വൈക്കം: ഭർത്താവ് ഉപദ്രവിക്കുന്നതായും രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് വീട്ടമ്മയായ യുവതി സമൂഹമാധ്യമങ്ങളിൽ അയച്ച വിഡിയോ ക്ലിപ് വൈറലായി. വിഡിയോ ലഭിച്ച വൈക്കം പൊലീസ്​ സംഭവ സ്ഥലത്തെത്തി വീട്ടമ്മയെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറം മഞ്ചേരി പാണ്ടിക്കാട്​ പന്തല്ലൂർ ഹിൽസിൽ നെല്ലുവേലിൽ ദിൽന ബേബിയാണ്​ (29) ചൊവ്വാഴ്ച രാവിലെ ഫെയ്സ്ബുക്കിൽ ലൈവ് വിഡിയോ ചെയ്തത്.

വൈക്കം ചെമ്മനാകരിയിലെ സ്വകാര്യ റിസോർട്ടിൽ അടച്ചിട്ട മുറിയിൽനിന്നായിരുന്നു സന്ദേശം. റിസോർട്ടിൽ ജനറൽ മാനേജറായ ഭർത്താവ് അഭിജിത്ത്​ മർദിച്ചതായും വധഭീഷണിയുണ്ടെന്നും അടച്ചിട്ട മുറിക്കുപുറത്ത് വാതിൽ തുറക്കാൻ തട്ടിവിളിക്കുകയാണെന്നും ആയിരുന്നു സന്ദേശം. ഭർത്താവി​​ന്റെ മർദനത്തിൽ നെറ്റിയിൽ ഉണ്ടായ പരുക്കും കാണിച്ചു. വൈക്കം എസ്​.ഐ എം.സാഹിലി​ന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ പൊലീസ്​ യുവതിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

ക്രിസ്ത്യാനിയായിരുന്ന തന്നെ മതം മാറ്റിയാണ് കോഴിക്കോട് ബാലുശേരി സ്വദേശിയായ ഹിന്ദു നായർ യുവാവ് വിവാഹം കഴിച്ചതെന്നും ദിൽന വിഡിയോയിൽ പറയുന്നുണ്ട്. ഇപ്പോൾ ഭർത്താവിന് തന്നെ ഉപേക്ഷിച്ച് മറ്റൊരു വിവാഹം കഴിക്കണമെന്നാണ് ആഗ്രഹമെന്നും, അതിനായി തന്നെ നിരന്തരം ഉപദ്രവിക്കുകയാണെന്നും യുവതി വിഡിയോയിലൂടെ വ്യക്തമാക്കുന്നു.

‘ഭർത്താവിന് ഇപ്പോൾ അയാളുടെ സ്റ്റാറ്റസിന് ചേർന്ന ഹിന്ദു യുവതിയെ വിവാഹം കഴിക്കാനാണ് ആഗ്രഹം. ഇതിനായി അദ്ദേഹത്തിന്റെ വീട്ടുകാരും തന്നെ ഭീഷണിപ്പെടുത്തുന്നുണ്ട്’ യുവതി പറയുന്നു.

മുറി പൂട്ടി അകത്തിരുന്ന യുവതിയെ വൈക്കത്തുനിന്ന്​ പൊലീസ്​ എത്തിയാണ്​ ആദ്യം വൈക്കം ഗവ. ആശുപത്രിയിലും തുടർന്ന്​ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചത്​. ഉടൻ മെഡിക്കൽ കോളേജിലെത്തി മൊഴി രേഖപ്പെടുത്തിയശേഷം കേസെടുക്കുമെന്നും വൈക്കം സി.​ഐ ബിനു പറഞ്ഞതായി മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ