നേസാമണിക്ക് വേണ്ടി ഉള്ളുരുകി ലോകം പ്രാര്‍ത്ഥിക്കുന്നു; മോദിയെ പോലും മറന്നു

നേസാമണിയ്ക്ക് മാത്രമല്ല, തങ്ങളുടെ ലാസര്‍ എളേപ്പന് വേണ്ടിയും പ്രാര്‍ത്ഥിക്കണമെന്നാണ് മലയാളികള്‍ പറയുന്നത്

ഒരു ഭാഗത്ത് മോദിയുടെ സത്യ പ്രതിജ്ഞ, മറ്റൊരു ഭാഗത്ത് ക്രിക്കറ്റ് ലോകകപ്പ്. ഇങ്ങനെ സംഭവബഹുലമായ കാര്യങ്ങള്‍ ലോകത്ത് നടക്കുമ്പോഴും ട്വിറ്റര്‍ ലോകം നേസാമണിയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയാണ്. ലോകം മൊത്തം പ്രേ ഫോര്‍ നേസാമണി എന്ന ഹാഷ് ടാഗുമായി നേസാമണി സുഖപ്പെടുന്നതിനായി പ്രാര്‍ത്ഥിക്കുകയാണ്.

ആരാണ് നേസാമണി എന്നല്ലേ? നേസാമണിയെ നമ്മളൊക്കെ അറിയും. 2001 ല്‍ പുറത്തിറങ്ങിയ ഫ്രണ്ട്‌സ് എന്ന തമിഴ് ചിത്രത്തില്‍ വടിവേലു അവതരിപ്പിച്ച കഥാപാത്രമാണ് കോണ്‍ട്രാക്ടര്‍ നേസാമണി. വിജയ്, സൂര്യ, ദേവയാനി തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങള്‍. മലയാളത്തിലെ ഹിറ്റ് ചിത്രമായ ഫ്രണ്ട്‌സിന്റെ തമിഴ് റീമേക്കാണിത്. മലയാളത്തില്‍ ജഗതി ശ്രീകുമാര്‍ ചെയ്ത ലാസര്‍ എളേപ്പന്‍ എന്ന കഥാപാത്രത്തിന്റെ തമിഴ് പതിപ്പാണ് നേസാമണി.

എങ്ങനെയാണ് നേസമാണിയ്ക്ക് വേണ്ടി ലോകം പ്രാര്‍ത്ഥിക്കാന്‍ തുടങ്ങിയത് എന്നല്ലേ, സംഗതി തുടങ്ങുന്നത് ഇവിടെയൊന്നുമല്ല, അങ്ങ് പാക്കിസ്ഥാനിലാണ്. ചുറ്റികയുടെ ചിത്രം പോസ്റ്റ് ചെയ്തു കൊണ്ട് ഇതെന്താണെന്ന് അറിയാണോ എന്ന് പാക്കിസ്ഥാനിലെ മീം പേജായ സിവില്‍ എഞ്ചിനീയറിങ് ലേണേഴ്‌സ് ചോദിക്കുകയായിരുന്നു. ഇതോടെയാണ് സംഭവം തുടങ്ങുന്നത്.

ചുറ്റിക കണ്ടതും ഏതോ ഒരു വടിവേലു ആരാധകന്‍ തിരിച്ചറിഞ്ഞു. ഈ സാധനം തലയില്‍ വീണ ഞങ്ങളുടെ നേസാമണി ചിറ്റപ്പന്‍ ഗുരുതരാവസ്ഥയിലാണെന്ന് ആശാന്‍ കമന്റ് ചെയ്ത്. തന്റെ സഹായിയുടെ കൈയ്യില്‍ നിന്നും ചുറ്റിക തെന്നി വീഴുകയായിരുന്നുവെന്നും ആശാന്‍ വച്ചു കാച്ചി. ചിത്രത്തില്‍ ചിരിപടര്‍ത്തിയ ആ രംഗം യഥാര്‍ത്ഥ സംഭവമായങ്ങ് വിവരിക്കുകയായിരുന്നു കക്ഷി. ഇതോടെ പാക്കിസ്ഥാനുകാര്‍ക്ക് വിഷമമായി. നേസാമണിക്ക് ഇപ്പോള്‍ എങ്ങനെയുണ്ടെന്നായി ചോദ്യം.

പിന്നെ സംഭവിച്ചത് ചരിത്രമാണ്. ട്വിറ്ററില്‍ #Pray_for_Neasamani ഹാഷ് ടാഗ് ട്രെന്റ് ആയി മാറുകയായിരുന്നു. സംഗതി തമിഴ്‌നാട്ടുകാര്‍ ആഘോഷമാക്കുന്നത് കണ്ട് സഹിക്കാതെ ചില മലയാളികളും രംഗത്തെത്തിയിട്ടുണ്ട്. 1999 ല്‍ പുറത്തിറങ്ങിയ നമ്മുടെ ഫ്രണ്ട്‌സാണല്ലോ ഒറിജിനല്‍. അതുകൊണ്ട് നേസാമണിയ്ക്ക് മാത്രമല്ല, തങ്ങളുടെ ലാസര്‍ എളേപ്പന് വേണ്ടിയും പ്രാര്‍ത്ഥിക്കണമെന്നാണ് മലയാളികള്‍ ഇപ്പോള്‍ പറയുന്നത്.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Who is contractor neasamani what happened to him262677

Next Story
റസ്റ്ററന്റ് അടുക്കളയിലെ സിങ്കിൽ ജീവനക്കാരന്റെ കുളി, പ്രതിഷേധം പുകയുന്നുamerica, kitchen bath, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express