ന്യൂഡൽഹി: അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്ന സംഭവത്തിൽ വർഗ്ഗീയത കലർന്ന പരാമർശം നടത്തിയ വിരേന്ദർ സെവാഗ് മാപ്പു പറഞ്ഞു. മലയാളികളുടെ സംഘടിതമായ പ്രതിഷേധത്തിന് പിന്നാലെയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരത്തിന്റെ മാപ്പു പറച്ചിൽ. എന്നാൽ പിന്നീട് ഇദ്ദേഹം ഇത് പിൻവലിച്ചു.
കൊലയാളികളിൽ മുസ്‌ലിം നാമധാരികളെ മാത്രം എടുത്തുയർത്തിയാണ് സെവാഗ് ആദ്യം ട്വീറ്റ് ചെയ്തത്. “മധു ഒരു കിലോഗ്രാം അരി മോഷ്ടിച്ചു. ഹുസൈൻ, ഉബൈദ്, അബ്ദുൾ കരീം എന്നിവരുടെ കൂട്ടം പാവപ്പെട്ട ആദിവാസി യുവാവിനെ മർദ്ദിച്ച് കൊന്നു. ഇത് പരിഷ്കൃത സമൂഹത്തിന് ഒട്ടും യോജിച്ചതല്ല. എനിക്ക് ഈ സംഭവത്തിൽ അത്യധികം ലജ്ജ തോന്നുന്നു” എന്നാണ് വിരേന്ദർ സെവാഗ് ആദ്യം കുറിച്ചത്.
ഈ ട്വീറ്റിന് പിന്നാലെ വലിയ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ വീരേന്ദർ സെവാഗിന് എതിരെ ഉയർന്നത്. ഈ കേസിൽ 16 പേരാണ് ഇതുവരെ പിടിയിലായത്. ഇവരിൽ എല്ലാ മതവിഭാഗത്തിൽ നിന്നുളള ആളുകളും ഉണ്ട്. ഇത് വ്യക്തമാക്കിയാണ് മലയാളികൾ ഒന്നടങ്കം വിരേന്ദർ സെവാഗിനെ വിമർശിച്ചത്.
ആദ്യത്തെ ട്വീറ്റ് പിൻവലിച്ച സെവാഗ് താൻ മനഃപൂർവ്വം അപൂർണ്ണമായ വിവരങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ചില്ലെന്ന് വ്യക്തമാക്കി. രണ്ടാമത്തെ ട്വീറ്റിൽ അദ്ദേഹം ഇങ്ങിനെ കുറിച്ചു. “തെറ്റ് തിരുത്താതിരിക്കുക കൂടുതൽ ഗുരുതരമായ തെറ്റാണ്. ഈ സംഭവത്തിൽ കുറ്റക്കാരായ മറ്റുളളവരുടെ പേരുകൾ ഒഴിവാക്കിയതിൽ ഞാൻ മാപ്പു ചോദിക്കുന്നു. പക്ഷെ വർഗ്ഗീയ പരാമർശം നടത്താൻ ഞാൻ ഉദ്ദേശിച്ചിരുന്നില്ല. കൊലയാളികൾ മതപരമായി ഭിന്നിക്കപ്പെടുകയും അക്രമത്താൽ ഒന്നിക്കപ്പെടുകയും ചെയ്തു. അവിടെ സമാധാനം ഉണ്ടാകട്ടെ”, വിരേന്ദർ സെവാഗ് കുറിച്ചു.
എന്നാൽ മാപ്പു പറഞ്ഞ് അധികം താമസിയാതെ തന്റെ ഈ ട്വീറ്റും പിൻവലിച്ച സെവാഗ് മധുവിന്റെ കൊലപാതകത്തിൽ താൻ ഒന്നും പറഞ്ഞിട്ടില്ല എന്ന നിലപാടിലേക്ക് കാര്യങ്ങളെ എത്തിച്ചു.
ഹുസൈൻ (50), ഷംസുദ്ദീൻ (34), രാധാകൃഷ്ണൻ (34), അബൂബക്കർ (31), മരക്കാർ (33), അനീഷ് (30), സിദ്ധിഖ് (38), ഉബൈദ് (25), നജീബ് (33), ജൈജുമോൻ (44), അബ്ദുൾ കരീം (48), സജീവ് (30), സതീഷ് (39), ഹരീഷ് (34), ബൈജു (41), മുനീർ (28) എന്നിവരാണ് സംഭവത്തിൽ പിടിയിലായിരിക്കുന്ന പ്രതികൾ. ഇവർ 16 പേരെയും പിടികൂടിയതോടെയാണ് ആദിവാസികൾ മുക്കാലിയിലെ പ്രതിഷേധത്തിൽ നിന്ന് പിന്മാറിയത്.