ഒക്സ്ഫോർഡ് ഇംഗ്ലീഷ് ഭാഷാ നിഘണ്ടു അരിച്ചുകലക്കി കുടിച്ചിരിക്കുകയാണ് ശശി തരൂർ. ഒന്നിന് പുറകേ ഒന്നായി ഇദ്ദേഹം ഉപയോഗിക്കുന്ന കടുകട്ടി വാക്കുകൾക്ക് അർത്ഥം തിരയുന്ന ജോലി നല്ലൊരു ശതമാനം പേരും ശീലമാക്കിക്കഴിഞ്ഞു. ഇതോടെയാണ് കടുകട്ടി ഇംഗ്ലീഷ് വാക്കുകളുടെ അർത്ഥം തരൂർ തന്നെ ട്വീറ്റ് ചെയ്ത് തുടങ്ങിയത്.

സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട വാർത്തകളെ തുടർന്നാണ് ഈയടുത്ത് പ്രമുഖ മാധ്യമപ്രവർത്തകൻ അർണബ് ഗോസ്വാമിക്കെതിരെ തരൂർ കടുകട്ടി ഇംഗ്ലീഷിൽ വിമർശനം നടത്തിയത്. ഈ ട്വീറ്റിൽ ഉപയോഗിച്ച വാക്കുകളുടെ അർത്ഥം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായതുമാണ്.

എന്നാൽ ഇത്തവണ, അർത്ഥം തേടി ആരെയും അലയാൻ വിട്ടില്ല തരൂർ. ഇന്ത്യയിൽ അധികമാരും കേട്ടിട്ടില്ലാത്ത ആ വാക്കും അർത്ഥവും സ്വന്തം ട്വീറ്റിൽ അദ്ദേഹം വ്യക്തമാക്കി. ഇങ്ങിനെയൊരു ട്വീറ്റിന്റെ പുറകിലെന്താണെന്ന് അർത്ഥത്തിൽ നിന്ന് ഒറ്റയടിക്ക് എല്ലാവർക്കും മനസിലായി. മറ്റൊന്നുമല്ല, മഹാസഖ്യം പൊളിച്ച് ബിജെപിക്കൊപ്പം കൂട്ടുകക്ഷി ഭരണത്തിന് പോയ നിതീഷ് കുമാർ ആയിരുന്നു ഇര.

“ഇന്നത്തെ വാക്ക് എന്ന തലക്കെട്ടോടെ സ്നോളിഗോസ്റ്റർ എന്ന വാക്കിന്റെ യുഎസിലെ അർത്ഥം ശശി തരൂർ. “കൗശലക്കാരനും ആദർശമില്ലാത്തയാളുമായ രാഷ്ട്രീയ നേതാവ്”, മുള്ളും മുനയുമുള്ള ഒരു കൂരമ്പായി തന്നെ സമൂഹ മാധ്യമം ആ ട്വീറ്റിനെ ഏറ്റുപിടിച്ചു.

സമൂഹമാധ്യമങ്ങളിൽ യാതൊരു ആധികാരികതയുമില്ലാത്ത കാര്യങ്ങൾ കണ്ടപാതി വിശ്വസിക്കുന്ന ആളുകളെ രൂക്ഷമായി പരിഹസിക്കുന്ന രീതിയിൽ വെബഖൂഫ് എന്ന് പുതിയ ഹിംഗ്ലീഷ് വാക്ക് ട്വീറ്റ് ചെയ്തപ്പോഴുണ്ടായിരുന്ന സ്വീകാര്യത തന്നെയാണ് തരൂരിന് ഇത്തവണയും ലഭിച്ചത്.