ആഗ്ര: കൈക്കുഞ്ഞിനേയും എടുത്ത് ജോലിക്കെത്തിയ പൊലീസുകാരിക്ക് ഇനി സ്വന്തം നാട്ടില്‍ ജോലി. കുട്ടിയേയും എടുത്ത് പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്ന പൊലീസുകാരിയുടെ ചിത്രം വൈറലായി മാറിയതിന് പിന്നാലെയാണ് സംഭവം ഡിജിപിയുടെ ശ്രദ്ധയില്‍ പെട്ടത്. അര്‍ച്ചന സിങ്ങിന് ജന്മസ്ഥലമായ ആഗ്രയിലേക്ക് സ്ഥലംമാറ്റം നല്‍കിയാണ് ഡിജിപി ഓപ്രകാശ് സിങ് ഉത്തരവിറക്കിയത്.
30കാരിയായ അര്‍ച്ചന പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്ത് കൊണ്ടിരിക്കുമ്പോള്‍ ടേബിളില്‍ കിടന്നുറങ്ങുന്ന 6 മാസം പ്രായമുളള പെണ്‍കുഞ്ഞിന്റെ ചിത്രം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയില്‍ വൈറലായി മാറുകയായിരുന്നു. ചില പൊലീസ് ഉദ്യോഗസ്ഥരുടെ ട്വിറ്റര്‍ അക്കൗണ്ടിലാണ് ചിത്രം ആദ്യ പ്രത്യക്ഷപ്പെട്ടത്. ഇതിന് പിന്നാലെ മറ്റുളളവരും ചിത്രം ഏറ്റെടുത്തു.
Also Read: പൊലീസുകാരിയുടെ താരാട്ട്
Meet misses Archana who is posted in Jhansi police station pic.twitter.com/QBej09iIOT
— Nitish Kartikeya (@NitishKartikeya) October 27, 2018
ആഗ്രയില്‍ നിന്നുളള അര്‍ച്ചന ഝാന്‍സി പൊലീസ് സ്റ്റേഷനിലായിരുന്നു ജോലി ചെയ്തിരുന്നത്. ഗുരുഗ്രാമിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഭര്‍ത്താവ് ജോലി ചെയ്യുന്നത് കൊണ്ട് കുഞ്ഞിനെ കൂടെ കൂട്ടുകയല്ലാതെ അര്‍ച്ചനയ്ക്ക് മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല. അര്‍ച്ചനയുടെ 11 വയസുകാരിയായ മൂത്ത കുട്ടി കാന്‍പൂരില്‍ മുത്തശ്ശിയുടെ കൂടെയാണ് താമസിക്കുന്നത്. ഉത്തര്‍പ്രദേശ് പൊലീസ് ഐജി അടക്കമുളളവര്‍ ചിത്രം ഷെയര്‍ ചെയ്തതോടെയാണ് ഡിജിപിയും ശ്രദ്ധിച്ചത്. തനിക്ക് ആഗ്രയിലേക്ക് സ്ഥലംമാറ്റം കിട്ടിയാല്‍ ജോലി എളുപ്പമാകുമെന്നും അര്‍ച്ചന പറഞ്ഞിരുന്നു. ഝാന്‍സി ഡിഐജി സുഭാഷ് സിങ് അര്‍ച്ചനയ്ക്ക് 1000 രൂപ പാരിതോഷികമായി നല്‍കിയിരുന്നു.