ഫേസ്ബുക്കിൽ കൂട്ട ലോഗ് ഔട്ട്. സൈബർ ലോകത്ത് വീണ്ടും ആശങ്ക പരത്തി ഫേസ്ബുക്ക് അക്കൌണ്ടുകളിൽ സുരക്ഷ വീഴ്ച. ഇന്നലെ ഫേസ്ബുക്ക് പ്രോഡക്ട് മാനേജ്മെന്റ് വൈസ് പ്രസിഡന്റ് ഗയ് റോസന്റെ ബ്ലോഗാണ് ഫേസ്ബുക്ക് ഉപഭോക്താക്കൾക്കിടയിൽ പരിഭ്രാന്തി പരത്തുന്നത്.
90 ദശലക്ഷം ഫേസ്ബുക്ക് അക്കൗണ്ടുകൾ താനെ ലോഗ് ഔട്ടായെന്നാണ് ഗയ് റോസൺ പറയുന്നത്. ഈ അക്കൌണ്ടുകൾ ദുരുപയോഗം ചെയ്യപ്പെട്ടോ എന്ന കാര്യം വ്യക്തമല്ല. കാര്യങ്ങൾ അതിവേഗം മനസിലാക്കാനും കാര്യങ്ങൾ പഠിക്കാനും ഫേസ്ബുക്ക് നടപടി സ്വീകരിച്ചെന്നും അദ്ദേഹം ബ്ലോഗിൽ കുറിക്കുന്നു.
എന്നാൽ നിലവിൽ പാസ്വേർഡ് മാറ്റേണ്ട സാഹചര്യമില്ലെന്നും ഗയ് റോസൺ വ്യക്തമാക്കി. 50 ദശലക്ഷം അക്കൗണ്ടുകളെയാണ് നിലവിൽ ബാധിച്ചിരിക്കുന്നത്. 40 ദശലക്ഷത്തോളം അക്കൌണ്ടുകൾ നിരീക്ഷണത്തിലുമാണെന്നും മനസിലാക്കുന്നു. കഴിഞ്ഞ 25 തിയതി മുതൽ ഇത്തരത്തിൽ ലോഗ് ഔട്ടുകൾ കണ്ടുവരുന്നുണ്ടെന്നും റോസൺ പറയുന്നു.