ബസ് സ്റ്റാൻഡിലെ ‘മാരിപ്രാവേ മാടപ്രാവേ ‘ ഡാൻസ് കൊണ്ട് വൈറലായ അമലിന്റെ പുതിയ വീഡിയോയും ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ഛോട്ടാമുംബൈയിലെ ‘ചെട്ടികുളങ്ങര ഭരണി നാളില്‍’ എന്ന ഗാനത്തിന് ചുവടുവെച്ചാണ് അമൽ വീണ്ടും ആരാധകരുടെ കയ്യടി വാങ്ങി കൂട്ടുന്നത്.
അന്ന് ബസ് സ്റ്റാൻഡ് ആയിരുന്നെങ്കിൽ ഇന്ന് തിരക്കുള്ള കൊച്ചിയിലെ ലുലു മാളാണ് അമല്‍ ഡാൻസിനായി തിരഞ്ഞെടുത്തിരിക്കുന്നത്. മാളിന്റെ ഇടനാഴികളിലൂടെ വ്യത്യസ്ത ചുവടുകൾ വച്ച് ആളുകളെ രസിപ്പിക്കുകയാണ് അമൽ. ചിത്രത്തിൽ മോഹൻലാൽ ധരിച്ചത് പോലുള്ള ചുവന്ന ഷർട്ടും പാന്റ്സും ധരിച്ചാണ് അമലിന്റെ ഡാൻസ്. ഒപ്പം അമലിന്റെ ഐകോണിക്ക് കണ്ണടയും ഉണ്ട്.
നേരത്തെ വീഡിയോ വൈറലായത് കൊണ്ടുതന്നെ ചിലരെങ്കിലും അമലിനെ തിരിച്ചറിയുകയും ഒപ്പം കൂടുകയും ചെയ്യുന്നുണ്ട്. പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടൻ അക്ഷയ് രാധാകൃഷ്ണനും അമലിനോപ്പം ചുവടുവെക്കുന്നുണ്ട്. ഒരു സിനിമയുടെ പ്രിവ്യു ഷോയിനായി മാലിലെത്തിയ അക്ഷയ് അമലിനെ കണ്ട് ഒപ്പം ചുവടുവെക്കുകയായിരുന്നു.
എറണാകുളം വൈപ്പിൻ സ്വദേശിയാണ് അമൽ ജോൺ. പറവൂർ ബസ് സ്റ്റാൻഡിൽ അപരിചിതരായ കുറെ ആളുകളുടെ മുന്നിൽ പൂക്കൾ ഷർട്ടും, വെള്ള പാന്റും, സൺഗ്ലാസും വെച്ച് വ്യത്യസ്തമായ ചുവടുകൾ വച്ചാണ് അമൽ ദിവസങ്ങൾക്ക് മുൻപ് സോഷ്യൽ മീഡിയയുടെ മനം കവർന്നത്. പറവൂർ ബസ് സ്റ്റാൻഡിലാണ് അമൽ ആടിത്തിമിർത്തത്. നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയ വീഡിയോ ഏറ്റെടുത്തത്.