കത്തിയെരിയുന്ന അച്ഛന്റെ ചിതയ്ക്കു മുന്നിൽനിന്ന് വിപ്ലവാഭിവാദ്യം മുഴക്കി യാത്രാമൊഴി നൽകി മകൻ. കായംകുളം നഗരസഭാകൗണ്‍സിലറും സിപിഎം പെരിങ്ങാല ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന വി.എസ്.അജയന്റെ സംസ്‌കാര ചടങ്ങിലായിരുന്നു അഭിവാദ്യം മുഴക്കിയുളള മകൻ അഭിജിത്തിന്റെ വികാരനിർഭരമായ യാത്രയയപ്പ്.

വീട്ടുവളപ്പിൽ ഒരുക്കിയ ചിതയ്ക്ക് തീകൊളുത്തിയപ്പോൾ സംസ്കാര ചടങ്ങിനെത്തിയ പാർട്ടി പ്രവർത്തകർ തങ്ങളുടെ പ്രിയ സഖാവിനായി അഭിവാദ്യം വിളിച്ചു. പ്രവർത്തകരുടെ മുദ്രാവാക്യം വിളി മൗനമായി കേട്ടുനിന്ന അഭിജിത് അവർ നിർത്തി ഇടത്തുനിന്നും മുദ്രാവാക്യം വിളിച്ചു തുടങ്ങി. ഇതോടെ മറ്റു പ്രവർത്തകരും മുദ്രാവാക്യം വിളികൾ ഏറ്റുവിളിച്ചു. എസ്എഫ്ഐ കായംകുളം മേഖല കമ്മിറ്റി അംഗമാണ് അഭിജിത്.

കായംകുളം നഗരസഭ കൗണ്‍സില്‍ യോഗത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ മര്‍ദ്ദനമേറ്റ് വി.എസ്.അജയൻ കുഴഞ്ഞുവീണിരുന്നു. പരുമല സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. നഗരത്തില്‍ സെന്‍ട്രല്‍ സ്വകാര്യ ബസ്‌ സ്‌റ്റാന്റിന്‌ സ്‌ഥലമെടുപ്പുമായി ബന്ധപ്പെട്ട്‌ കൂടിയ നഗരസഭാ കൗണ്‍സില്‍ യോഗത്തിലായിരുന്നു സംഘര്‍ഷം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook