scorecardresearch

ആക്രമിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് ചിത്രകാരിയുടെ വെളിപ്പെടുത്തൽ; കേസെടുത്ത് പൊലീസ്

തന്നെ ആക്രമിക്കാൻ ശ്രമിച്ച യുവാവിന്റെ ചിത്രമടക്കമാണ് ആലിസ് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ചത്

alice, ie malayalam
ആലിസ് മഹാമുദ്ര

തന്നെ ആക്രമിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചയാളെ ധീരമായി നേരിട്ട് പിടികൂടിയതിനെക്കുറിച്ച് ഫെയ്സ്ബുക്കിൽ വെളിപ്പെടുത്തി ചിത്രകാരി. ഇന്നലെ രാത്രി കോഴിക്കോട് കുന്നമംഗലത്ത് ബസ് ഇറങ്ങി വീട്ടിലേക്കു നടന്നുപോകവേയാണ് ചിത്രകാരി ആലിസ് മഹാമുദ്രയ്ക്ക് ദുരനുഭവമുഉണ്ടായത്. ആക്രമിക്കാൻ ശ്രമിച്ച യുവാവിന്റെ ചിത്രമടക്കമാണ് ആലിസ് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ചത്.

സംഭവത്തിൽ കുന്നമംഗലം പൊലീസ് കേസെടുത്തു. പ്രതിയെ തിരിച്ചറിഞ്ഞതായും പ്രായപൂർത്തിയാകാത്തയാളാണെന്നുമാണു പൊലീസിൽനിന്നുള്ള വിവരം.

”ഇന്നലെ രാത്രി 8.30 ന് കോഴിക്കോട് കുന്നമംഗലം ബസിറങ്ങി വീട്ടിലേയ്ക്ക് നടന്നുവരുന്ന വഴിയിൽ ഞാൻ അറിയാതെ ഇവൻ എന്നെ ഫോളോ ചെയ്തിരുന്നു. ജങ്ഷൻ വിട്ട് ഇടവഴിയിലേയ്ക്കു തിരിഞ്ഞപ്പോ സ്ട്രീറ്റ് ലൈറ്റുകൾ ഇല്ലാത്ത ഇടത്തേയ്ക്ക് എത്തിയതും ഇവൻ എന്നെ ആക്രമിച്ചു റേപ്പ് ചെയ്യാൻ ശ്രമിച്ചു. റോഡിലിട്ടു വലിച്ചിഴച്ചു. അവനെ ഞാൻ ചവിട്ടിത്തെറിപ്പിച്ചലറി. എന്റെ അലർച്ചയിൽ ആളുകൾ ഓടി വരാൻ സാധ്യതയുള്ളതിനാൽ അവൻ ഓടി. ഞാൻ അവന്റെ പുറകെ അലറിക്കൊണ്ടോടി. മെയിൻ റോഡിൽ അവന്റെ പുറകെ ഓടി. അലർച്ച കേട്ടു ആളുകൾ ഓടിക്കൂടി. രണ്ടു കൊച്ചു പയ്യന്മാർ ബൈക്ക് എടുത്ത് അവന്റെ പുറകെ പാഞ്ഞു. അവനെ പിടിച്ചുകൊണ്ടു വന്നു. അവനെ നല്ലവണ്ണം കൈകാര്യം ചെയ്തു കുന്നമംഗലം പൊലീസിന് കൈമാറി.

ഇനിയുള്ളതാണ് നമ്മുടെ നിയമപരമായ ലൂപ്പ് ഹോൾ. ഇതുവരെയും നടന്ന റേപ്പുകളുടെ വിധി ഇനി ബാക്കി നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളൂ. പക്ഷേ ഏതറ്റം വരെയും ഞാൻ പോകും. ഇവൻ ഈ സമൂഹത്തിൽ ഇനിയും പതിയിരിക്കാൻ പാടില്ല. ഇന്നലെ ഒരുപക്ഷേ എന്റെ അപകട സാഹചര്യങ്ങളിൽ വരുന്ന അസാമാന്യ പ്രതിരോധ ശക്തിയും നേരം അതിനെക്കാളും ഇരുട്ടിയിട്ടില്ല എന്നുള്ളതും ഭാഗ്യവും അനൂകൂല ഘടകമായി വന്നതിനാലാണ് ഞാൻ റേപ്പ് ചെയ്യപ്പെടാതിരുന്നതും കൊല്ലപ്പെടാതിരുന്നതും. ഇതേ സാഹചര്യത്തിൽ വിറച്ചു പോകുന്ന ഒരു സ്ത്രീയോ ഒരു കുട്ടിയോ ആയിരുന്നെങ്കിൽ സ്ഥിതി ഇതാകുമായിരുന്നില്ല. ആയതിനാൽ എന്റെ ഉടലിനെ, എന്റെ ആത്മാഭിമാനത്തെ ആക്രമിച്ച അവനെ എന്റെ വ്യക്തിപരമായ പേരിലും ലോകത്തിലെ മൊത്തം സ്ത്രീകൾക്ക് വേണ്ടിയും ഇതുവരെയും റേപ്പ് ചെയ്യപ്പെട്ട മൊത്തം സ്ത്രീകൾക്കു വേണ്ടിയും വെറുതെ വിടാൻ ഞാൻ ഉദ്ദേശിക്കുന്നില്ല.

അവനു വേണ്ടി കരഞ്ഞു കാലുപിടിച്ച അവന്റെ അമ്മയോട് ഞാൻ പറഞ്ഞത്: നിങ്ങൾ അവനെ കൊന്നിട്ട് വരൂ. അപ്പോൾ മാത്രം ഞാൻ നിങ്ങളുടെ വാക്കുകൾക്കു ചെവി തരാം. അല്ലെങ്കിൽ ഞാൻ അവനെ കൊന്നുകൊള്ളാം. അവന്റെ പേരും അഡ്രസ്സും ഞാൻ ഇന്ന് എടുക്കും. ലോകത്തിന്റെ മുന്നിൽ ഇവൻ റേപ്പിസ്റ്റ് എന്ന് ഞാൻ മുദ്രയടിക്കും. ഇനി ഒരിക്കലും എവിടെയും പതുങ്ങിയിരിക്കാൻ ഞാൻ അനുവദിക്കില്ല,” ആലിസ് ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Woman face book post about sexual harrasment