വീടിനു മുറ്റത്ത് എന്തോ ശബ്ദം കേട്ടാണ് ഫ്ലോറിഡയിലെ താമസക്കാരിയായ കെറി കിബേ പുലർച്ചെ ഉറക്കം ഉണർന്നത്. പുറത്തെത്തി നോക്കിയപ്പോൾ സ്വിമ്മിങ് പൂളിൽ നീന്തിത്തുടിക്കുന്ന ചീങ്കണ്ണിയെ കണ്ട് ഞെട്ടിപ്പോയി. ഇത് അസ്വാഭാവികമെന്നാണ് സംഭവത്തെക്കുറിച്ച് കെറി സിഎൻഎന്നിനോട് പ്രതികരിച്ചത്. ചീങ്കണ്ണി സ്വിമ്മിങ് പൂളിൽനിന്നും പുറത്തെത്തിയിരുന്നെങ്കിൽ താനെന്ത് ചെയ്തേനെയെന്ന് ഭയപ്പെട്ടതായും കെറി പറഞ്ഞു. സ്വിമ്മിങ് പൂളിൽ നീന്തുന്ന ചീങ്കണ്ണിയുടെ ചിത്രം കെറി തന്റെ ഫെയ്സ്ബുക്ക് പേജിൽ ട്വീറ്റ് ചെയ്തിട്ടുണ്ട്.
Read Also: വരാന്തയിലെ സോഫയില്‍ മയങ്ങി പെരുമ്പാമ്പ്; ചിത്രത്തിലെ പാമ്പിനെ കണ്ടെത്താന്‍ തലപുകഞ്ഞ് സോഷ്യല്‍ ലോകം
ശനിയാഴ്ച പുലർച്ചെ 2 മണിയോടെയാണ് സ്വിമ്മിങ് പൂളിൽ ചീങ്കണ്ണിയെ കണ്ടത്. പൊലീസിനെ വിളിക്കുന്നതിനു മുൻപ് ഒന്നു രണ്ടു മണിക്കൂർ കെറി കാത്തുനിന്നു. കുറച്ചു കഴിഞ്ഞപ്പോൾ ചീങ്കണ്ണിയെ പിടികൂടുന്ന ആളുമായി പൊലീസ് എത്തി. കുറച്ചു സമയത്തിനുശേഷം 15 വയസ് പ്രായമുണ്ടെന്ന് കരുതുന്ന 7 അടി നീളമുളള ചീങ്കണ്ണിയെ സ്വിമ്മിങ് പൂളിൽനിന്നും പിടികൂടി കൊണ്ടുപോയി.
നഗര മധ്യത്തായാണ് ഞാൻ താമസിക്കുന്നത്. പക്ഷേ ഇപ്പോഴും ഇവിടെ ഒരു വനം പോലെയാണ്. ചെന്നായകൾ, കാട്ടുപൂച്ചകൾ, പാമ്പുകൾ, മുയലുകൾ, പരുന്തുകൾ, മൂങ്ങകൾ തുടങ്ങി പലതിനെയും താനിവിടെ കണ്ടിട്ടുണ്ടെന്ന് കെറി പറഞ്ഞു.
ഫ്ലോറിഡയിൽ സ്വിമ്മിങ് പൂളിൽനിന്നും ചീങ്കണ്ണിയെ പിടികൂടുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വർഷം ഇതുപോലൊരു സംഭവം നടന്നിരുന്നു. ഒർലാൻഡോയിലെ താമസക്കാരൻ ആറടി നീളമുളള ചീങ്കണ്ണിയെയാണ് തന്റെ സ്വിമ്മിങ് പൂളിൽ കണ്ടത്.