/indian-express-malayalam/media/media_files/uploads/2018/11/baby-rahman-song-o-cheliya-759-002.jpg)
കഴിവുളളവര്‍ക്ക് പ്രശസ്തി നേടിക്കൊടുക്കുന്നതില്‍ ഏറെ മുന്നിലാണ് സോഷ്യൽ മീഡിയ. കമലിന്റെ വിശ്വരൂപം എന്ന സിനിമയിലെ 'ഉന്നെ കാണാതെ നാൻ ഇല്ലൈ' എന്ന പാട്ട് പാടിയ രാകേഷ് എന്ന കൂലിപ്പണിക്കാരനായ യുവാവിനെ സോഷ്യൽ മീഡിയയിൽ താരമാക്കിയിരുന്നു. ഇതിന് പിന്നാലെ അദ്ദേഹത്തെ തേടി പ്രമുഖരും എത്തിയത് വാര്‍ത്തയായി. കമൽഹാസൻ എഴുതി ശങ്കർ മഹാദേവനും കമലും ചേർന്ന് പാടിയ പാട്ടായിരുന്നു വിശ്വരൂപത്തിലേത്.
തന്റെ പാട്ട് പാടിയ കലാകാരനെ നേരിട്ട് കാണാൻ കമൽഹാസൻ ആ​ഗ്രഹം പ്രകടിച്ചു. അങ്ങനെ രാകേഷ് ചെന്നൈയിലെത്തി ഉലകനായകനെ നേരിട്ട് കണ്ട് അദ്ദേഹത്തിന്റെ മുന്നിലിരുന്ന് പാടി. തന്റെ അടുത്ത ചിത്രത്തിൽ പാടാനുള്ള അവസരവും കമൽ വാ​ഗ്‌ദാനം ചെയ്തു. ശങ്കർ മഹാദേവന്റെ ശബ്ദത്തിൽ പാടുന്ന മലയാളിയെ തമിഴ് മാധ്യമങ്ങളും ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചത്.
ഇതിന് പിന്നാലെയാണ് മറ്റൊരു സ്ത്രീ മധുരമായ ശബ്ദം കൊണ്ട് സോഷ്യൽ മീഡിയയുടെ പ്രശംസ പിടിച്ചു പറ്റുന്നത്. തെലുങ്കില്‍ പ്രഭുദേവയും നഗ്മയും അഭിനയിച്ച 'പ്രേമിക്കുഡു' എന്ന ചിത്രത്തിലെ ഹിറ്റായി മാറിയ 'ഓ ചെലിയ' എന്ന ഗാനമാണ് മധ്യവയസ്കയായ സ്ത്രീ പാടുന്നത്. എ.ആര്‍.റഹ്മാന്‍ സംഗീതം നിര്‍വഹിച്ച ഗാനം പി.ഉണ്ണികൃഷ്ണനാണ് പാടിയിരിക്കുന്നത്. ഇതിന്റെ തമിഴ് പതിപ്പായ 'എന്നവളെ അടി എന്നവളെ' എന്ന ഗാനവും ഹിറ്റായിരുന്നു. വീട്ടു കോലായില്‍ ഇരുന്ന് 'ബേബി' പാട്ടുപാടി; കൈയ്യടിച്ച് സാക്ഷാല്‍ എ.ആര്‍.റഹ്മാന്‍
മധ്യവയസ്കയായ സ്ത്രീ ഈ ഗാനം പാടുന്നതിന്റെ വീഡിയോ വാട്സ്ആപ്പിലും ഫെയ്സ്ബുക്കിലും പ്രചരിച്ചു. ഇതോടെ വീഡിയോ സാക്ഷാല്‍ എ.ആര്‍.റഹ്മാന്റെ ശ്രദ്ധയിലും പെട്ടു. തന്റെ ഫെയ്സ്ബുക്ക് പേജില്‍ വീഡിയോ ഷെയര്‍ ചെയ്ത് അദ്ദേഹം അഭിനന്ദനവും അറിയിച്ചു. 'അറിയപ്പെടാത്ത, അജ്ഞാത, മനോഹരമായ ശബ്ദം,' എന്നാണ് എ.ആര്‍.റഹ്മാന്‍ കുറിച്ചിരിക്കുന്നത്.
അതേസമയം, ഇവര്‍ ആന്ധ്രാപ്രദേശിലെ വടിസലേരു ഗ്രാമത്തില്‍ നിന്നുളള ബേബി എന്ന സ്ത്രീയാണെന്ന് ചിലര്‍ ഫെയ്സ്ബുക്കില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. വീട്ടിന്റെ കോലായില്‍ ഇരുന്നാണ് ഇവര്‍ പാട്ട് പാടിയതെന്നും ചിലര്‍ കുറിച്ചിട്ടുണ്ട്. എ.ആര്‍.റഹ്മാന്‍ ഇവര്‍ക്ക് സിനിമയില്‍ പാടാന്‍ അവസരം നല്‍കണമെന്നാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയില്‍ ആവശ്യം ഉയരുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.