scorecardresearch
Latest News

കുലുങ്ങാത്ത വിശ്വാസം: നൂറുകണക്കിന് പേര്‍ മരിച്ച ഭൂമികുലുക്കത്തിലും പ്രാര്‍ത്ഥന പൂര്‍ത്തിയാക്കി ഇമാം

ഭൂമി കുലുക്കം തുടങ്ങിയപ്പോള്‍ ഇടത് കൈകൊണ്ട് ചുമരില്‍ പിടിച്ച് ഒരു കൈ നെഞ്ചോട് ചേര്‍ത്ത് ഇമാം ഓത്ത് തുടര്‍ന്നു

ഇന്തോനേഷ്യയില്‍ ഭൂമികുലുക്കത്തിനിടെ നിസ്കാരം പൂര്‍ത്തിയാക്കുന്ന ഇമാമിന്റെ വീഡിയോ സോഷ്യൽ മീഡിയയില്‍ വൈറലായി മാറി. ബാലിയിലെ ഒരു പള്ളിയില്‍ നിസ്കാരം നടക്കുമ്പോഴാണ് ഭൂചലനം ഉണ്ടായത്. ഞായറാഴ്ച ലോംബോക്ക് ദ്വീപിലുണ്ടായ ഭൂമികുലുക്കത്തില്‍ ബാലിയിലും ചലനം ഉണ്ടായിരുന്നു. ഭൂമികുലുങ്ങിയിട്ടും പ്രാര്‍ത്ഥന നിര്‍ത്താതെ നിസ്കാരം തുടര്‍ന്ന ഇമാമിനെ സോഷ്യൽ മീഡിയയില്‍ പ്രകീര്‍ത്തിച്ചു.

ഡെന്‍പാസറിലെ പള്ളിയില്‍ രാത്രി ഇഷാഇ് നിസ്കാരത്തിനിടെയാണ് റിക്ടര്‍ സ്കെയിലില്‍ 6.9 രേഖപ്പെടുത്തിയ ഭൂമികുലുക്കം ഉണ്ടായത്. ദൃശ്യങ്ങള്‍ ഫോണില്‍ ചിത്രീകരിച്ചതാണെന്നാണ് സൂചന. ഭൂമി കുലുക്കം തുടങ്ങിയപ്പോള്‍ ഇടത് കൈകൊണ്ട് ചുമരില്‍ പിടിച്ച് ഒരു കൈ നെഞ്ചോട് ചേര്‍ത്ത് ഇമാം ഓത്ത് തുടര്‍ന്നു. അതേസമയം അദ്ദേഹത്തിന്റെ പിന്നില്‍ അണിചേര്‍ന്നവരില്‍ ചിലര്‍ ഭയന്ന് ഓടിമാറി. മറ്റ് ചിലര്‍ ഇമാമിന്റെ കൂടെ പ്രാര്‍ത്ഥനയില്‍ മുഴുകി. കെട്ടിടം പൂര്‍ണമായും കുലുങ്ങുന്നത് ദൃശ്യങ്ങളില്‍ കാണാനാവും.

ഭൂമികുലുക്കത്തിനിടെ നിസ്കാരം കൈവിടാതെ ഇമാം പ്രാര്‍ത്ഥന തുടരുന്ന വീഡിയോ പള്ളി അധികൃതരാണ് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ വീഡിയോ വൈറലായി മാറി. 2 ലക്ഷത്തോളം പേര്‍ വീഡിയോ ഇതിനകം കണ്ടുകഴിഞ്ഞു. കൂടാതെ യൂട്യൂബിലും ട്വിറ്ററിലും വീഡിയോ പ്രചരിച്ചു.

ഞായറാഴ്ചയുണ്ടായ ഭൂമികുലുക്കത്തില്‍ 141 പേരാണ് മരിച്ചത്. ലോംബോക്കിലെ ചില പള്ളികളില്‍ പ്രാര്‍ത്ഥന നടക്കുമ്പോഴുണ്ടായ ഭൂചലനത്തില്‍ പള്ളിക്കെട്ടിടം തകര്‍ന്ന് നിരവധി പേര്‍ മരിച്ചു. നിരവധി കെട്ടിടങ്ങളും തകര്‍ന്നു. ഇപ്പോഴും നിരവധി പേര്‍ കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നെന്ന വിവരത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ബാലിയില്‍ കാര്യമായ നാശനഷ്ടങ്ങുണ്ടായിട്ടില്ല.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Watch indonesian imam leading prayer as quake hits goes viral