ന്യൂഡൽഹി: അതിർത്തിയിലെ വെടിവെപ്പ്, തീവ്രവാദി ആക്രമണങ്ങൾ, ആഭ്യന്തര കലാപങ്ങൾ…രാജ്യ സുരക്ഷയെ ബാധിക്കുന്ന എന്ത് സംഭവമുണ്ടാകുന്പോഴും നമ്മൾ കൂടെ വായിക്കുന്ന ഒരു വാർത്തയുണ്ട്. ‘സൈനികർക്ക് വീരമൃത്യു’. മരിക്കുന്ന സൈനികരുടെ എണ്ണത്തിൽ മാത്രം ഉണ്ടാകും വ്യത്യാസങ്ങൾ. കുറച്ച് സമയത്തേക്ക് നമ്മുടെ കൂടി സുരക്ഷക്കായി ജീവൻ വെടിഞ്ഞ സൈനികനെ ഓർത്ത് നമ്മൾ സങ്കടപ്പെടും, അവരെയോർത്ത് അഭിമാനം കൊള്ളും. എല്ലാം വീണ്ടും പഴയ പടി.

നമ്മളിൽ എത്രപേർ പിന്നീട് അവരെ കുറിച്ച് ഓർക്കും? അവരുടെ കുടുബം അനുഭവിക്കുന്ന മാനസിക വ്യഥയെ കുറിച്ചോർക്കും? ഒരു ജവാന്റെ ഭാര്യ നമുക്കു പറഞ്ഞ് തരുകയാണിവിടെ, വീരമൃത്യു വരിച്ച സൈനികന്റെ കുടുംബം എങ്ങനെ ജീവിക്കുന്നു എന്ന്. അവരുടെ വികാരങ്ങളെ കുറിച്ച്, വേദനകളെ കുറിച്ച്.

2016 നവംബറിൽ ജമ്മു കാശ്മീരിലെ നഗ്രോതയിൽ നടന്ന തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ട അക്ഷയ് ഗിരീഷ് എന്ന മേജറിന്റെ ഭാര്യയാണിപ്പോൾ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ഭർത്താവിന്റെ വിയോഗ ശേഷം തങ്ങൾ എങ്ങനെ ജീവിക്കുന്നു എന്ന് നമ്മോട് പറയുന്നത്. അക്ഷയ് ഗിരീഷ് അടക്കം ഏഴ് ജവാന്മാർക്കാണ് നഗ്രോത സൈനിക ക്യാംപിന് നേരെയുണ്ടായ ആക്രമണത്തിൽ ജീവൻ നഷ്ടമായത്. വൻ സുരക്ഷാ വീഴ്ചയാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് അന്ന് ആരോപണങ്ങളുയർന്നിരുന്നു.

‘എനിക്ക് അവന്റെ യൂണിഫോം ആണ് ലഭിച്ചത്. കണ്ണീരടക്കാൻ ഞാൻ ഏറെ കഷ്ടപ്പെട്ടു. ഞാൻ ആ സൈനിക വേഷം പിന്നീടൊരിക്കലും വൃത്തിയാക്കിയിട്ടില്ല. അവനെ വല്ലാതെ മിസ് ചെയ്യുന്പോഴെല്ലാം ഞാൻ ആ യൂണിഫോം ധരിക്കും. ഇപ്പോഴും അതിന് അവന്റെ മണമാണ്’ അക്ഷയ് ഗിരീഷിന്റെ ഭാര്യ സംഗീത അക്ഷയ് കുറിക്കുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം വായിക്കാം:

2009 ലായിരുന്നു അത്. അവൻ എന്നെ പ്രൊപോസ് ചെയ്യുന്നത്, അത് അവൻ ആസൂത്രണം ചെയ്ത രീതിയിൽ നടന്നില്ല. ഞാൻ ഒരു സുഹൃത്തിനൊപ്പം ചണ്ഡീഗഡ് സന്ദർശിക്കാനെത്തിയതായിരുന്നു. ഞങ്ങൾ ഷിംലയിലേക്ക് പോയി അവിടെ ഒരു കർഫ്യൂ ഉണ്ടായിരുന്നു. അവൻ ബുക്കുചെയ്ത റസ്റ്റോറൻറ് നേരത്തെ അടച്ചിരുന്നു. അവൻ റിംഗ് എടുക്കാൻ മറന്നു. അവൻ മുട്ടുകുത്തി നിന്ന്, അവൻ തന്റെ പോക്കറ്റിൽ ഉണ്ടായിരുന്ന ഒരു ചുവന്ന പെൻഡ്രൈവ് എന്റെ നേരെ നീട്ടി എന്നെ പ്രൊപോസ് ചെയ്തു. 2011-ൽ ഞങ്ങൾ വിവാഹിതരായി. ഞാൻ പുണെയിലേക്ക് അവന്റെ വീട്ടിലേക്ക് മാറി. രണ്ടു വർഷത്തിനു ശേഷം നൈനാ ജനിച്ചു.

ദീർഘകാല പ്രൊഫഷണൽ അസൈൻമെൻറുകൾക്കായി അവൻ പോയി. എന്റെ മകൾ ചെറുപ്പമായിരുന്നതിനാൽ, ഞങ്ങളുടെ കുടുംബങ്ങൾ ഞാൻ ബാംഗ്ലൂരിലേക്ക് തിരിച്ചു വരണമെന്ന് നിർദ്ദേശിച്ചു. പക്ഷെ ഞാൻ അവിടെ തന്നെ തുടർന്നു. ഞങ്ങൾ സൃഷ്ടിച്ച ലോകത്തെ എനിക്ക് അത്രത്തോളം ഇഷ്ടമായിരുന്നു, അത് ഉപേക്ഷിക്കാൻ ഞാൻ ആഗ്രഹിച്ചില്ല. അവനുമായുള്ള ജീവിതം ഒരു സാഹസിക യാത്രയായിരുന്നു എന്ന് പറയാം. അവനെ കാണാൻ ഞാനും നൈനയും14000 അടി ഉയരത്തിലെത്തി. അവിടെ ഞങ്ങൾ സ്കൈഡൈവ് ചെയ്യാറുണ്ടായിരുന്നു. അങ്ങനെ ഞങ്ങൾ എല്ലാം ചെയ്തു ഒരുമിച്ച്.

2016ൽ അവന് നഗ്രോതയിലേക്ക് പോസ്റ്റിങ് കിട്ടി. ഞങ്ങൾക്ക് വീട് അനുവദിച്ചിട്ടില്ലാത്തതിനാൽ ഞങ്ങൾ ഉദ്യോഗസ്ഥന്റെ ക്വാട്ടേഴ്സിൽ താമസിക്കുകയായിരുന്നു. നവംബറിൽ 29, രാവിലെ 5:30- വലിയ ശബ്ദം കേട്ട് ഞങ്ങൾ ഉണർന്നു. പരിശീലനമാണെന്നാണ് ഞങ്ങൾ കരുതിയത്. ഗ്രനേഡുകളുടെ ശബ്ദം കേൾക്കാമായിരുന്നു. പുലർച്ചെ 5:45- ഒരു ജൂനിയർ വന്ന് പറഞ്ഞു. ‘തീവ്രവാദികൾ റെജിമെൻറിനെ ബന്ദിയാക്കിയിരിക്കുന്നു എന്ന്. ഉടൻ യുദ്ധ വേഷം ധരിച്ച് എത്തണം’. ‘നീ ഇതിനെക്കുറിച്ച് എഴുതണം’ എന്ന് മാത്രം പറഞ്ഞ് അവൻ പോയി.

എല്ലാ സ്ത്രീകളെയും കുട്ടികളെയും സുരക്ഷക്കായി ഒരു മുറിയിലേക്ക് മാറ്റി. മുറിക്ക് പുറത്തു വെടിവയ്പിന്റെ ശബ്ദം കേട്ടുകൊണ്ടേയിരുന്നു. അക്ഷയുടെ അമ്മക്ക് ഞാൻ മെസ്സേജ് അയച്ചു, അവരുമായും എന്റെ സഹോദരിയുമായും ഞാൻ സംഭാഷണം തുടർന്നു. രാവിലെ 8 മണിക്ക് അക്ഷയ് മെസ്സേജ് അയച്ചു, അവൻ വെടിവെയ്പ്പിന് നടുവിലാണെന്ന് മാത്രം പറഞ്ഞു. 8:30 ന് ഞങ്ങളെ സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റി. ഞങ്ങൾ അപ്പോഴും പജാമയും ചപ്പലുകളുമാണ് ധരിച്ചിരുന്നത്.

ഏറെ നേരം കഴിഞ്ഞു, ഒരു വാർത്തയും ഉണ്ടായില്ല. ഞാൻ അസ്വസ്ഥയാകാൻ തുടങ്ങി. 11:30 am ഞാൻ തന്നെ അവനെ വിളിച്ചു. അവന്റെ ടീം അംഗങ്ങളിൽ ഒരാൾ ഫോൺ എടുത്ത് പറഞ്ഞു മേജർ അക്ഷയ് മറ്റൊരു സ്ഥലത്തേക്ക് പോയിരിക്കുന്നു”. വൈകുന്നേരം 6:15ന് അക്ഷയുടെ കമാൻഡിംഗ് ഓഫീസറും മറ്റു ചില ഉദ്യോഗസ്ഥരും എന്നെ കാണാൻ വന്നു. അയാൾ പറഞ്ഞു “മാം നമുക്ക് അക്ഷയെ നഷ്ടപ്പെട്ടു. 8:30 ന് അദ്ദേഹം രക്തസാക്ഷിയായി” എന്റെ ലോകം തകർന്നു. ഞാൻ പരിഭ്രാന്തയായിരുന്നു. അവനില്ലാതെ എനിക്ക് പറ്റില്ലായിരുന്നു. അത്രത്തോളം ഞാൻ അവനെ ആരാധിച്ചിരുന്നു. അവസാനമായി ഒരു തവണ അവനെ സ്നേഹിച്ചിരുന്നതായി പറയാൻ ഞാൻ ആഗ്രഹിച്ചു. തെറ്റായ കാര്യങ്ങൾ സംഭവിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല. ഒരു കുഞ്ഞിനെപ്പോലെ ഞാൻ കരഞ്ഞു. എന്റെ പ്രാണൻ മുറിഞ്ഞുപോയ പോലെ. മറ്റ് പട്ടാളക്കാരും രക്തസാക്ഷികളായി. എന്നാൽ ബന്ദികളാക്കി വെച്ച സ്ത്രീകളെയും കുട്ടികളെയും രക്ഷിച്ചു കൊണ്ടാണ് അവർ മരിച്ചത്.

എനിക്ക് അവന്റെ യൂണിഫോം ആണ് ലഭിച്ചത്. കണ്ണീരടക്കാൻ ഞാൻ ഏറെ കഷ്ടപ്പെട്ടു. ഞാൻ ആ സൈനിക വേഷം പിന്നീടൊരിക്കലും വൃത്തിയാക്കിയിട്ടില്ല. അവനെ വല്ലാതെ മിസ് ചെയ്യുന്പോഴെല്ലാം ഞാൻ ആ യൂണിഫോം ധരിക്കും. ഇപ്പോഴും അതിന് അവന്റെ മണമാണ്

എന്താണ് സംഭവിച്ചതെന്ന് നൈനയോട് വിശദീകരിക്കാൻ ഞാൻ ഏറെ പ്രയാസമായിരുന്നു, എന്നാൽ ഇപ്പോൾ അവളുടെ അച്ചൻ ആകാശത്തിലെ നക്ഷത്രമാണ്. ഇന്ന് അവന്റെ ഓർമകളിൽ ഞങ്ങൾ ജീവിക്കുന്നു. അവൻ ജീവനോടെയുണ്ടായിരുന്നപ്പോൾ, ഞങ്ങൾ എടുത്ത ചിത്രങ്ങളും സ്മരണകളും ഞങ്ങളോട് സംസാരിക്കുന്നു. ഇന്ന് ഞങ്ങളുടെ കണ്ണീരിനെ ഞങ്ങൾ പുഞ്ചിരി കൊണ്ട് മറക്കുന്നു. കാരണം ഞങ്ങൾ ഒരിക്കലും കരയരുതെന്ന് അവൻ ആഗ്രഹിച്ചിരുന്നു. ഒരാളുടെ വിയോഗത്തിൽ നമ്മുടെ ഹൃദയം ചിന്നിച്ചിതറുന്നത് പോലെ തോന്നുന്നെങ്കിൽ അയാളെ നമ്മൾ ഒരുപാട് സ്നേഹിക്കുന്നു എന്നാണ് പറയാറ്. ഈ വിയോഗം വേദനിപ്പിക്കുന്നതാണ്, ഞാൻ എപ്പോഴും അവനെ സ്നേഹിക്കും.

സംഗീത, നൈനാ അക്ഷയ് ഗിരീഷ്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ