നെറ്റ് ഷിഫ്റ്റ് ജോലിക്കാരനായ ജെയിംസ് ജോലി ഉപേക്ഷിച്ചത്.