ന്യൂഡല്‍ഹി: വടക്കന്‍ ഡല്‍ഹിയിലെ റോഷനാര റോഡിലെ സ്വകാര്യ ഓഫീസില്‍ തീപിടുത്തത്തെ തുടര്‍ന്ന് കെട്ടിടം പൂര്‍ണമായും തകര്‍ന്ന് വീണു. താഴത്തെ നിലയില്‍ നിന്ന് തീ പടര്‍ന്നതാണ് കെട്ടിടം പൂര്‍മായും തകര്‍ന്ന് വീണതെന്ന് അധികൃതര്‍ പറഞ്ഞു. തീപിടുത്തത്തില്‍ ആര്‍ക്കും പരിക്കില്ല, തീപിടിത്തത്തിന് പിന്നിലെ കാരണം അറിയില്ലെന്നും അഗ്നിശമന ഉദ്യോഗസ്ഥര്‍ പറഞ്ഞു.
രാവിലെ 11.50 ഓടെയാണ് തീ പിടുത്തം ഉണ്ടാതായി വിവരം ലഭിച്ചത്. റോഷനാര റോഡിലുള്ള ജയ്പൂര്‍ ഗോള്‍ഡന്‍ ട്രാന്‍സ്പോര്‍ട്ട് കമ്പനിയുടെ ഓഫീസിലാണ് തീപിടുത്തമുണ്ടായത്. ഇവിടെ ഒരു ഫാക്ടറിയും ഉണ്ട്. 18 അഗ്‌നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയതായി ഡല്‍ഹി ഫയര്‍ സര്‍വീസസ് മേധാവി അതുല്‍ ഗാര്‍ഗ് പറഞ്ഞു.
താഴത്തെ നിലയില്‍ നിന്ന് മേല്‍ക്കൂരയിലേക്ക് തീ പടരുന്നതായി സ്ഥലത്തു നിന്നുള്ള ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. കെട്ടിടത്തിന്റെ ഘടന ദുര്‍ബലമായതിനാല്‍ മേല്‍ക്കൂരയും കെട്ടിടത്തിന്റെ മുകള്‍ ഭാഗവും തകര്‍ന്ന് വീഴുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് സമീപത്തെ വീടുകളിലേക്കും പുക കയറിയതായി നാട്ടുകാര്‍ ആരോപിച്ചു. നൂറിലധികം അഗ്‌നിശമന സേനാംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഉച്ചകഴിഞ്ഞ് 3 മണിയോടെ തീ നിയന്ത്രണവിധേയമാക്കിയതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. തീപിടിത്തത്തെക്കുറിച്ച് തങ്ങള്‍ക്ക് ഫോണ്‍ കോള്‍ ലഭിച്ചതായും ഒരു സംഘത്തെ അയച്ചതായും പൊലീസ് പറഞ്ഞു. സംഭവത്തില്‍ ഇതുവരെ കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല. തീപിടുത്തത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിക്കും.