തായ് ലാന്‍ഡിലാണ് സംഭവം. ചിയാങ്ങ് മൈ എന്ന സ്ഥലം കാണാന്‍ എത്തിയ വെസ്റ്റ് വിര്‍ജീനിയ സ്വദേശി ഹന്നാ ഫ്രെന്‍ച്ചിക്കിന്‍റെ അടുത്തേക്ക് ഓടിയെത്തിയ കുട്ടിയാന അവരുടെ മടിയിലേക്ക്‌ വീണ് കൊഞ്ചുന്ന കാഴ്ച ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്.

കൂട്ടുകാരിയുമൊത്ത് തറയില്‍ ഇരിക്കുന്ന ഹന്നയുടെ അടുത്തേക്ക് കുട്ടിയാന ഓടി വരുന്നതും, അടുത്ത് പരിചയമുള്ള ഒരാളെപ്പോലെ പെരുമാറുകയും, മടിയില്‍ കിടകാനും കൊഞ്ചാനും ഒക്കെ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.  ഭാരം കാരണം ഇടയ്ക്ക് ഹന്നയുടെ പുറത്തു കൂടി വീഴുന്നുമുണ്ട് കുട്ടിയാന.  വീഡിയോയില്‍ ഉടനീളം കുട്ടിയാനയുടെ പ്രവര്‍ത്തികള്‍ ആസ്വദിച്ചു ചിരിക്കുന്ന ഹന്നയേയും കാണാം.

തായ് ലാന്‍ഡ് സന്ദര്‍ശനത്തിന്‍റെ ഭാഗമായി ചിയാങ്ങ് മൈ പടരാ ആന വളര്‍ത്തല്‍ കേന്ദ്രം കാണാന്‍ എത്തിയതായിരുന്നു അവര്‍. “ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള നിമിഷങ്ങളായിരുന്നു അത്. അതിന്‍റെ മാന്ത്രികതയില്‍ എന്‍റെ ജീവിതം തന്നെ മാറിപ്പോയി എന്ന് പറയാം”, സംഭവത്തെക്കുറിച്ച് ഹന്നാ ഫ്രെന്‍ച്ചിക്ക് സ്റ്റോറിഫുള്ളിനോട് പ്രതികരിച്ചതിങ്ങനെ.

ചിത്രം, വീഡിയോ: ഹന്നാ ഫ്രെന്‍ച്ചിക്ക്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ