കായിക ഇനങ്ങളിൽ പങ്കെടുക്കുന്നവർ സ്പോർട്ട് ഔട്ട്ഫിറ്റായി സാരി തിരഞ്ഞെടുക്കുക വളരെ കുറവായിരിക്കും. ഓടാനും ചാടാനുമൊക്കെ ബുദ്ധിമുട്ടാകും എന്നതാണ് ഇതിനു കാരണം. നാൽപ്പത്തൊന്നുകാരിയായ യു കെ സ്വദേശി ഈ കാഴ്ച്ചപ്പാടുകളൊക്കെ തെറ്റാണെന്ന് തെളിയിക്കുകയാണ്. സാരി അണിഞ്ഞ് ഒരു മാരത്തോൺ ഓടിയാണ് അവർ മാതൃകയാകുന്നത്.
ഒഡിയ വംശത്തിലുള്ള മധുസ്മിത ജെന മാൻചെസ്റ്ററിൽ അധ്യാപികയായി ജോലി ചെയ്യുകയാണ്. നാലു മണിക്കൂറും 50 മിനുട്ടുമെടുത്ത് 42.5 കിലോമീറ്റർ ദൂരമുള്ള മാരത്തോണിൽ അവർ പങ്കെടുത്തു. സ്‌പ്പോർട്സ് ജേഴ്സി അണിഞ്ഞ് മാരത്തോണിനെത്തിയവർക്കിടയിൽ സമ്പൽപുകി സാരി അണിഞ്ഞ യുവതി കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.
മാരത്തോണിൽ പങ്കെടുക്കുന്ന ജെനയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. പട്ടാ സാരി അണിഞ്ഞ് യു എസ് ഓപ്പൺ കളിക്കുന്നവരെയും ടസർ സാരി ധരിച്ച് ട്രയത്തലോൺ ചെയ്യുന്നവരെയും കാണാമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് ഒരാൾ വീഡിയോയ്ക്ക് താഴെ കമന്റു ചെയ്തത്.
“സാരി അണിഞ്ഞ് മാരത്തോണിൽ പങ്കെടുത്ത വ്യക്തി ഞാൻ മാത്രമാണ്. ഇത്രയും ദൂരം ഓടുക എന്നത് തന്നെ കാഠിന്യമേറിയ കാര്യമാണ്, അതും സാരി അണിഞ്ഞാകുമ്പോൾ ബുദ്ധിമുട്ടുകൾ കൂടും. എന്നാൽ 4.50 മണിക്കൂറു കൊണ്ട് എനിക്ക് മുഴുവൻ ദൂരം പൂർത്തിയാക്കാൻ സാധിച്ചു” ജെന ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.
എപ്പോഴും സാരി മാത്രം അണിയുന്ന അമ്മയും അമ്മൂമ്മയുമാണ് തന്റെ പ്രചോദനമെന്ന് ജെന പറയുന്നു. “ഒരുപാട് ആളുകൾ വിചാരിക്കുന്നത് സാരി ധരിച്ച് ഓടാൻ കഴിയില്ലെന്നാണ്, എന്നാൽ അത് സാധ്യമാണെന്ന് ഞാൻ തെളിയിച്ചു. യു കെയിലെ വേനൽകാലങ്ങളിൽ ഞാൻ സാരിയാണ് ധരിക്കാറുള്ളത്. “