അഹമ്മദാബാദ്: ഗാന്ധിനഗറില്‍ മീശ വെച്ചതിന് യുവാക്കളെ മര്‍ദ്ദിച്ചതില്‍ ഗുജറാത്തില്‍ വ്യത്യസ്ഥ പ്രതിഷേധം. ഗുജറാത്തില്‍ നിന്നുളള യുവാക്കള്‍ മീശ പിരിച്ച് നില്‍ക്കുന്ന ഫോട്ടോ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്താണ് പ്രതിഷേധം നടത്തുന്നത്.
രാജ്പുത് ജാതിക്കാരായ ആള്‍ക്കാര്‍ രണ്ട് യുവാക്കളെയാണ് കഴിഞ്ഞ മാസം മീശ വെച്ചതിന് മര്‍ദ്ദിച്ചത്. ലംബോദരയില്‍ സെപ്റ്റംബര്‍ 25നും 29നും രണ്ട് ദലിത് യുവാക്കളെ മേല്‍ജാതിക്കാരായ ചിലര്‍ മര്‍ദിച്ചിരുന്നു. ഇതില്‍ 25ന് നടന്ന ആക്രമണത്തില്‍ പരിക്കേറ്റ പീയുഷ് പര്‍മാറിനൊപ്പമുണ്ടായിരുന്ന ഈ വിദ്യാര്‍ഥിക്കും മര്‍ദനമേറ്റിരുന്നു.

ദലിത് യുവാക്കള്‍ തങ്ങളെ പോലെ മീശ പിരിച്ചുവെയ്ക്കുന്നത് ചോദ്യം ചെയ്തായിരുന്നു മേല്‍ജാതിക്കാരുടെ ആക്രമണം. രണ്ട് സംഭവങ്ങളിലും പൊലീസ് കേസെടുത്തിട്ടുണ്ട്. അക്രമത്തില്‍ പ്രതിഷേധസൂചകമായി വാട്‌സ്ആപ്പ് ഡിസ്‌പ്ലേയിലും ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും മീശ പിരിച്ച് നില്‍ക്കുന്ന സെല്‍ഫികള്‍ വ്യാപകമായി പ്രചരിച്ചു.

സ്‌കൂളില്‍ നിന്ന് വരികയായിരുന്ന വിദ്യാര്‍ഥിക്ക് നേരെയായിരുന്നു ആദ്യ ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ രണ്ട് പേരാണ് വിദ്യാര്‍ഥിയെ ആക്രമിച്ചത്. ആക്രമികള്‍ മുഖം മറച്ചിരുന്നു. വിദ്യാര്‍ഥിക്ക് ഏഴ് സ്റ്റിച്ചുണ്ട്. ശരീരമാകെ രക്തത്തില്‍ കുളിച്ച നിലയിലാണ് വിദ്യാര്‍ഥി വീട്ടിലേക്ക് ഓടിവന്നതെന്ന് സഹോദരി പറഞ്ഞു. ഉടന്‍ തന്നെ ഗാന്ധിനഗറിലുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

സെപ്തംബര്‍ 25ന് ആക്രമിക്കപ്പെട്ടപ്പോള്‍ പരാതി നല്‍കാന്‍ വിദ്യാര്‍ഥിയുടെ വീട്ടുകാര്‍ തയ്യാറായില്ലായിരുന്നു. പീയുഷ് പര്‍മാറും മറ്റൊരാളുമാണ് കേസില്‍ പരാതി നല്‍കിയത്. സ്‌കൂള്‍ വിദ്യാര്‍ഥിയായതിനാല്‍ അത് പഠനത്തെ ബാധിക്കുമെന്ന് കരുതിയാണ് കേസ് നല്‍കാതിരുന്നതെന്ന് സഹോദരി പറഞ്ഞു.

പട്ടേലുമാര്‍ നടത്തിയ നവരാത്രി ഗര്‍ബനൃത്തം നോക്കിനിന്നതിന് ആനന്ദിലെ ഭദ്രാനിയയില്‍ ഒരു ദലിത് യുവാവിനെ മര്‍ദിച്ചുകൊലപ്പെടുത്തിയ സംഭവം നടന്നിട്ട് രണ്ട് ദിവസം പിന്നിടുമ്പോഴാണ് വീണ്ടും ആക്രമണം ഉണ്ടായത്.

എട്ട് പട്ടേല്‍ യുവാക്കളെ ഈ കേസില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ രണ്ട് ഗ്രാമങ്ങളിലും അയിത്താചരണം നിലനില്‍ക്കുന്നുണ്ട്. പൊതുസ്ഥലങ്ങളില്‍നിന്ന് വെള്ളം കോരാനോ, ബാര്‍ബര്‍ ഷോപ്പില്‍ പോകാനോ, കളിസ്ഥലം ഉപയോഗിക്കാനോ ദലിതര്‍ക്ക് അനുവാദമില്ല. കൊലപാതകത്തില്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ട് ഒക്ടോബര്‍ അഞ്ചിന് ഇവിടത്തെ ദലിതര്‍ കളക്ടറേറ്റ് മാര്‍ച്ച് നടത്തിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook