കൊച്ചു കുട്ടികളെ ഫ്രാൻസിസ് മാർപാപ്പയ്ക്ക് വലിയ ഇഷ്ടമാണ്. കുഞ്ഞുങ്ങളെ ഉമ്മ വയ്ക്കുകയും താലോലിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഇടയ്ക്കിടെ പുറത്തുവരാറുണ്ട്. എപ്പോഴൊക്കെ അദ്ദേഹം വിശ്വാസികളെ കാണാനായി എത്തുന്പോഴും അക്കൂട്ടത്തിൽ നിരവധി കുട്ടികളുമുണ്ടാകും. എല്ലാ മാതാപിതാക്കളും മാർപാപ്പയുടെ അടുത്തേക്ക് അദ്ദേഹത്തിന്റെ കര സ്പർശം ഏറ്റുവാങ്ങാനായി മക്കളെ കൊണ്ടുപോകും. അദ്ദേഹം അവരെ വാരിയെടുത്ത് സ്നേഹം നൽകുകയും ചെയ്യാറുണ്ട്.

എന്നാൽ മാർപാപ്പയ്ക്ക് ഒരു ചെറിയ പെൺകുട്ടി കൊടുത്ത പണിയാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. മൗണ്ടൻ ബുട്ടോറാക് എന്ന വ്യക്തി തന്റെ മകൾക്കൊപ്പം മാർപാപ്പയെ കാണാൻ ചെന്നു. മാർപാപ്പ അവൾക്ക് സ്നേഹത്തോടെ കവിളിൽ ഉമ്മ നൽകി. എന്നാൽ ഈ സമയം അവൾ മാർപാപ്പയുടെ തൊപ്പി കൈക്കലാക്കി. ചിരിച്ചുകൊണ്ട് മാർപാപ്പ അവളുടെ കൈയ്യിൽനിന്നു തൊപ്പി വാങ്ങി തിരികെ തലയിൽ വച്ചു. മാർപാപ്പയുടെ കൂടെ ഉണ്ടായിരുന്നവർക്കും ഈ കൊച്ചു മിടുക്കിയുടെ പ്രവൃത്തി കണ്ട് ചിരിയടക്കാനായില്ല.

മൗണ്ടൻ ബുട്ടോറാക് തന്റെ ട്വിറ്റർ പേജിലൂടെ ഈ വിഡിയോ പങ്കുവച്ചു. 13 ലക്ഷത്തോളം റീട്വീറ്റാണ് വിഡിയോയ്ക്ക് ഉണ്ടായത്. മാർപാപ്പയ്ക്ക് പണി കൊടുത്ത കൊച്ചു പെൺകുട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ