ന്യൂഡല്‍ഹി: മനുഷ്യവാസമുള്ള സ്ഥലങ്ങളിലേക്ക് പുലി ഇറങ്ങുന്ന സംഭവങ്ങള്‍ ഇന്ത്യയില്‍ പതിവായിരിക്കുകയാണ്.പൊതുനിരത്തിലൂടെ യാത്ര ചെയ്യുന്നവരെ പിന്തുടര്‍ന്ന് ആക്രമിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ജനത്തിന് നേരെ പാഞ്ഞടുക്കുന്ന പുലിയെ പ്രതിരോധിക്കാന്‍ ആളുകള്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. പുലിക്ക് നേരെ കല്ലെറിയുന്നതും ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ ഇതെല്ലാം പുലിയെ കൂടുതല്‍ അക്രമസക്തമാക്കുകയായിരുന്നു.
കര്‍ണാടകയിലെ മൈസൂരില്‍ നിന്നുള്ളതാണ് വീഡിയോ എന്നാണ് റിപ്പോര്‍ട്ട്. ഫോറസ്റ്റ് ഓഫീസര്‍മാരായ സുശാന്ത നന്ദയും സാകേത് ബഡോളയുമാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. സെക്കന്‍ഡുകള്‍ ദൈര്‍ഘ്യമുള്ള വീഡിയോ ആരംഭിക്കുന്നത് പുള്ളിപ്പുലി ഒരു നായയെ പിന്തുടരുന്നതും ആളുകള്‍ ശബ്ദമുണ്ടാക്കുന്നതും കേള്‍ക്കുന്നു. റോഡിലൂടെ പോയ ബൈക്കിന് പുറകെ പിന്തുടര്‍ന്ന പുലി അപകടമുണ്ടാക്കുന്നു. യാത്രക്കാരനും കുട്ടിയും നിലത്ത് വീഴുന്നതും ദൃശ്യങ്ങളിലുണ്ട്. മറ്റൊരാള്‍ പുലിയെ കല്ലുകൊണ്ട് ആക്രമിക്കാന്‍ ശ്രമിക്കുന്നതാണ് വീഡിയോയുടെ അവസാന ഭാഗത്തുള്ളത്.
വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയാണ് പുലിയെ പിടികൂടിയത്. ”മൈസൂരില്‍ നിന്നുള്ള അസ്വസ്ഥതയുണ്ടാക്കുന്ന ദൃശ്യങ്ങള്‍. ആള്‍ക്കൂട്ടം പുലിയെ സമ്മര്‍ദത്തിലാക്കുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയാണ് പുലിയെ ശാന്തനാക്കിയത്. ഇത് കണ്ടു എന്നത് മാത്രമാണ് തെറ്റ്. വനം ഉദ്യോഗസ്ഥയായ സുശാന്ത നന്ദ വീഡിയോ പങ്കുവെച്ച് കുറിച്ചു.
വന്യമൃഗങ്ങളുടെ ആവാസ വ്യവസ്ഥകയില്‍ മനുഷ്യര്‍ കടന്ന് കയറുമ്പോള്‍ ഇതാണ് സംഭവിക്കുന്നത്, ”ഒരു ട്വിറ്റര്‍ ഉപയോക്താവ് അഭിപ്രായപ്പെട്ടു. ”മൃഗശാലയിലോ വനത്തിലോ സഫാരി പാര്‍ക്കിലോ ആയിരിക്കുമ്പോള്‍ എങ്ങനെ പെരുമാറണമെന്ന് നമ്മള്‍ സ്‌കൂളില്‍ പഠിപ്പിക്കുന്നു. എന്നാല്‍ ഒരു മൃഗം നഗരത്തില്‍ വരുമ്പോള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തീര്‍ച്ചയായും കൂടുതല്‍ അവബോധം ആവശ്യമാണ്,” മറ്റൊരാള്‍ പറഞ്ഞു.
ഊട്ടിയിലെ ജനവാസ മേഖലയില്‍ കടുവ ഇറങ്ങിയതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. സിസിടി കാമറയില്‍ കുടുങ്ങിയ കടുവയുടെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.