പ്രായമായി എന്ന കാരണം പറഞ്ഞ് ചടഞ്ഞ് കൂടിയിരിക്കുന്നവര്‍ക്ക് പാഠമാണ് ഈ മുത്തശ്ശി. 102 വയസ് പ്രായമുളള ഓസ്ട്രേലിയക്കാരി ലോകത്തിലെ ഏറ്റവും പ്രായം കൂടിയ സ്കൈ ഡൈവര്‍ ആയി മാറിയിരിക്കുകയാണ്. ഐറീന്‍ ഓഷി എന്ന മുത്തശ്ശി 14,000 അടി ഉയരത്തില്‍ നിന്നാണ് ചാടിയത്. കൂടെ 24 വയസുകാരിയായ പാരാമെഡിക് പരിശീലക ജെഡ് സ്മിത്തും ഉണ്ടായിരുന്നു.

തന്റെ 100ാം ജന്മദിനത്തിലാണ് ഐറീന്‍ ആദ്യമായി സ്കൈ ഡൈവിങ് ചെയ്തത്. ദക്ഷിണ ഓസ്ട്രേലിയയില്‍ വെച്ചാണ് പുതിയ നേട്ടം അമ്മുമ്മ കൈവരിച്ചത്. മോട്ടോര്‍ ന്യൂറോണ്‍ രോഗം ബാധിച്ചവരെ സംരക്ഷിക്കാനായി നടത്തുന്ന ഒരു സന്നദ്ധ സംഘടനയ്ക്ക് വേണ്ടി പണം സ്വരൂപിക്കാനുളള ദൗത്യം മുന്നില്‍ വെച്ചാണ് ഐറീന്‍ സാഹസത്തിന് മുതിര്‍ന്നത്.

67കാരിയായ തന്റെ മകള്‍ ന്യൂറോണ്‍ രോഗം ബാധിച്ച് മരിച്ചതിന് പിന്നാലെയാണ് ഐറീന്‍ രോഗത്തിനെതിരെ അവബോധം ഉണര്‍ത്താന്‍ രംഗത്തെത്തിയത്. ഇതുവരെ സന്നദ്ധ സംഘടന 12,000 ഡോളര്‍ സ്വരൂപിച്ച് കഴിഞ്ഞു.
ദക്ഷിണ ഓസ്ട്രേലിയയിലെ ഒരു സ്കൈ ഡൈവിങ് കേന്ദ്രത്തിലാണ് റെക്കോര്‍ഡ് പ്രകടനം നടന്നത്. ന്യൂ ജഴ്സിക്കാരിയുടെ 2017ലെ റെക്കോര്‍ഡാണ് ഇപ്പോള്‍ ഐറീന്‍ മറികടന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook