അമേരിക്കയിലെ ഫാസ്റ്റ് ഫുഡ് റസ്റ്ററന്റായ വെൻഡിക്കെതിരെ സോഷ്യൽ മീഡിയയിൽ പരക്കെ പ്രതിഷേധം. റസ്റ്ററന്റിന്റെ അടുക്കളയിലെ സിങ്കിൽ ജീവനക്കാരൻ കുളിക്കുന്നതിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നതാണ് ഭക്ഷണപ്രേമികളെ ചൊടിപ്പിച്ചത്. മിൾട്ടൺ വെൻഡി റസ്റ്ററന്റിൽനിന്നും ഇനി ഒരാളും ഭക്ഷണം കഴിക്കരുതെന്നാണ് എന്റെ ഉപദേശമെന്നാണ് വീഡിയോ ഷെയർ ചെയ്ത ഹെലേയ് ലീച്ച് ഫെയ്സ്ബുക്കിൽ കുറിച്ചത്.

53 സെക്കൻഡ് ദൈർഘ്യമുളള വീഡിയോ ക്ലിപ്പിൽ റസ്റ്ററന്റിലെ ജീവനക്കാരനായ ഒരാൾ വസ്ത്രം അഴിച്ച് സിങ്കിൽ നിറച്ചിരുന്ന വെളളത്തിലേക്ക് ഇറങ്ങുന്നത് കാണാം. റസ്റ്ററന്റിലെ മറ്റു ജീവനക്കാർ യുവാവിനെ പ്രോത്സാഹിപ്പിക്കുന്നതും കാണാം. ചിലർ ജീവനക്കാരന്റെ കുളി മൊബൈലിൽ പകർത്തുകയും ചെയ്തു. സോഷ്യൽ മീഡിയ വഴി പുറത്തുവന്ന വീഡിയോ വളരെ വേഗത്തിലാണ് വൈറലായത്. ആയിരക്കണക്കിന് പേർ ഇതിനോടകം വീഡിയോ കണ്ടു കഴിഞ്ഞിട്ടുണ്ട്.

സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ പെൻസകോള ന്യൂസ് ജേർണലിൽ റസ്റ്ററന്റ് വാർത്താക്കുറിപ്പ് പുറത്തിറക്കി. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും ഉടൻ തന്നെ ജീവനക്കാരനെ പുറത്താക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.

അതേസമയം, ജീവനക്കാർ ചേർന്നുളള തമാശയായിരുന്നു ഇതെന്നും ജീവനക്കാരനെ ഉടൻ പുറത്താക്കുമെന്നും കമ്പനി മാർക്കറ്റിങ് ഡയറക്ടർ മൈക് ജോൺസൺ ന്യൂയോർക്ക് പോസ്റ്റിനോട് പറഞ്ഞു. റസ്റ്ററന്റിന്റെ ഗുണനിലവാരം ഉറപ്പുവരുത്താൻ കർശന നടപടികൾ സ്വീകരിക്കാൻ ഈ അവസരം ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ജീവനക്കാരനെ പിരിച്ചുവിടാത്തതിൽ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ഉയരുന്നുണ്ട്. ഇത്തരമൊരു മോശം പ്രവൃത്തി ചെയ്തയാളെ ഉടൻ പുറത്താക്കണമെന്നായിരുന്നു ചിലർ പറഞ്ഞത്. എന്നാൽ മറ്റു ചിലർ ഇതൊരു തമാശയായി കാണണമെന്ന അഭിപ്രായവുമായി രംഗത്തുവന്നിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook