ലണ്ടന്‍: 30 വര്‍ഷം മുമ്പാണ് ഡെബ്ര ഗൊദാര്‍ദ് 10 പൗണ്ടിന് (ഏകദേശം 921 രൂപ) ഒരു പളുങ്ക് മോതിരം വാങ്ങിയത്. കാണാന്‍ ഭംഗിയുണ്ടായിരുന്നത് കൊണ്ടാണ് മോതിരം വാങ്ങി കൈയില്‍ അണിഞ്ഞത്. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ഇപ്പുറമാണ് ഡെബ്ര തിരിച്ചറിയുന്നത് ഈ മോതിരത്തിന് കോടികള്‍ വിലയുണ്ടെന്ന്. 22 വയസുളളപ്പോഴാണ് ഡെബ്ര വിലപേശി ഈ മോതിരം വാങ്ങിയത്. ഇന്ന് 55 വയസുണ്ട് ഇവര്‍ക്ക്.
ഡെബ്രയുടെ മാതാവ് സാമ്പത്തിക തട്ടിപ്പിന് ഇരയായതിനെ തുടര്‍ന്നാണ് ഈ മോതിരം വില്‍ക്കാന്‍ ഡെബ്ര തീരുമാനിച്ചത്. മോതിരം വിറ്റ് കുറച്ച് പണമുണ്ടാക്കി സാമ്പത്തിക പ്രതിസന്ധിക്ക് ആശ്വാസം കണ്ടെത്താനാകുമെന്ന് കരുതി ആയിരുന്നു ഒരു ജ്വല്ലറിയില്‍ എത്തിയത്. എന്നാല്‍ 25.27 കാരറ്റ് രത്നം പതിച്ച മോതിരമാണ് ഇതെന്ന് ജ്വല്ലറിയില്‍ വെച്ചാണ് തിരിച്ചറിഞ്ഞത്. 7,40,000 പൗണ്ട് (ഏകദേശം 6 കോടി 82 ലക്ഷം രൂപ) ആണ് മോതിരത്തിന് വിലയിട്ടത്.
ഉടന്‍ തന്നെ ഡെബ്ര മോതിരം വില്‍ക്കുകയും ചെയ്തു. ‘എന്റെ അമ്മ കൊളളയടിക്കപ്പെട്ടതിന് പിന്നാലെയാണ് ഇങ്ങനെയൊരു ഭാഗ്യം ഉണ്ടായത്. ദൈവം കരുതി വെച്ചതാണത്,’ ഡെബ്ര പറഞ്ഞു.