തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി വാഹനം തട്ടിയെടുക്കാൻ ശ്രമിച്ച മോഷ്ടാക്കളെ വിരട്ടി ഓടിച്ച് യുവതി. തന്റെ വാഹനം പിന്തുടർന്ന് വീട്ടിലെത്തിയ ആയുധധാരികളായ സംഘത്തെയാണ് യുവതി ഒറ്റയ്ക്ക് നേരിട്ടത്. ദക്ഷിണാഫ്രിക്കൻ തലസ്ഥാനമായ പ്രട്ടോറിയലിലാണ് സംഭവം.
തന്റെ ഗ്രാന്റ് ചെറോക്കി എസ്യുവിൽ മകൾക്കൊപ്പം വീട്ടിലെത്തിയപ്പോഴാണ് ഒരു സംഘം പിന്തുടർന്ന് എത്തിയത്. കാറിൽ നിന്നിറങ്ങിയ സംഘം തോക്കു ചൂണ്ടി യുവതിയോട് ഗ്ലാസ് താഴ്ത്താൻ ആവശ്യപ്പെട്ടു. യുവതി ഗ്രാന്റ് ചെറോക്കി ജീപ്പിലുണ്ടായിരുന്ന അപായ ബട്ടൺ അമർത്തി അധികാരികൾക്ക് മുന്നറിയിപ്പ് നൽകി. വാഹന മോഷണം പതിവായ ദക്ഷിണാഫ്രിക്കയിൽ വാഹനങ്ങളിൽ ഇത്തരം സംവിധാനം ഘടിപ്പിച്ചിട്ടുണ്ട്.
മോഷ്ടാക്കൾ പിന്മാറാൻ തയ്യാറായതോടെ യുവതി അവരെ നേരിടാൻ തീരുമാനിക്കുകയായിരുന്നു. തന്റെ ജീപ്പ് പുറകിലേക്കെടുത്ത് മോഷ്ടാക്കളുടെ വാഹനത്തിൽ ഇടിപ്പിച്ചു. മോഷ്ടാക്കൾ ഉടൻ കാറിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും യുവതി വിട്ടില്ല. ജീപ്പ് വീണ്ടും അവരുടെ വാഹനത്തിൽ ഇടിപ്പിച്ചു. ഭയന്ന മോഷ്ടാക്കൾ കാറിൽനിന്നും ഇറങ്ങി ഓടി രക്ഷപ്പെട്ടു. ഇവരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.
ദക്ഷിണാഫ്രിക്കയിൽ നാലു എൻജിൻ മോഡലുകളിലുളള ഗ്രാന്റ് ചെറോക്കി ജീപ്പ് വിപണിയിൽ ലഭ്യമാണ്. ഇതിന്റെ വീലുകൾക്ക് 2.2 ടണ്ണോളം ഭാരമുണ്ട്. ഇന്ത്യയിൽ ജീപ്പിന്റെ വില 79 ലക്ഷത്തോളമാണ്.