രണ്ടു ദിവസമായി സോഷ്യൽ മീഡിയയിലെ താരം ബേബി വൃദ്ധി വിശാലാണ്. സീരിയൽ താരം അഖിൽ ആനന്ദിന്റെ വിവാഹവേദിയിൽ ചുവടുവെച്ച് വാട്സ് ആപ്പ് സ്റ്റാറ്റസുകളിലൂടെ താരമായ വൃദ്ധിക്കുട്ടിയെ തേടി മറ്റൊരു സന്തോഷംം കൂടി എത്തിയിരിക്കുകയാണ്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രമായ ‘കടുവ’യിലേക്കാണ് വൃദ്ധിയ്ക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്. പൃഥ്വിരാജിന്റെ മകളായിട്ടാണ് വൃദ്ധി അഭിനയിക്കുന്നത്.
‘മഞ്ഞിൽ വിരിഞ്ഞ പൂവ്’ എന്ന സീരിയലിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന ബാലതാരമാണ് വൃദ്ധി. ഇത്ര ചെറുപ്പത്തിൽ തന്നെ ഞെട്ടിക്കുന്ന ഡാൻസ് പെർഫോമൻസാണ് വൃദ്ധി പല വേദികളിലും കാഴ്ച വയ്ക്കുന്നത്. അത്തരമൊരു പ്രകടനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിമാറിയത്.
‘മഞ്ഞിൽ വിരിഞ്ഞ പൂവ്’ എന്ന സീരിയലിൽ ‘പിച്ചാത്തി ഷാജി’ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അഖിൽ ആനന്ദിന്റെ വിവാഹാഘോഷത്തിനിടെയായിരുന്നു വൃദ്ധിയുടെ തകർപ്പൻ പെർഫോമൻസ്. ഞൊടിയിടയിൽ ബേബി വൃദ്ധിയുടെ ഡാൻസ് വീഡിയോ നിരവധി പേരുടെ വാട്സാപ്പിൽ സ്റ്റാറ്റസ് ആയി മാറുകയായിരുന്നു. കൊച്ചി കുമ്പളങ്ങി സ്വദേശിയായ വിശാലിന്റേയും ഗായത്രിയുടേയും മകളാണ് ഈ യുകെജിക്കാരി.
Read More: സീരിയല്‍ നടന് അഖില്‍ ആനന്ദ് വിവാഹിതനായി
മാർച്ച് 15 നായിരുന്നു സീരിയൽ നടൻ അഖിൽ ആനന്ദിന്റെ വിവാഹം. വിവാഹ ഫോട്ടോ അഖിൽ തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. വധുവിന്റെ പേരോ മറ്റു വിവരങ്ങളോ അഖിൽ വെളിപ്പെടുത്തിയിട്ടില്ല. ‘മഞ്ഞിൽ വിരിഞ്ഞ പൂവി’ലെ മിക്ക താരങ്ങളും വിവാഹത്തിൽ പങ്കെടുത്തു. അഖിലിന് സീരിയൽ താരങ്ങളും ആരാധകരും വിവാഹ ആശംസകൾ നേർന്നിരുന്നു.