ഖത്തറില്‍ ഫിഫ ലോകകപ്പിന് തുടക്കമായതിന് പിന്നാലെ ഇന്ത്യയുടെ പുരുഷ ഫുട്ബോള്‍ ടീമിന്റെ ഒരു പഴയകാല ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. 1948 ലെ ലണ്ടന്‍ ഒളിമ്പിക്സില്‍ ഫ്രാന്‍സിനെതിരായ മത്സരത്തില്‍ ഇന്ത്യന്‍ സംഘം ബൂട്ടണിയാതെ നഗ്നപാദരായി മൈതാനത്ത് ഇറങ്ങുന്നതാണ് ചിത്രം.
ചരിത്രത്തെ ഓര്‍മ്മപ്പെടുത്തുന്ന ഈ ചിത്രം കഴിഞ്ഞ ദിവസം indianhistorypics എന്ന ട്വിറ്റര്‍ പേജാണ് പങ്കുവെച്ചത്. ‘1948 ല്‍ ഫ്രാന്‍സിനെതിരെ കളിക്കാന്‍ ബൂട്ടില്ലാതെ ഗ്രൗണ്ടില്‍ എത്തുന്ന ഇന്ത്യന്‍ ഫുട്ബോള്‍ ടീം’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ ചിത്രത്തില്‍ കാണും വിധം ഇന്ത്യന്‍ ടീം ബൂട്ട് ധരിക്കാതിരുന്നത് പണമില്ലാത്തതിനാലാണെന്നും സര്‍ക്കാര്‍ സ്പോണ്‍സര്‍ഷിപ്പ് കുറവായിരുന്നുമെന്നാണ് സോഷ്യല്‍ മീഡിയ പ്രചരിപ്പിച്ചത്.
ഇക്കാരണത്താലാണ് മത്സരത്തില്‍ ഇന്ത്യ ഫ്രാന്‍സിനോട് (1-2 ന്) തോല്‍വി വഴങ്ങിയതെന്നും പ്രചരിച്ചിരുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ എല്ലാം അസത്യമാണ്. ഒളിമ്പിക്സിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ‘ഇന്ത്യന്‍ ഫുട്ബോള്‍ അറ്റ് ദി ഒളിമ്പിക്സ്’ എന്ന വിശദമായ വിവരണത്തില്‍, 1948 ജൂലൈ 31 ന് നടന്ന ഈ മത്സരത്തില്‍ ഇന്ത്യന്‍ ടീമിലെ 11 ടീമംഗങ്ങളില്‍ എട്ട് പേരും ബൂട്ട് ധരിക്കാതിരുന്നത് സ്വന്തം തീരുമാനത്താലാണെന്ന് പറയുന്നു.
ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ താലിമെറെന് ആവോ യെ ഉദ്ധരിച്ചുള്ള ബ്ലോഗ് റിപ്പോര്‍ട്ട് ചെയ്യുന്നത് ഇങ്ങനെയാണ് – ”ശരി, നിങ്ങള്‍ നോക്കൂ, ഞങ്ങള്‍ ഇന്ത്യയില്‍ ഫുട്ബോള്‍ കളിക്കുന്നു, നിങ്ങള്‍ ബൂട്ട്ബോള് കളിക്കുന്നു!”, തന്റെ ടീം നഗ്നപാദരായി ഇറങ്ങിയതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഈസ്റ്റ് ലണ്ടനിലെ ക്രിക്കിള്ഫീല്ഡ് സ്റ്റേഡിയത്തിലെ നനവുള്ളതും വഴുവഴുപ്പുള്ളതുമായ ഗ്രൗണ്ടില്‍ ചെരുപ്പില്ലാതെ കളിക്കാന്‍ എട്ട് കളിക്കാര്‍ ഇഷ്ടപ്പെട്ടിരുന്നതായും അവരില്‍ പലരും കണങ്കാല് സ്ട്രാപ്പുകള്‍ ധരിച്ചിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.
2003ലെ സ്റ്റോറീസ് ഫ്രം ഇന്ത്യന്‍ ഫുട്ബോള്‍ എന്ന പുസ്തകത്തിന്റെ രചയിതാവായ ജയദീപ് ബസുവിന്റെ സ്ക്രോള്‍ ഡോട് ഇന്‍ ല്‍ പ്രസിദ്ധീകരിച്ച ലേഖനം പറയുന്നത് 1953 വരെ, ഫിഫയുടേത് ഉള്‍പ്പെടെ പല അന്താരാഷ്ട്ര ടൂര്‍ണമെന്റുകളിലും മത്സരങ്ങളില്‍ ഷൂ ധരിക്കുന്നത് സംബന്ധിച്ച് നിയന്ത്രണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ്.