പാലക്കാട്: പാലക്കാട് ഐഐടി ക്യാമ്പസിൽ ആനക്കൂട്ടം ഇറങ്ങി. പതിനഞ്ചിലധികം ആനകളങ്ങിയ കൂട്ടമാണ് തിങ്കളാഴ്ച പകൽ കഞ്ചിക്കോട് വലിയേരിലുള്ള ക്യാമ്പസിൽ എത്തിയത്. സമീപത്തെ ജനവാസ മേഖലകളിലും വിഹരിച്ച ആനകളെ പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥർ പടക്കം പൊട്ടിച്ച് തുരത്തുകയായിരുന്നു.
ആനക്കുട്ടികളടക്കമുള്ള കൂട്ടമാണ് നിർമാണം നടക്കുന്ന ഐഐടി ക്യാമ്പസിലെത്തിയത്. നിർമാണത്തൊഴിലാളികളായിരുന്നു ആ സമയത്ത് ക്യാമ്പസിലുണ്ടായിരുന്നത്. ആനകൾ വിഹരിക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോകളും സാമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ആനകളെ പടക്കം പൊട്ടിച്ച് ഓടിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.



അയ്യംകുളം ഭാഗത്ത് ഇറങ്ങിയ ആനക്കൂട്ടത്തെ നാട്ടുകാർ ഓടിക്കുകയും അവ പിന്നീട് വലിയേരിയിലേക്ക് എത്തുകയായിരുന്നു, ഐഐടിയുടെ മതിൽക്കെട്ടുള്ളതിനാൽ പുറത്തുകടക്കാനാവാതെ രണ്ട് മണിക്കൂറോളമാണ് ആനകൾ ക്യാമ്പസിൽ കുടുങ്ങിയത്.
വാളയാർ മേഖലയിലെ കാടുകളിൽനിന്ന് ഈ പ്രദേശത്ത് സ്ഥിരമായി ആനകൾ ഇറങ്ങാറുണ്ട്. നേരത്തെ പാലക്കാട് ഐഐടി ക്യാമ്പസിന്റെ മതിലുകൾ ആനകൾ തകർത്തിരുന്നു.
Read More: ‘അവരാണ് ഹീറോസ്’, കോഴിയെ പരുന്തിൽ നിന്നും രക്ഷിക്കുന്ന ആടും പൂവൻകോഴിയും; വൈറൽ വീഡിയോ