വത്തിക്കാനിൽ മാത്രമല്ല സാമൂഹ്യമാധ്യങ്ങളിൽ മുഴുവനും ഇപ്പോൾ നതാലിയ ഗരീബോത്തോ എന്ന ബിക്കിനി മോഡലിന്റെ പേര് ചർച്ചയാണ്. ആഗോള കത്തോലിക്കാസഭ തലവൻ ഫ്രാൻസിസ് മാർപാപ്പയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് നതാലിയയുടെ ഒരു ചിത്രത്തിന് ലൈക്ക് കിട്ടിയതോടെയാണ് ഇത്.

2.4 മില്യൺ ഫോളോവേഴ്‌സ് ഉള്ള സെലിബ്രിറ്റി മോഡലാണ് നതാലിയ. ഒക്‌ടോബർ അഞ്ചിന് നതാലിയ പോസ്റ്റ് ചെയ്‌ത ചിത്രമാണ് സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ചകൾക്ക് കാരണമായത്. ഈ ചിത്രത്തിനു ലഭിച്ച ലക്ഷകണക്കിനു ലൈക്കുകളിൽ ഒരെണ്ണം ഫ്രാൻസിസ് പാപ്പയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നായിരുന്നു. സംഗതി വിവാദമായതോടെ നവംബർ 14 ന് ഈ ലൈക്ക് പിൻവലിച്ചു. നതാലിയയുടെ ചിത്രത്തിനു ഫ്രാൻസിസ് പാപ്പയുടെ അക്കൗണ്ടിൽ നിന്ന് എങ്ങനെ ലൈക്ക് ലഭിച്ചു എന്നതിൽ അന്വേഷണം നടക്കുന്നുണ്ട്.

ബ്രസീലിൽ നിന്നുള്ള ഹോട്ട് മോഡലാണ് 27 കാരിയായ നതാലിയ. നതാലിയയുടെ @natagata എന്ന ഇൻസ്റ്റഗ്രാം ഹാൻഡിൽ ഏറെ ഫോളോവേഴ്‌സുള്ളതാണ്. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ വളരെ മോഡേൺ ചിത്രങ്ങൾ പങ്കുവയ്‌ക്കുയാണ് നതാലി ചെയ്യാറുള്ളത്. ഇൻസ്റ്റഗ്രാമിലുള്ളതിനേക്കാൾ മോഡേൺ ആയ ചിത്രങ്ങൾ വെബ്‌സെെറ്റിലും പ്രസിദ്ധീകരിക്കും.

Read Also: സ്വവർഗാനുരാഗികൾക്ക് കുടുംബത്തിനകത്ത് ജീവിക്കാനുള്ള അവകാശമുണ്ട് അവർ ദൈവത്തിന്റെ മക്കളാണ്: ഫ്രാൻസിസ് മാർപാപ്പ

നതാലിയുടെ വെബ്‌സെെറ്റായി ‘natagata.com’ ലൂടെ ലെെംഗിക ചുവയുള്ള, ചൂടൻ ചിത്രങ്ങളും പങ്കുവയ്‌ക്കും. ഇൻസ്റ്റഗ്രാമിൽ സാത്താന്റെ കൊമ്പുള്ള ഇമോജി സഹിതം നതാലി പങ്കുവച്ച ചിത്രത്തിനാണ് ഫ്രാൻസിസ് മാർപാപ്പയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് ലെെക്ക് ലഭിച്ചത്. ഒരു അധ്യാപികയെ പോലെ പോസ് ചെയ്‌തുള്ള ചിത്രമായിരുന്നു അത്. ഈ ചിത്രത്തിനു അടിക്കുറിപ്പായി ‘ഞാൻ നിങ്ങളെ ഒന്നോ രണ്ടോ കാര്യങ്ങൾ പഠിപ്പിക്കാം’ എന്നാണ് നൽകിയിരിക്കുന്നത്. ഈ​ ചിത്രത്തിൽ ഫ്രാൻസിസ് പാപ്പയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് ലെെക്ക് കിട്ടിയതാണ് വലിയ വിവാദങ്ങൾക്ക് കാരണമായത്.

ഒരു കൂട്ടം പ്രൊഫഷണലുകളാണ് മാർപാപ്പയുടെ ട്വിറ്റർ, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ നിയന്ത്രിക്കുന്നത്. ട്വീറ്റുകൾക്കും പോസ്റ്റുകൾക്കും മാർപാപ്പയുടെ അനനുമതി വേണം. അടിയന്തര ഘട്ടങ്ങളിൽ സോഷ്യൽ മീഡിയയിൽ എന്തെങ്കിലും പോസ്റ്റ് ഇടണമെങ്കിൽ വിദഗ്‌ധ സംഘത്തിനു മാർപാപ്പ നിർദേശം നൽകുകയാണ് പതിവ്.

Read Also: ഭക്ഷണത്തിലൂടെയും ലെെംഗികതയിലൂടെയും ലഭിക്കുന്നത് ദെെവികമായ ആനന്ദം: ഫ്രാൻസിസ് മാർപാപ്പ

പൊതുവെ സോഷ്യൽ മീഡിയയിലെ പോസ്റ്റുകളൊന്നും ഫ്രാൻസിസ് പാപ്പയുടെ അക്കൗണ്ടിൽ നിന്ന് ലെെക്ക് ചെയ്യാറില്ല. മാർപാപ്പയിൽ നിന്നോ അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്നോ അല്ല നതാലിയുടെ ചിത്രത്തിനു ലെെക്ക് ലഭിച്ചിരിക്കുന്നത്. 7.4 മില്യൺ ഫോളോവേഴ്‌സാണ് മാർപാപ്പയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിനുള്ളത്. നതാലിയുടെ പേജ് മാർപാപ്പയുടെ അക്കൗണ്ട് ഫോളോ ചെയ്യുന്നില്ല. ഈ ലെെക്ക് വന്നിരിക്കുന്നത് അജ്ഞാതമായ ഏതോ ഉറവിടത്തിൽ നിന്നാണെന്ന് കരുതാമെന്നും ഇൻസ്റ്റഗ്രാമിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും വത്തിക്കാൻ വക്താവ് ദ ഗാർഡിയനോട് പറഞ്ഞു.

അതേസമയം, മാർപാപ്പയിൽ നിന്ന് ലഭിച്ച ലെെക്ക് വലിയൊരു കാര്യമായാണ് നതാലി കാണുന്നത്. “അവസാനം ഞാൻ ഇതാ സ്വർഗത്തിലേക്ക് പോകുന്നു,” ഫ്രാൻസിസ് പാപ്പയുടെ ലെെക്ക് കിട്ടിയതറിഞ്ഞ് നതാലി പ്രതികരിച്ചു. തനിക്ക് ലഭിച്ച ലെെക്ക് പോപ്പിൽ നിന്ന് കിട്ടിയ അനുഗ്രഹമാണെന്നും നതാലി കൂട്ടിച്ചേർത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook