നടൻ വിജയുമായി നടത്തിയ കൂടിക്കാഴ്​ച്ചക്ക്​ പിന്നാ​ലെയാണ് തിയറ്ററുകൾ പൂർണമായി തുറക്കുമെന്ന്​ പ്രഖ്യാപനവുമായി തമിഴ്​നാട്​ സർക്കാർ രംഗത്തെത്തിയത്. നൂറ്​ ശതമാനം ഇരിപ്പിടങ്ങളും ഉപയോഗിച്ചുകൊണ്ടായിരിക്കും തിയറ്ററുകൾ പ്രവർത്തിക്കുക. തിങ്കളാഴ്ചയാണ്​ ഇതുസംബന്ധിച്ച്​ അനുമതി നൽകിയത്​. ഈ അവസരത്തിൽ ഒരു ഡോക്ടർ വിജയ്ക്കും തമിഴ്നാട് സർക്കാരിനും എഴുതിയ കത്താണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

Read More: തമിഴ്‌നാട്ടിലെ തിയേറ്ററുകളിൽ നൂറു ശതമാനം ആളുകളെ പ്രവേശിപ്പിക്കാൻ തീരുമാനം

പ്രിയ നടൻ വിജയ് സാറിന്, സിലംബരസൻ സാറിന്, ബഹുമാന്യരായ തമിഴ്നാട് ഗവൺമെന്റിന്,

ഞാന് ക്ഷീണിതനാണ്. ഞങ്ങൾ എല്ലാവരും ക്ഷീണിതരാണ്. എന്നെപ്പോലുള്ള ആയിരക്കണക്കിന് ഡോക്ടർമാർ ക്ഷീണിതരാണ്. ആരോഗ്യ പ്രവർത്തകർ ക്ഷീണിതരാണ്. പോലീസ് ഉദ്യോഗസ്ഥർ ക്ഷീണിതരാണ്. സാനിറ്ററി തൊഴിലാളികൾ ക്ഷീണിതരാണ്.

അപ്രതീക്ഷിതമായ ഈ മഹാമാരിയിൽ ഉണ്ടാകുന്ന നാശനഷ്ടങ്ങൾ പരമാവധി കുറയ്ക്കാൻ ഗ്രൌണ്ട് ലെവലിൽ നിന്ന് പരമാവധി കഷ്ടപ്പെടുകയാണ് ഞങ്ങൾ. ഞങ്ങളുടെ ജോലിയെ ഞാൻ മഹത്വവത്കരിക്കുന്നില്ല, കാരണം കാഴ്ചക്കാരന്റെ കണ്ണിൽ ഇതിനത്ര വലുപ്പമൊന്നും ഇല്ലെന്ന് എനിക്കറിയാം. ഞങ്ങൾക്ക് മുന്നിൽ ക്യാമറകളില്ല. ഞങ്ങൾ സ്റ്റണ്ട് സീക്വൻസുകൾ ചെയ്യില്ല. ഞങ്ങൾ ഹീറോകളല്ല. എന്നാൽ ശ്വസിക്കാൻ കുറച്ച് സമയം ഞങ്ങൾ അർഹിക്കുന്നു. ആരുടെയെങ്കിലും സ്വാർത്ഥതയ്ക്കും അത്യാഗ്രഹത്തിനും ഇരയാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല.

മഹാമാരി ഇനിയും അവസാനിച്ചിട്ടില്ല. ഈ ദിവസം വരെ രോഗം ബാധിച്ച് ആളുകൾ മരിക്കുന്നു. തിയേറ്ററുകളിൽ നൂറു ശതമാനം ആളുകളെ പ്രവേശിപ്പിക്കാനുള്ള​ തീരുമാനം ആത്മഹത്യാപരമാണ്. ഇത് നരഹത്യയാണ്, കാരണം പോളിസി മേക്കേർമാരോ ഹീറോകളോ ആരും തന്നെ ജനക്കൂട്ടത്തിനിടയിലിരുന്ന് സിനിമ കണ്ട് സ്വന്തം ജീവൻ അപകടത്തിലാക്കുമെന്ന് എനിക്കു തോന്നുന്നില്ല. ഇത് നഗ്നമായ ഒരു ബാർട്ടർ സംവിധാനമാണ്, പണത്തിനായി ജീവിതം വ്യാപാരം ചെയ്യുന്നു.

നമുക്ക് പതുക്കെ പതുക്കെ ശ്രമിച്ച് നമ്മുടെ ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സമാധാനപരമായി ഈ മഹാമാരിയെ മറികടക്കാനും സാധിക്കില്ലേ?

ഈ കുറിപ്പ് ശാസ്ത്രീയമാക്കാനും നാം എന്തുകൊണ്ടാണ് ഇപ്പോഴും അപകടത്തിലായിരിക്കുന്നത് എന്ന് വിശദീകരിക്കാനും ഞാൻ ആഗ്രഹിച്ചു. പക്ഷെ അതുകൊണ്ട് എന്താണ് കാര്യം എന്ന് ഞാൻ എന്നോട് തന്നെ ചോദിച്ചു.

തളർച്ചയോടെ,

തളർന്ന ഒരു പാവം ഡോക്ടർ

Dear Actor Vijay sir, Silambarasan sir and the respected Govt. of TamilNadu,

I am tired. We are all tired. Thousands…

Posted by Aravinth Srinivas on Monday, 4 January 2021

കഴിഞ്ഞദിവസമാണ് തമിഴ്നാട്ടിലെ തിയേറ്ററുകളിൽ മുഴുവൻ സീറ്റുകളിലും കാണികളെ അനുവദിച്ചു കൊണ്ട് സർക്കാർ ഉത്തരവിറക്കിയത്. കോവിഡ് കേസുകൾ കുറയുന്നത് കണക്കിലെടുത്താണ് തീരുമാനമെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു.

പകുതി സീറ്റുകളിൽ മാത്രം കാണികളെ പ്രവേശിപ്പിക്കാൻ അനുവദിച്ചു കൊണ്ട് പ്രദർശനം തുടരുന്നത് കടുത്ത നഷ്ടമുണ്ടാകുന്നതിനാൽ നിയന്ത്രണം നീക്കണമെന്ന് തീയേറ്റർ ഉടമകൾ ആവശ്യപ്പെട്ടിരുന്നു. കേന്ദ്രസർക്കാർ മാനദണ്ഡം മറികടന്നാണ് തമിഴ്‌നാട് ചീഫ് സെക്രട്ടറി പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്.

ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ്‌യുടെ ‘മാസ്റ്റർ’ ഈ മാസം 13 ന് തിയറ്ററിലെത്തുന്ന സാഹചര്യത്തിൽ കൂടിയാണ് തീരുമാനം. വിജയ്‌യും തിയേറ്റർ ഉടമകളും ഈ ആവശ്യം ഉന്നയിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസാമിയെ കണ്ടിരുന്നു.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘മാസ്റ്ററി’ല്‍ വിജയ്‌ക്കൊപ്പം വിജയ് സേതുപതിയും വേഷമിടുന്നുണ്ട്. രവിചന്ദര്‍ ശന്തനു, ഭാഗ്യരാജ്, മാളവിക മോഹനന്‍, ആന്‍ഡ്രിയ എന്നിവരും സിനിമയില്‍ മറ്റ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook