അപ്രതീക്ഷിതമായി രണ്ടു മണിക്കൂറോളം നിലച്ച വാട്സ് ആപ്പ് സേവനങ്ങൾ പുനസ്ഥാപിച്ചിരിക്കുകയാണ് മെറ്റ. പെട്ടെന്ന് വാട്സ് ആപ്പ് സേവനങ്ങൾ തടസ്സപ്പെട്ടതോടെ മൊബൈൽ തകരാറാണെന്ന നിഗമനത്തിൽ ഫോണുകൾ റീസ്റ്റാർട്ട് ചെയ്തവരാണ് നല്ലൊരു പങ്ക് ഉപയോക്താക്കളും. ‘അപ്രതീക്ഷിതമായി പണി മുടക്കിയ വാട്സ് ആപ്പ്’ ആണ് ഇപ്പോൾ ട്രോളുകളിലെ താരം. നിരവധി ട്രോളുകളാണ് ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങളിലാണ് ഇന്ന് 12 മണിയോടെ വാട്സ്ആപ്പ് സേവനം തടസ്സപ്പെട്ടത്. സന്ദേശങ്ങൾ കൈമാറോനോ സ്വീകരിക്കാനോ കഴിഞ്ഞിരുന്നില്ല. യുകെയിലും വാട്സ്ആപ്പ് സേവനം നിലച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തിരുന്നു. ഇറ്റലി, തുർക്കി എന്നീ രാജ്യങ്ങളിലും വാട്സ്ആപ്പ് സേവനം നിലച്ചിരുന്നു. ഇതിനുപിന്നാലെ പ്രവർത്തനം നിലച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും സേവനം പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്നതായും മാതൃകമ്പനിയായ മെറ്റയുടെ വക്താവ് അറിയിച്ചു.
മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് നേരത്തെയും ഇത്തരത്തിൽ സാങ്കേതിക പ്രശ്നങ്ങൾ കാരണം പ്രവർത്തനം നിലച്ചിരുന്നു. എന്നാൽ ഇത്രയധികം സമയം പ്രവർത്തനം നിലയ്ക്കുന്നത് ഇതാദ്യമായാണ്.