സെന്റ് എറ്റിനിക്കെതിരായ മത്സരത്തില്‍ പാരിസ് സെന്റ് ജെര്‍മ്മന്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ജയിച്ചത്. എന്നാല്‍ സൂപ്പര്‍താരം നെയ്മറിന് മത്സരത്തില്‍ ഗോളുകളൊന്നും നേടാന്‍ കഴിഞ്ഞിരുന്നില്ല. പെനാള്‍ട്ടിയിലൂടെ ഗോള്‍ നേടാമെന്ന നെയ്മറിന്റെ അതിമോഹവും കളത്തില്‍ പൊലിയുന്നതിനാണ് ആരാധകര്‍ സാക്ഷ്യം വഹിച്ചത്.

എതിര്‍താരത്തിന്റെ പരുഷമായ കളിയെ തുടര്‍ന്ന് റഫറി പിഎസ്‍ജിക്ക് അനുകൂലമായി പെനാള്‍ട്ടി വിധിക്കുകയായിരുന്നു. ഉറുഗ്യന്‍ താരമായ എഡിസണ്‍ കവാനി ഉടന്‍ തന്നെ ബോള്‍ എടുത്ത് പെനാള്‍ട്ടി മാര്‍ക്ക് ചെയ്ത സ്ഥലത്തേക്ക് പോകാനൊരുങ്ങിയപ്പോഴാണ് നെയ്മറുടെ രംഗപ്രവേശം. താന്‍ പെനാള്‍ട്ടി എടുത്തോട്ടെ എന്ന് നെയ്മര്‍ കവാനിയോട് ചോദിക്കുകയായിരുന്നു.

എന്നാല്‍ വേണ്ടെന്ന് തലയാട്ടിയ കവാനി ബോളുമായി സ്പോട്ടിലേക്ക് പോയപ്പോള്‍ നെയമര്‍ തിരിഞ്ഞ് നടക്കുകയായിരുന്നു. കവാനി തന്റെ സ്വതസിദ്ധ ശൈലിയില്‍ പന്ത് വലയിലേക്ക് പായിക്കുകയും ചെയ്തു. ബാഴ്സിലോണയില്‍ ലയണല്‍ മെസിയുടെ നിഴലായി നടന്ന നെയ്മര്‍ കഴിഞ്ഞ മാസമാണ് ക്ലബ്ബ് വിട്ട് പിഎസ്‍ജിയില്‍ എത്തിയത്.

മെസി നെയമര്‍ക്ക് വേണ്ടി പെനാള്‍ട്ടി വിട്ടു നല്‍കാറുളളത് ആരാധകര്‍ പലപ്പോഴും സോഷ്യല്‍മീഡിയയില്‍ ചൂണ്ടിക്കാണിക്കാറുണ്ട്. പുതിയ വീഡിയോ പുറത്തുവന്നതോടെ നെയ്മറെ പരിഹസിച്ചാണ് ഫുട്ബോള്‍ പ്രേമികള്‍ രംഗത്തെത്തിയത്. പെനാള്‍ട്ടി വിട്ട് തരാന്‍ കവാനി മെസി അല്ലെന്നാണ് ചിലര്‍ കമന്റ് ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ