ബീജിംഗ്: കാറിന്റെ ബോണറ്റിന് മുകളില്‍ വെച്ച് മീന്‍ പൊരിക്കുന്ന യുവതിയുടെ ചിത്രമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിയത്. ചൂട് കൂടിയതോടെയാണ് കാറിന്റെ ബോണറ്റ് യുവതി വറച്ചട്ടിയാക്കിയത്. പീപ്പിള്‍സ് ഡെയ്ലി ട്വീറ്റ് ചെയ്ത ചിത്രം മണിക്കൂറുകള്‍ക്കകം വൈറലായി മാറി. ചൈനയിലെ ഷാന്തോങ് പ്രവിഷ്യയില്‍ നിന്നുളളതാണ് ചിത്രം. 40 ഡിഗ്രി സെല്‍ഷ്യസിനടുത്താണ് കഴിഞ്ഞ ദിവസം പ്രദേശത്ത് താപനില രേഖപ്പെടുത്തിയത്.

ചെറിയ മീനുകളും പച്ചക്കറികളുമാണ് യുവതി പൊരിച്ചെടുക്കുന്നത്. ചൂടില്‍ നിന്ന് രക്ഷപ്പെടാനായി ഇവര്‍ കുടയേന്തിയിരിക്കുന്നതും ചിത്രത്തില്‍ കാണാം. ചോപ്സ്റ്റിക്സ് ഉപയോഗിച്ചാണ് കാറിന്റെ ബോണറ്റിന് മുകളില്‍ യുവതി മീന്‍ പൊരിക്കുന്നത്.

കഴിഞ്ഞ വേനല്‍ക്കാലത്ത് ഒഡിഷയില്‍ നിന്നുളള ഒരു ചിത്രം ഇത്പോലെ പ്രചരിച്ചിരുന്നു. തിത്ലാഘഡില്‍ മുട്ട പൊരിക്കുന്ന യുവാവിന്റെ ചിത്രമാണ് വൈറലായത്. അന്ന് 45 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില. മുട്ട പൊട്ടിച്ച് പാത്രത്തിലിട്ട് തീയുടെ സഹായമില്ലാതെ വെയിലത്ത് കാണിച്ചാണ് അന്ന് മുട്ട പൊരിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ