കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്ന ഒരു ചിത്രമായിരുന്നു പഞ്ചാബ് പൊലീസിലെ എസ്എച്ച്ഒ ഹര്‍ലീന്‍ മാന്‍ എന്ന യുവതിയുടെ ഫോട്ടോ. പൊലീസ് യുണിഫോമില്‍ വാഹനത്തിലിരുന്ന് എടുത്ത സെല്‍ഫിയായിരുന്നു ട്വിറ്ററിലും ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും തരംഗമായത്. ‘സോഷ്യല്‍ മീഡിയയില്‍ ചിത്രം വൈറലായതോടെ എന്നെ ഒന്ന് അറസ്റ്റ് ചെയ്യു’ എന്ന് പറഞ്ഞ് കൊണ്ട് നിരവധിപേരാണ് രംഗത്ത് വന്നത്. ഇത്രയും സുന്ദരിയായ ഉദ്യോഗസ്ഥ പൊലീസില്‍ ഉണ്ടാകുമ്പോള്‍ അറസ്റ്റിനായി ആളുകള്‍ അങ്ങോട്ടുവരും എന്ന തരത്തിലായിരുന്നു പല കമന്റുകളും.

എന്നാല്‍ ഇത് യഥാര്‍ത്ഥ ഫോട്ടോയായിരുന്നില്ലെന്നതാണ് ട്വിസ്റ്റ്. ഫോട്ടോയില്‍ കാണുന്ന യുവതിയുടെ പേര് ഹര്‍ലീന്‍ മാന്‍ എന്നുമല്ല. പഞ്ചാബ് പൊലീസിലെ ഉദ്യോഗസ്ഥയുമല്ല ഇവര്‍. ബോളിവുഡ് നടിയായ കൈനാത്ത് അറോറയുടെ ചിത്രമായിരുന്നുപൊലീസ് ഓഫീസര്‍ എന്ന പേരില്‍ ഷെയര്‍ ചെയ്യപ്പെട്ടത്. ജഗ്ഗാ ജിന്‍ഡേയെന്ന പഞ്ചാബി ചിത്രത്തില്‍ അഭിനയിക്കാനാണ് അറോറ ഇവിടെയെത്തിയത്. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നും എടുത്ത ചിത്രമായിരുന്നു ഇത്.

സംഗതി വിവാദമായതോടെ കൈനാത് അറോറ തന്നെയാണ് വിശദീകരണവുമായി രംഗത്തെത്തിയത്. പ്രിയപ്പെട്ടവരേ ഹര്‍ലീം മാന്‍ എന്റെ കഥാപാത്രത്തിന്റെ പേരാണ്. പലരും തെറ്റിദ്ധരിച്ചാണ് ഈ ഫോട്ടോ ഷെയര്‍ ചെയ്യുന്നത്. ഞാന്‍ യഥാര്‍ത്ഥ പൊലീസല്ലെന്നും അറോറ പറയുന്നു. ലോകത്തിന്റെ വിവിധയിടങ്ങളില്‍ നിന്നുള്ളവരാണ് എനിക്ക് മെസ്സേജുകള്‍ അയക്കുന്നത്. അറസ്റ്റ് ചെയ്യപ്പെടാന്‍ തയ്യാറാണെന്ന തരത്തിലുള്ള രസകരമായ മെസ്സേജുകളാണ് പലതും. സിനിമ ലൊക്കേഷനില്‍ നിന്നെടുത്ത ചിത്രങ്ങളാണ് ഇതെന്നും തെറ്റിദ്ധരിക്കപ്പെടരുതെന്നും അറോറ വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook