ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഒരു അഡാറ് ലൗ. ചിത്രം പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ ചര്‍ച്ചയായി മാറിയിരിക്കുകയാണ് പുറത്തിറങ്ങിയ മാണിക്യ മലരായ പൂവി ‘ എന്ന ഗാനം. പാട്ടിലെ ഒരു രംഗം കൊണ്ട് സോഷ്യല്‍ മീഡിയ കയ്യടിക്കിയിരിക്കുകയാണ് പുതുമുഖ നായികയായ പ്രിയ വാര്യര്‍ എന്ന തൃശൂരുകാരി.

ചെറിയൊരു വേഷം ചെയ്യാന്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ കൂട്ടത്തില്‍ എത്തിയ പെണ്‍കുട്ടി ചിത്രത്തില്‍ ഒരു നായികയായി മാറുകയായിരുന്നു. ഒരു ദിവസം കൊണ്ട് ഇത്രയൊക്കെ സംഭിക്കുമെന്ന് താന്‍ കരുതിയില്ലെന്ന് പ്രിയ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. കേരളത്തിലെ ആണ്‍പിള്ളേരുടെ മുഴുവന്‍ ഹൃദയം കീഴടക്കിയ പാട്ടിലെ രംഗം വാട്സ്ആപ് സ്റ്റാറ്റസുകളും ഫെയ്സ്ബുക്ക് വാളുകളും കീഴടക്കി. എവിടെ തിരിഞ്ഞാലും ഈ പാട്ടിലെ രംഗം മാത്രമേ കേള്‍ക്കാന്‍ കഴിയൂ എന്ന് വന്ന ഘട്ടത്തില്‍ ‘ദയവ് ചെയ്ത്’ വെറുപ്പിക്കരുതെന്നും മലയാളി കൈകൂപ്പി അപേക്ഷിച്ചു.

എന്നാല്‍ പാട്ടും രംഗവും ഇപ്പോള്‍ കേരളാ അതിര്‍ത്തി കടന്നിരിക്കുകയാണ്. അതും തമിഴ്നാട്ടിലേക്കും കര്‍ണാടകയിലേക്കും മാത്രമല്ല പോയത്. ഉത്തരേന്ത്യന്‍ ഫെയ്സ്ബുക്ക് പേജുകളിലും വാട്സ്ആപ്പ് അക്കൗണ്ടുകളിലും ഗാനവും രംഗവും പ്രചരിക്കപ്പെട്ടു. കൂടാതെ മീമുകളിലും പ്രിയ വാര്യര്‍ നിറഞ്ഞു.

എന്തായാലും ഒരൊറ്റ പാട്ടിലൂടെ വൈറലായി മാറിയതിന്റെ സന്തോഷത്തിലാണ് നായിക. എന്നാല്‍ പ്രേമത്തിലെ മേരിയുടെ ഗതി ആവാതിരിക്കട്ടേയെന്നാണ് ചിലര്‍ക്ക് ആശംസിക്കാനുളളത്. പാട്ട് പുറത്തിറങ്ങിയതിന് പിന്നാലെ തന്നെ ഒരുപാടുപേര്‍ വിളിച്ച് അഭിനന്ദിക്കുന്നുണ്ടെന്നും പ്രിയ പറഞ്ഞു.