വ്യാഴാഴ്ചയാണ് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ട്വന്റി 20 മൽസരങ്ങള്‍ക്ക് തുടക്കമായത്. മുല്‍ട്ടാന്‍ സുല്‍ത്താന്‍സും പെഷവാര്‍ സല്‍മിയും തമ്മിലായിരുന്നു ആദ്യ മൽസരം. ടൂര്‍ണമെന്റ് തുടങ്ങുന്നതിന് മുമ്പ് തന്നെ ആരാധകര്‍ സോഷ്യൽ മീഡിയയില്‍ സജീവമായിരുന്നു.

ഇത്തവണ പിഎസ്എല്ലില്‍ ആറ് ടീമുകളാണ് ഉളളത്. കറാച്ചി, ലാഹോര്‍, പെഷവാര്‍, ക്വറ്റ, ഇസ്‌ലാമാബാദ്, മുല്‍ട്ടാന്‍ എന്നിവയാണ് ടീമുകള്‍. മൽസരത്തിന് മുമ്പേ തന്നെ പാക് ബോളര്‍ വഹാബ് റിയാസ് വാര്‍ത്താ തലക്കെട്ടുകളിൽ ഇടംനേടിക്കഴിഞ്ഞു. അദ്ദേഹത്തിന്റെ പുതിയ ലുക്കാണ് ചര്‍ച്ചയായി മാറിയത്. ഓസ്ട്രേലിയന്‍ മുന്‍ താരം മിച്ചല്‍ ജോണ്‍സനെ പോലെ മീശ വളര്‍ത്തിയാണ് വഹാബ് ആരാധകരുടെ ശ്രദ്ധാ കേന്ദമായി മാറിയത്.

2013-14 സീസണില്‍ ആഷസ് പരമ്പരയ്ക്കിടെയായിരുന്നു ജോണ്‍സന്‍ പുതിയ ലുക്ക് പരീക്ഷിച്ചത്. പരമ്പര ഓസ്ട്രേലിയ 5-0ത്തിന് സ്വന്തമാക്കിയപ്പോള്‍ ജോണ്‍സന്‍ 34 വിക്കറ്റുകളാണ് പരമ്പരയില്‍ നേടിയത്. പിന്നീട് അദ്ദേഹം മീശ നീട്ടി വളര്‍ത്തിയാണ് അന്താരാഷ്ട്ര മൽസരങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഇത് പോലൊരു ഗംഭീര പ്രകടനം പ്രതീക്ഷിച്ചാണ് വഹാബ് മീശ വളര്‍ത്തിയതെന്നാണ് ആരാധകരുടെ പരിഹാസം. കുന്തമുന കണക്കെയുളള പന്തല്ല, അത്രയും പോന്ന ട്രോളുകളാണ് വഹാബിനെ കാത്തിരുന്നത്.

പുതിയ ലുക്ക് ജോണ്‍സനില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് കൊണ്ടാണോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറയുകയും ചെയ്തു. ‘ജോണ്‍സന്‍ ലോകത്തെ തന്നെ മികച്ച ബോളറാണ്. ആരെയെങ്കിലും പ്രചോദനം ഉള്‍ക്കൊണ്ട് എന്തെങ്കിലും ചെയ്യുന്നത് നമുക്ക് ഗുണം മാത്രമേ ചെയ്യുകയുളളൂ. ഞാന്‍ ജോണ്‍സനില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇത് ചെയ്തതെങ്കില്‍ അദ്ദേഹത്തോട് നന്ദി പറയാന്‍ ഞാന്‍ ഇഷ്ടപ്പെടും’, വഹാബ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ