കട്ട ബ്രസീല്‍ ആരാധകര്‍ക്ക് സഹിക്കാനാകുന്ന ഒന്നായിരുന്നില്ല ഖത്തര്‍ ലോകകപ്പ് അര്‍ജന്റീന ഉയര്‍ത്തിയത്. ലയണല്‍ മെസിയും കൂട്ടരും ലോകകിരീടം ഉയര്‍ത്തിയത് ഇന്നും പല ബ്രസീല്‍ ആരാധകരുടേയും മനസില്‍ നോവായി അവശേഷിക്കുന്നുമുണ്ട്. അത്തരമൊരു ബ്രസീല്‍ ആരാധികയോടെ മെസിയുടെ ജീവചരിത്രക്കുറിപ്പ് തയാറാക്കാന്‍ ആവശ്യപ്പെട്ടാല്‍ എന്ത് ചെയ്യും, അതും കൊല്ലപരീക്ഷയ്ക്ക്.
നാലാം ക്ലാസിലെ മലയാളം പരീക്ഷക്കായിരുന്നു ഈ ചോദ്യം. മെസിയുടെ ജീവിതത്തിലെ നിര്‍ണായകമായ സംഭവവികാസങ്ങള്‍ ജീവചരിത്രക്കുറിപ്പ് എഴുതാന്‍ സൂചകങ്ങളായി നല്‍കുകയും ചെയ്തിരുന്നു. ജനനം മുതല്‍ ലോകകപ്പ് നേടുന്നത് വരെയുള്ള ഏഴ് കാര്യങ്ങളാണ് ചോദ്യപേപ്പറില്‍ കൊടുത്തിരുന്നത്.
തിരൂര്‍ പുതുപ്പള്ളി ശാസ്താ എഎല്‍പി സ്‌കൂളിലെ റിസ ഫാത്തിമക്ക് ആ ചോദ്യത്തിന് കൃത്യമായ ഉത്തരമുണ്ടായിരുന്നു. “ഞാന്‍ എഴുതൂല്ല. ഞാന്‍ ബ്രസീല്‍ ഫാനാണ്. എനിക്ക് നെയ്മറിനെയാണ് ഇഷ്ടം. മെസിയെ ഇഷ്ടമല്ല,” ഇതായിരുന്നു റിസ ഉത്തരമായി നല്‍കിയത്. സംഭവമറിഞ്ഞ ബ്രസീല്‍ ഫാന്‍സ് റിസക്ക് ജേഴ്സി സമ്മാനിക്കുകയും ചെയ്തു.

പരീക്ഷ പേപ്പര്‍ പരിശോധിച്ച അധ്യാപകനാണ് റിസയുടെ ഉത്തരത്തിന്റെ ചിത്രമെടുത്ത് വാട്ട്സ്ആപ്പില്‍ പങ്കുവച്ചത്. വൈകാതെ തന്നെ ഫുട്ബോള്‍ ആരാധകര്‍ക്കിടയില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. മെസിയെക്കുറിച്ച് എഴുതി കിട്ടുന്ന മാര്‍ക്ക് ബ്രസീല്‍ ആരാധകര്‍ക്ക് വേണ്ടന്നാണ് ബ്രസീല്‍ ആരാധകരുടെ അഭിപ്രായം.